മലയാളി കത്തോലിക്ക പുരോഹിതരുടെ മഹാ സംഗമം ഫ്ളോറിഡയില്‍

 മലയാളി കത്തോലിക്ക പുരോഹിതരുടെ മഹാ സംഗമം ഫ്ളോറിഡയില്‍

മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ മലയാളി കത്തോലിക്ക വൈദികരുടെ സംഘമം ഫ്ളോറിഡയിലെ മയാമില്‍ 2025 നവംബര്‍ 18, 19 തിയതികളില്‍ സംഘടിപ്പിക്കുന്നു. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സംഗമം.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി വിവിധ റീത്തുകളിലെ മലയാളി കത്തോലിക്ക പുരോഹിതരുടെ ഒത്തുചേരലാണ് ഈ സംഗമം ലക്ഷ്യമിടുന്നത്. ''മലയാളി പ്രീസ്റ്റ് കോയ്‌നോനിയ'' എന്നാണ് ഈ വൈദിക സംഗമത്തിന് നല്‍കിയിരിക്കുന്ന പേര്. 'കോയ്‌നോനിയ' എന്ന ഗ്രീക്കുപദം അര്‍ത്ഥമാക്കുന്നത് ഒരുമ, കൂട്ടായ ഐക്യം, സൗഹൃദം പങ്കിടല്‍ എന്നാണ്.

അമേരിക്കയിലെമ്പാടും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്ക പുരോഹിതര്‍ അഞ്ഞൂറിലധികം വരും. വിവിധ അമേരിക്കന്‍ രൂപതകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന വൈദികര്‍ മുതല്‍ അമേരിക്കന്‍ പാരീഷുകളില്‍, മിഷന്‍ സ്റ്റേഷനുകളില്‍, അമേരിക്കന്‍ യൂണി

വേഴ്‌സിറ്റികളിലെ അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ഒട്ടനവധി ഹോസ്പിറ്റലുകളില്‍ ചാപ്ലിന്‍മാര്‍ മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റുമാര്‍ വരെ നിരവധി കര്‍മ്മ മേഖലകളില്‍ സമര്‍പ്പിതരായി നൈപുണ്യവും തെളിയിച്ച മലയാളി പുരോഹിതര്‍ ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഈ ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന വൈദിക സംഗമം അമേരിക്കയില്‍ ഉടനീളമുള്ള മലയാളി കത്തോലിക്ക സമൂഹങ്ങളിലേക്ക് വ്യാപിച്ച് അതിന്റെ അടിത്തറകളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ ആത്മീയ ഐക്യത്തിനും നവീകരണത്തിന്റെ ആഴമേറിയ ക്രൈസ്തവ സാക്ഷ്യത്തിനും സുവിശേഷ വത്കരണത്തിനും വിശ്വാസ മൂല്യങ്ങളെ ഉയര്‍ത്തി ആരാധനാ അനുഷ്ഠാനങ്ങളില്‍ സജീവ പങ്കാളിത്വത്തിന് ഈ മഹാ സംഗമം ഇടയാക്കുമെന്ന് ചിക്കാഗോ രൂപത വ്യക്തമാക്കുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചിക്കാഗോ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഈ സംഗമത്തിന് വേദിയാകുന്നത് അമേരിക്ക യിലെ കേരളം എന്ന് വിശേഷിപ്പിക്കുന്ന ഫ്‌ളോറിഡയിലെ മയാമിലാണ്.

ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹ രക്ഷാധികാരിയും ഇടവക വികാരി ഫാ. ജോഷി ഇളംബാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വരുന്ന വിവിധ കമ്മിറ്റി അംഗങ്ങളും ഇടവകയും ചേര്‍ന്ന് സംഗമത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്, അമേരിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ അംഗങ്ങള്‍, മയാമി ആര്‍ച്ച് ബിഷപ്പ്, പാംബീച്ച് ബിഷപ്പ് തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കുന്ന നൂറുകണക്കിന് മലയാളി വൈദികര്‍ ചേര്‍ന്ന് സമര്‍പ്പിക്കുന്ന കൃതജ്ഞതാബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന അത്താഴവിരുന്നിലും, പൊതുസമ്മേളനത്തിലും, കള്‍ച്ചറല്‍ പ്രോഗ്രാമുകളിലും, ഫ്‌ളോറിഡ സംസ്ഥാന ഭരണാധികാരികള്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്മാര്‍, മേയര്‍മാര്‍, പ്രാദേശിക ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.