ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ

ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ

തിരുവനന്തപുരം : ലോക കേരള സഭയെ അഭിനന്ദിച്ച് ഫൊക്കാന ഭാരവാഹികൾ. കേരളവുമായി പ്രവാസികൾക്കുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ലോക കേരള സഭ സഹായകമാണെന്നും ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസും ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയും അഭിപ്രായപ്പെട്ടു. കേരള ലോക സഭ സമ്മേളനം നടക്കുന്ന പഴയ നിയമസഭാ മന്ദിരമായ ശങ്കരനാരായണൻ തമ്പി ഹാളിൽ മാധ്യമങ്ങളുമായി പ്രതികരിക്കുകയായിരുന്നു അവർ.

പ്രവാസികൾക്ക് ഒരുമിച്ച് കൂടാനും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുമുള്ള മികച്ച വേദിയായി ലോക കേരളസഭ മാറിയിരിക്കുകയാണ്. മുൻപൊക്കെ പ്രവാസികളിൽ നിന്നും എന്ത് ലഭിക്കുമെന്നായിരുന്നു ചർച്ചയെങ്കിൽ ഇന്ന് കേരളത്തിൽ നിന്നും എൻ ആർ ഐകൾക്ക് എന്ത് ലഭിക്കുമെന്നാണ് ചർച്ചചെയ്യുന്നത്. ഇത് വലിയ മാറ്റമാണെന്നും ജോർജി വർഗീസും സജിമോനും അഭിപ്രായപ്പെട്ടു.

അമേരിക്കയിലെയും യൂറോപ്പിലെയും ഗൾഫ് രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന പ്രവാസികൾ കക്ഷിരാഷ്ട്രീയത്തിന്റെയോ, ജാതി-മതചിന്തകളുടെയോ വേർതിരിവുകളൊന്നുമില്ലാതെയാണ് ഈ ലോക മലയാളി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇടത് -വലത് കക്ഷികളിൽ ആരു കേരളം ഭരിച്ചാലും പ്രവാസികൾ ഒരുപോലെയാണ് ഇടപെട്ടിട്ടുള്ളത്. ലോക കേരള സഭയിൽ പങ്കെടുക്കാനായി വന്ന പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നതിനെയാണ് പ്രതിപക്ഷ കക്ഷികൾ ദൂർത്തായി ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ അവരുടെ നിലപാടുകൾ തികച്ചും അപലപനീയമാണെന്ന് ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയക്കാർ അമേരിക്കയിൽ എത്തുമ്പോൾ കക്ഷിഭേദമന്യേ പാർട്ടിയോ കോടിയുടെ നോക്കാതെയാണ് അമേരിക്കൻ മലയാളികൾ സ്വീകരിക്കാറുള്ളത്. അമെരിക്കൻ മലയാളികളും വിവിധ പാർട്ടികളുടെ അനുഭാവികളാണ്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ ആശയസ്വാതന്ത്ര്യമാണ്. എന്നിരുന്നാലും പൊതു കാര്യങ്ങളിൽ ഇക്കാര്യങ്ങൾ ആരും പ്രകടിപ്പിക്കാറില്ല.- സജിമോൻ കൂട്ടിച്ചേർത്തു.



ഞങ്ങൾ ഇവിടെ വരുമ്പോൾ ഞങ്ങൾക്കൊപ്പം സ്‌നേഹം പങ്കിടാൻ എല്ലാവരും ഉണ്ടാവണെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും പ്രതിപക്ഷം ഈ മഹത്തായ സമ്മേളനം ബഹിഷ്‌ക്കരിച്ച നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫൊക്കാനപ്രസിഡണ്ട് ജോർജി വര്ഗീസ് പറഞ്ഞു.

എന്നാൽ ലോക മലയാള സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും നൽകുന്നതിനെ ഒരു പ്രതിപക്ഷ പാർട്ടിയും വിമർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ലോക കേരളസഭാ സമ്മേളനത്തിന്റെ മറവിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിച്ചതിൽ വൻ അഴിമതിയും ദൂർത്തും നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. അതാണ് പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതിൽ ദൂർത്തെന്ന് പ്രതിപക്ഷം ആരോപിച്ചെന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്. എം എ യൂസഫലി ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായ പ്രകടനം തെറ്റിദ്ധാരണയുടെ പേരിലാണെന്നും വ്യക്തമാക്കിയ സതീശൻ ഇക്കാര്യത്തിലെ നിജസ്ഥിതി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയായതായും വ്യ്കതമാക്കി.

സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്‌നാ സുരേഷ് നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്താകമാനം കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർക്കുകയും കോൺഗ്രസ് പ്രവർത്തകരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷം തീരുമാനമെടുത്തത്. ഇതിനിടയിലാണ് ലോക മലയാളി സമ്മേളനം നടന്നതെന്നതിനാൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടേണ്ടതില്ലെന്നത് രാഷ്ട്രീയ തീരുമാനമായിരുന്നു. ഈ തീരുമാനം പ്രവാസികൾക്ക് എതിരല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് മുൻപ് രണ്ട് ലോക മലയാളി സമ്മേളനങ്ങൾ അരങ്ങേറിയിരുന്നു. പ്രവാസികളുടെ നിരവധിയായ പ്രശ്‌നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മൂന്നാം പതിപ്പിലെത്തുമ്പോൾ നേരത്തെ ഉണ്ടായ നിർദ്ദേശങ്ങളും പരാതികളും സംബന്ധിച്ചുള്ള എന്തൊക്കെ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒരു പ്രോഗ്രസ് കാർഡ് അവതരിപ്പിക്കാനെങ്കിലും സർക്കാർ തയ്യാറാവേണ്ടിയിരുന്നു എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ഡോ. എം അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, ജോൺ പി.ജോൺ, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയി ഇട്ടൻ എന്നിവരാണ് കേരള ലോക സഭ പ്രതിനിധികളായി പങ്കെടുക്കുന്ന മറ്റ് ഫൊക്കാന നേതാക്കന്മാർ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.