സിഡ്നി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷിയിടങ്ങളെ ഹൈടെക് ആക്കുന്ന പുത്തന്‍ ആശയങ്ങളുടെ അത്ഭുത കാഴ്ച്ചകളാകുകയാണ് ഓസ്‌ട്രേലിയയുടെ കൃഷിയിടങ്ങള്‍. മണ്ണിന്റെ ഘടനയും വിത്തിന്റെ ഗുണവും മനസിലാക്കി യഥാസ്ഥാനത്ത് നടീല്‍ നടത്താന്‍ പ്രാപ്തമായ ഭീമന്‍ ഡ്രോണുകളെ തെക്കന്‍ സിഡ്‌നിയിലെ കൃഷിയിടങ്ങളില്‍ അവതരിപ്പിച്ചു.
വിത്ത് നടുന്നതിന് പുറമേ കൃഷിക്ക് ദോഷമാകുന്ന കളകളും കുറ്റിച്ചെടികളും തിരിച്ചറിഞ്ഞ് അവ പിഴുതു മാറ്റാനുള്ള നിര്‍മിത ബുദ്ധി ഉള്ളതാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ താരമായി മാറിയ ഡ്രോണുകള്‍ക്ക്. മൗണ്ട് അന്നനിലെ ഓസ്ട്രേലിയന്‍ ബൊട്ടാണിക് ഗാര്‍ഡനിലാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.
416 ഹെക്ടര്‍ പാര്‍ക്കിന്റെ 20 ശതമാനവും ആക്രമണകാരിയായ കളകള്‍ നിറഞ്ഞിരിക്കുകയായിരുന്നു. ഇവ പിഴുതു മാറ്റാന്‍ പല ബുദ്ധിമുട്ടുകളും നേരിട്ടതോടെയാണ് വെസ്റ്റേണ്‍ സിഡ്നി സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ക്കിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ ജോണ്‍ സീമണ്‍ പറഞ്ഞു. ഇപ്പോള്‍ 85 ശതമാനം കളകളും ഡ്രോണ്‍ നീക്കം ചെയ്തു.
ഓഫ് ദി ഷെല്‍ഫ് സാങ്കേതികവിദ്യയില്‍ നിര്‍മിതമായ ഡ്രോണുകള്‍ക്ക് ഫലപ്രദമായി നടീല്‍ നടത്താന്‍ കഴിയും. ദിവസം 40,000 വിത്തുകള്‍ വരെ നടാനുള്ള ശേഷിയുണ്ട്. ഏതൊക്കെ വിത്തുകള്‍ എവിടെയൊക്കെ നടണം എന്ന് ഡ്രോണിന് കൃത്യമായി അറിയാം. മണ്ണിന്റെ ഘടനയും ഫലപുഷ്ടിയും അടിസ്ഥാനമായി പാര്‍ക്കിലെ ഏതൊക്കെ സ്ഥലങ്ങളില്‍ ഏതൊക്കെ വിത്ത് നടണമെന്ന ഡ്രോണില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്.
സാധാരണയിലും 25 മടങ്ങ് വേഗത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടീല്‍ നടത്താം. ഇത്തരത്തില്‍ നടീലിന് മാത്രം വേണ്ടിവരുന്ന ചെലവിന്റെ 80 ശതമാനം ലാഭിക്കാന്‍ കഴിയും. 36 കിലോഗ്രാം ഭാരമുള്ള ഡ്രോണുകള്‍ക്ക് മരങ്ങളും വിളകളും തിരിച്ചറിയാനുള്ള ശേഷിയും ഉണ്ട്. ട്രോണിന്റെ സഹായത്തോടെ പ്രതിവര്‍ഷം 100 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ക്ക് അധികൃതര്‍.
ഒരു മികച്ച കര്‍ഷകന്‍ എന്നതോടൊപ്പം മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഈ ഡ്രോണുകള്‍. ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വഴി കൃഷിയിടത്തിന്റെ ആകാശ ദൃശ്യങ്ങളും സമീപ ദൃശ്യങ്ങളും ഉയര്‍ന്ന റെസല്യൂഷനില്‍ എടുക്കാം. കൃഷിയിടത്തെ കുറിച്ച് പഠിക്കാനും വിളകളുടെ വളര്‍ച്ചയും മറ്റു പോരായ്മകള്‍ മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും സീമണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.