തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ പോളിങ് ജീവനക്കാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ചെലവും കുറയുമെന്ന് വിലയിരുത്തല്‍. കള്ളവോട്ട് ചെയ്യുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ കഴിയുന്നതാണ് പുതിയ നടപടി എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഇത് നടപ്പാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേഗദതി വേണ്ടിവരും.
ബൂത്തിലെ ക്രമക്കേടുകള്‍ കുറയുന്നതോടെ അത് തടയാന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കുറയ്ക്കാനാവും. ഒറ്റ വോട്ടര്‍പട്ടിക തന്നെ തദ്ദേശ, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാനായാല്‍ അതും ചെലവ് കുറയ്ക്കാന്‍ വഴിയൊരുക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്. കേന്ദ്രകമ്മിഷന്‍ ബൂത്ത് അടിസ്ഥാനത്തിലും. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ബൂത്തുതല വോട്ടര്‍ പട്ടിക അതേപടി തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ല.
അതേസമയം രണ്ടുപട്ടിക വേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണറോട് 2017ല്‍ കത്തിലൂടെ സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിക്കാമെന്ന് കേന്ദ്രം വാക്കാല്‍ അറിയിക്കുകയും ചെയ്തിരുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിഷന്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ഒറ്റപ്പട്ടിക ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകളും നടത്താനാകും.
അങ്ങനെയെങ്കില്‍ രണ്ടു കമ്മിഷനുകളുടെയും ചെലവും കുറയും. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു പോളിങ് ബൂത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക. ആധാര്‍ ബന്ധിപ്പിക്കല്‍ വരുന്നതോടെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും വേഗത്തില്‍ കണ്ടെത്താനാകും. സ്വാഭാവികമായും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാകും. വോട്ടു ചെയ്യുന്നതിന് ആധാര്‍ അടിസ്ഥാന രേഖയാക്കേണ്ടി വരുമെന്നതിനാല്‍ സ്വന്തം നിയോജക മണ്ഡലത്തിനു പുറത്ത് വോട്ടു ചെയ്യാനുള്ള ശ്രമം നടക്കുകയുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.