കാലിഫോർണിയ: 98-ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങുകൾക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾ കാലിഫോർണിയയെ പരിഭ്രാന്തിയിലാഴ്ത്തി.
എബിസി ന്യൂസ് പുറത്തുവിട്ട എഫ്ബിഐ മുന്നറിയിപ്പിനെത്തുടർന്ന് ലോസ് ആഞ്ചലസ് പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. എന്നാൽ ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസ് തീരത്തുള്ള ഒരു അജ്ഞാത കപ്പലിൽ നിന്ന് കാലിഫോർണിയയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രോൺ ആക്രമണം ഉണ്ടായേക്കാം എന്ന് എഫ്ബിഐ പ്രാദേശിക അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ സമയമോ രീതിയോ വ്യക്തമല്ലെന്ന് ബ്യൂറോ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എബിസി ന്യൂസിന്റെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പ്രതികരിച്ചു.
ജനങ്ങളെ അനാവശ്യമായി പരിഭ്രാന്തരാക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്നു എന്ന് ആരോപിച്ച് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും എബിസിയെ രൂക്ഷമായി വിമർശിച്ചു. ഇറാന്റെ ഭാഗത്തു നിന്ന് അത്തരമൊരു ഭീഷണി നിലവിൽ അമേരിക്ക നേരിടുന്നില്ലെന്ന് ലിവറ്റ് സ്ഥിരീകരിച്ചു.
വിവാദങ്ങൾ തുടരുമ്പോഴും സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിന് ചുറ്റും ലോസ് ഏഞ്ചലസ് പൊലീസ് വൻ സന്നാഹങ്ങളെ വിന്യസിച്ചു. കോനൻ ഒബ്രിയാൻ അവതാരകനാകുന്ന ഈ വർഷത്തെ പുരസ്കാര ചടങ്ങുകൾ സുഗമമായി നടക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ അറിയിച്ചു.
'സിന്നേഴ്സ്', 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്നീ ചിത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്ക് മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്റ്റാർ മൂവീസിലും തത്സമയം ചടങ്ങുകൾ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.