ബാൻഗുയി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലുണ്ടായ സ്വർണഖനി തകർച്ചയിൽ ദാരുണമായ അന്ത്യം സംഭവിച്ചത് 107 പേർക്ക്. കാമറൂൺ അതിർത്തിക്ക് സമീപം സാംബോയിലെ അബ പ്രദേശത്താണ് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്വർണഖനി തകർന്നത്. ഖനിയിലെ നിരവധി ഭൂഗർഭ തുരങ്കങ്ങൾ ഒരേസമയം തകർന്നുവീണതോടെ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാരും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആവശ്യമായ ആധുനിക ഉപകരണങ്ങളോ വിദഗ്ധ സംവിധാനങ്ങളോ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തകർന്ന ഖനിയിൽ നിന്ന് ഓരോ മണിക്കൂറിലും മൃതദേഹങ്ങൾ പുറത്തെടുക്കുന്നുണ്ടെന്ന് പ്രാദേശിക റെഡ് ക്രോസ് പ്രവർത്തകർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ മാത്രം പത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആദ്യം മരണസംഖ്യ 30ഓളം മാത്രമാണെന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സംഖ്യ അതിവേഗം ഉയരുകയായിരുന്നു.
അപകടത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ ചിലർ ശ്വാസംമുട്ടി മരിക്കുന്നത് നേരിൽ കണ്ടതായി ദുരന്തത്തിൽ സഹോദരനെയും സുഹൃത്തിനെയും നഷ്ടപ്പെട്ട ജെറമി എൻഗ്ബിരി എന്ന തൊഴിലാളി പറഞ്ഞു.
ഖനിയിലെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന നിരവധി ഭൂഗർഭ തുരങ്കങ്ങൾ തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ബബൂവ സബ്പ്രെഫെക്ചർ കോടതിയുടെ വിശദീകരണം. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും, മരിച്ചവരെയും ഖനി നടത്തിപ്പുകാരെയും തിരിച്ചറിയാനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇത്തരം ഖനികളിലെ അപകടങ്ങൾ പതിവാണ്. സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ചെറുകിട ഖനന മേഖലയിൽ ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്. കൈകൊണ്ട് കുഴിച്ച് നിരവധി മീറ്റർ ആഴത്തിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുന്നതാണ് ഇവിടത്തെ രീതി. മതിയായ ബലപ്പെടുത്തൽ സംവിധാനങ്ങളില്ലാത്തതിനാൽ ഭൂമിയുടെ ചെറിയ ചലനം പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു.
ദുരന്തത്തിൽ അയൽരാജ്യമായ കാമറൂണിൽ നിന്നുള്ള തൊഴിലാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് കാമറൂണിയക്കാരും രണ്ട് ഛാഡ് രാജ്യക്കാരും കൊല്ലപ്പെട്ടതായി ഖനനമേഖലയ്ക്ക് സമീപമുള്ള കാമറൂണിയൻ പട്ടണമായ ഗരോവ-ബൗലായുടെ മേയർ അബ്ദോൺ അഡമോ വ്യക്തമാക്കി. പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സ നൽകാൻ തയ്യാറാണെന്ന് കാമറൂൺ സർക്കാർ അറിയിച്ചിട്ടുണ്ട്.
സാംബോ മേഖലയിലെ വേഗത്തിൽ വ്യാപിക്കുന്ന അസുരക്ഷിതവും നിയന്ത്രണമില്ലാത്തതുമായ സ്വർണഖനനത്തെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2025ലെ ഐക്യരാഷ്ട്രസഭാ വിദഗ്ധരുടെ റിപ്പോർട്ടിലും പ്രദേശത്തെ അനധികൃത ഖനനവും അതിൽ സായുധ സംഘങ്ങളുടെ പങ്കാളിത്തവും ചൂണ്ടിക്കാണിച്ചിരുന്ന
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയർത്തുന്ന ഖനന രീതികളാണ് ഇവിടെ തുടരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.