എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ അതൃപ്തി: കെ. സുധാകരന്‍ കേരളത്തിലേക്ക് മടങ്ങി; പിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ അതൃപ്തി: കെ. സുധാകരന്‍ കേരളത്തിലേക്ക് മടങ്ങി; പിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ അതൃപ്തനായ കെ. സുധാകരന്‍ ഡല്‍ഹിയിലെ ഇന്നത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ കേരളത്തിലേക്ക് മടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം കെ. സുധാകരന്‍ നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കുന്നതിനെ സംസ്ഥാനത്തെ നേതാക്കള്‍ ശക്തമായി എതിര്‍ത്തു. ഹൈക്കമാന്‍ഡിനും ഇതേ നിലപാടാണുള്ളത്. സുധാകരനെ അനുനയിപ്പിക്കാന്‍ ഡല്‍ഹിയില്‍ പലഘട്ടങ്ങളിലായി ചര്‍ച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് അദേഹം ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങിയത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ ഉണ്ട്. മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവരുമായി സണ്ണി ജോസഫ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടര്‍ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തോട് അദേഹം പ്രതികരിച്ചില്ല.
കെ. സുധാകരന്‍ അടക്കം മൂന്ന് എംപിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ മത്സരിക്കാനായി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് സൂചന.

കേരളത്തിലെത്തിയ സുധാകരന്‍ പിന്നീട് വൈകാരികമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് പ്രതികരിച്ചു. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പ്.

കണ്ണൂര്‍ തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസിന് എന്നും തന്റെ മേല്‍വിലാസമാണെന്നും സുധാകരന്‍ കുറിപ്പില്‍ പറയുന്നു. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇവയൊക്കെ മരണത്തിലും മറക്കാനാകാത്ത പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണെന്നും മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കുമെന്നും സുധാകരന്‍ കുറിപ്പില്‍ പുറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണൂര്‍ എന്നത് എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ നില്‍ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.

ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്. ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹ പ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂര്‍ ഹൃദയരക്തം ഇറ്റിവീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസുകാരുടെ ത്യാഗ ഭൂമിയാണ്. ആ മണ്ണിനുവേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ത്തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹ പ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്‍ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും.

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും. പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.