വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന; പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്

വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന; പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്

ചങ്ങനാശേരി : വിമാന യാത്ര നിരക്ക് അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കമ്പനി നടപടിയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽ നിന്നും വേനലവധിക്കായി കുടുംബസമേതം നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് വിമാന യാത്ര നിരക്ക് വർദ്ധിപ്പിച്ച നടപടി കടുത്ത പ്രയാസത്തിലാക്കിയെന്ന് പ്രവാസി അപ്പോസ്തലേറ്റ് വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യവും കോവിഡ് മഹാമാരിയും മൂലം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഈ അവധികാലത്ത് നാട്ടിലെത്താൻ ഇരുട്ടടിയാണ് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധനവ്.

അവധിക്കാലത്ത് പ്രിയപ്പെട്ടവരെ കാണാനും അവരോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കാനും നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത നൽകികൊണ്ട് അനുദിനം വിമാന യാത്രാക്കൂലി വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്‌ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര സംസ്ഥാന സർക്കാരുകളും നോർക്കയും ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അതിരൂപതാ കോർഡിനേറ്റർ ഷെവലിയാർ സിബി വാണിയപ്പുരക്കൽ അവതരിപ്പിച്ചു. ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളത്തിന്റെ അംഗീകാരത്തോടെ അവതരിപ്പിച്ച പ്രമേയത്തെ ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം പിന്താങ്ങി.

ഈ വിഷയത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമങ്ങൾ കൊണ്ട് വരണമെന്നും ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം ആവശ്യപ്പെട്ടു.

ഇന്ധന വിലയിലെ വർധനയും ഡോളർ വിപണനത്തിലെ വ്യതിയാനങ്ങളും മറയാക്കി ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിൽ എത്തി തങ്ങളുടെ പ്രിയപ്പെട്ടവരേ കാണാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന് ഫാ. റ്റെജി പുതുവീട്ടിക്കളം കൂട്ടിച്ചേർത്തു.

തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും നോർക്കയുടെയും പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ തങ്കച്ചൻ പൊന്മാങ്കൽ, ഫാ. ജിജോ മാറാട്ടുകളം, ജോബൻ തോമസ്, രാജേഷ് കൂത്രപ്പള്ളി, ജെയിംസ് അരീക്കുഴി എന്നിവർ പ്രസംഗിച്ചു. ലൈസാമ്മ ജോസ് സ്വാഗതവും, ലിറ്റി വർഗീസ് നന്ദിയും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.