മരിയാനോ അര്‍ത്തിഗാസ്: നമ്മുടെ നൂറ്റാണ്ടിലെ പുരോഹിത ശാസ്ത്രജ്ഞന്‍

മരിയാനോ അര്‍ത്തിഗാസ്: നമ്മുടെ നൂറ്റാണ്ടിലെ പുരോഹിത ശാസ്ത്രജ്ഞന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തെട്ടാം ഭാഗം.

ക്കാലഘട്ടത്തില്‍ ജീവിച്ച ഒരു കത്തോലിക്കാ പുരോഹിതനായ ശാസ്ത്രജ്ഞനാണ് മരിയാനോ അര്‍ത്തിഗാസ്. തത്വശാസ്ത്ര ദൈവശാസ്ത്ര ശാസ്ത്ര മേഖലകളില്‍ ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. കത്തോലിക്കാ സഭ ശാസ്ത്രതിനു ചെയ്ത സംഭാവനകള്‍ സ്മരിക്കുമ്പോള്‍ പലരും അതെല്ലാം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കടന്നു പോയ ഒരു കാര്യമായാണ് ഗണിക്കുന്നത്.

എന്നാല്‍ ഈ കാലഘട്ടത്തിലും കത്തോലിക്കാ സഭയിലെ പുരോഹിതരും സന്യസ്തരും തങ്ങളെത്തന്നെ ശാസ്ത്രത്തിന്റെ വളര്‍ച്ചക്കായി സമര്‍പ്പിക്കുന്നുണ്ടെന്നതിന് ഏറെ ഉദാഹരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് മരിയാനോ അര്‍ത്തിഗാസ്.

സ്‌പെയിനിലെ സരഗോസ എന്ന സ്ഥലത്താണ് മരിയാനോ അര്‍ത്തിഗാസ് ജനിക്കുന്നത്. 1938 ഡിസംബര്‍ 15 നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മരിയാനോ ബാര്‍സലോണയിലേക്ക് പോയി. 1955 മുതല്‍ അവിടെ ഭൗതികശാസ്ത്രം പഠിച്ചു. 1960 ല്‍ ഭൗതികശാസ്ത്രത്തില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറേറ്റ് പഠനം ആരംഭിച്ചു. എന്നാല്‍ ഈ പഠനത്തിനിടയില്‍ അദ്ദേഹം കുറച്ച കാലം റോമിലേക്ക് പോയി.

സ്‌പെയിനില്‍ വെച്ചുതന്നെ ആരംഭിച്ചിരുന്ന വൈദിക പരിശീലനം പൂര്‍ത്തിയാക്കാനാണ് റോമില്‍ പോയത്. അദ്ദേഹം ഒപ്പുസ് ദേയി എന്ന ഒരു സഭയില്‍ അംഗമായിരുന്നു. ദൈവത്തിന്റെ പ്രവര്‍ത്തി എന്നാണ് ഒപ്പുസ് ദേയി എന്ന വാക്കിന്റെ അര്‍ഥം. ഇക്കാലയളവില്‍ ഒപ്പുസ് ദേയിയുടെ സ്ഥാപകനായ ഹോസെ മരിയ എസ്‌ക്രിവ (Josemaría Escrivá) രണ്ടാമത്തെ തലവനായ മോണ്‍സിഞ്ഞോര്‍ ആല്‍വാരോ ദെല്‍ പൊര്‍തിയ്യോ (Monsignor Álvaro del Portillo) എന്നിവരെ അദ്ദേഹം കണ്ടുമുട്ടി.

വിവിധ വിഷയങ്ങളിലുള്ള മരിയാനോയുടെ പാണ്ഡിത്യവും പ്രാഗത്ഭ്യവും അദ്ദേഹത്തെ വത്തിക്കാന്റെ വിവിധ സംഘങ്ങളില്‍ ഉള്‍പ്പെടാന്‍ കാരണമാക്കി. 1992 ല്‍ അവിശ്വാസികളുമായുള്ള സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും 1999 ല്‍ വിശുദ്ധ തോമസ് അക്വിനാസിന്റെ പേരിലുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും 2002 ല്‍ വിശ്വാസ തിരുസംഘത്തിന്റെ ശാസ്ത്രത്തിനായുള്ള വിഭാഗത്തിലും (Member of the Scientific Committee of the Archive of the Congregation for the Doctrine of the Faith) അദ്ദേഹം അംഗമായി.

1963 ല്‍ അദ്ദേഹം തന്റെ ഡോക്ടറല്‍ തീസിസ് പാസായി. El problema de la substancialidad de las partículas elementales: estudio sobre la aplicabilidad de la noción de substancia a la microfísica('The Problem of Substantiality in Elementary Particles: A Study of the Applicability of the Notion of Substance in Microphysics' എന്നതാണ് ഗവേഷണ വിഷയം. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ഇന്നും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടില്ല.

ഭൗതിക ശാസ്ത്രത്തിന്റെ ആധുനിക പദസഞ്ചയത്തെയും ആശയങ്ങളെയും പ്രാചീന ക്ലാസിക് തത്വചിന്തകളുമായി സമരസപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധ ലക്ഷ്യം. അരിസ്റ്റോട്ടിലിന്റെ തത്വചിന്തയാണ് തോമസ് അക്വിനാസിന്റെ ദൈവശാസ്ത്ര പദ്ധതിയുടെ അടിത്തറ എന്നതാണ് ഇതിന് കത്തോലിക്കാസഭാ വിശ്വാസവുമായുള്ള ബന്ധം.

1964 ല്‍ മരിയാനോ ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഇരുപത് വര്‍ഷത്തോളം സ്‌പെയിനില്‍ അജപാലന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇതേ സമയത് തന്നെ ബൗദ്ധികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശാസ്ത്രീയ ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1968 ല്‍ തന്റെ രണ്ടാമത്തെ ഡോക്ടറേറ്റ് അദ്ദേഹം ഭൗതിക ശാസ്ത്രത്തില്‍ കരസ്ഥമാക്കി. Relation and Structure in Newtonian Mechanics എന്നതായിരുന്നു വിഷയം.

തുടര്‍ന്നുള്ള ഒരു ദശാബ്ദം അദ്ദേഹം പല സ്ഥലങ്ങളില്‍ തത്വചിന്തയും ദൈവശാസ്ത്രവുമൊക്കെ പഠിപ്പിച്ചു. ഇക്കാലയളവില്‍ പിന്നീട് പ്രസിദ്ധീകരിക്കാനിരിക്കുന്ന തന്റെ പുസ്തകങ്ങളുടെ അടിസ്ഥാനാശയങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാള്‍ പോപ്പര്‍ പോലെയുള്ള ശാസ്ത്രത്തിന്റെ തത്വചിന്ത എന്ന വിഷയം കൈകാര്യം ചെയ്യുന്നവരോട് ചേര്‍ന്ന് അദ്ദേഹം എപിസ്റ്റമോളജിക്കല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചു.

ശാസ്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റിയും അതിന്റെ താത്വികമായ മാനങ്ങളെപ്പറ്റിയും മരിയാനോ നിരന്തരം പൊതുസമൂഹത്തോട് സംവദിച്ചു. The Mind of the Universe: Understanding Science and Religion പോലെയുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യം തിരിച്ചറിയാന്‍ ഏറെ സഹായകരമാണ്.

European Association for the Study of Science and Theology, ഫ്രാന്‍സിലെ Académie Internationale de Philosophie des Sciences തുടങ്ങിയ സമിതികളില്‍ അദ്ദേഹം അംഗമായിരുന്നു. അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരുന്ന നവാറ യൂണിവേഴ്‌സിറ്റിയില്‍ മറ്റു അധ്യാപകരോട് ചേര്‍ന്ന് Science, Reason and Faith Research Group (CRYF) എന്നൊരു മുന്നേറ്റത്തിന് 2002 ല്‍ രൂപം നല്‍കി. ഭൗതികശാസ്ത്രവും തത്വശാസ്ത്രവും ദൈവശാസ്ത്രവും സംഗമിക്കുന്ന മേഖലകളില്‍ പഠനം നടത്തുക എന്നതായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം.

ഈ മൂന്നു വിഷയങ്ങളിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ മഹാനായ വ്യക്തിയായിരുന്നു മരിയാനോ അര്‍ത്തിഗാസ്. അദ്ദേഹം തന്നെ ഏകദേശം 150 ല്‍ അധികം ലേഖനങ്ങള്‍ ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഈ മേഖലകളിലെ കഴിവുറ്റവരാലും സാധാരണക്കാരാലും ഒരേപോലെ സ്വീകരിക്കപ്പെട്ടതാണ്.

Oracles of Science: Celebrity Scientists versus God and Religion, Galileo Observed: Science and the Politics of Belief, Knowing Things for Sure: Science and Truth, Negotiating Darwin: The Vatican Confronts Evolution, 1877- 1902 തുടങ്ങിയ അദ്ദേഹത്തിന്റെ പ്രചുര പ്രചാരത്തിലുള്ള പുസ്തകങ്ങള്‍ മത-ശാസ്ത്ര മേഖലയിലെ വിവാദപരമായ പല വിഷയങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട്. 1995 ല്‍ അദ്ദേഹം പ്രശസ്തമായ ടെംപിള്‍ടണ്‍ അവാര്‍ഡ് നേടുകയുണ്ടായി. 2006 ഡിസംബര്‍ 23 നാണ് മരിയാനോ അര്‍ത്തിഗാസ് മരണമടഞ്ഞത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.