ബഫര്‍സോണിനെതിരെ സംസ്ഥാനതല കര്‍ഷകപ്രക്ഷോഭം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് ഉപവാസം

ബഫര്‍സോണിനെതിരെ സംസ്ഥാനതല കര്‍ഷകപ്രക്ഷോഭം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് ഉപവാസം

തിരുവനന്തപുരം: മണ്ണിന്റെ മക്കളുടെ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് സംരക്ഷണ കവചമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ബഫര്‍ സോണ്‍ നീക്കത്തിനെതിരെ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല പ്രക്ഷോഭപ്രഖ്യാപനവും സെക്രട്ടറിയേറ്റ് ഉപവാസവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. വി.സി സെബാസ്റ്റ്യന്‍.

വനംവകുപ്പിന്റെ നടപടിക്രമങ്ങള്‍ വനത്തിനുള്ളില്‍ മാത്രംമതി. കൃഷിഭൂമി കൈയേറാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കും. ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കര്‍ഷക വഞ്ചനയ്ക്ക് സംഘടിത കര്‍ഷകര്‍ വന്‍തിരിച്ചടി നല്‍കുന്ന കാലം വിദൂരമല്ല. ജീവിക്കാന്‍ വേണ്ടിയും നിലനില്‍പിനുമായുള്ള സംഘടിത പോരാട്ടത്തില്‍ കര്‍ഷകസമൂഹം ഒരുമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ 35ല്‍ പരം കര്‍ഷകസംഘടനകളുടെ സംസ്ഥാന നേതാക്കളാണ് ഉപവാസസമരത്തില്‍ പങ്കുചേര്‍ന്നത്. കര്‍ഷകപ്രക്ഷോഭം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് സെക്രട്ടറിയേറ്റ് ഉപവാസമെന്ന് അധ്യക്ഷത വഹിച്ച് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് പറഞ്ഞു. വരുംദിവസങ്ങളില്‍ വിവിധ ജില്ലാകേന്ദ്രങ്ങളിലേയ്ക്കും വന്യജീവി സങ്കേതമേഖലകളിലേയ്ക്കും കര്‍ഷകമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അഡ്വ. ബിനോയ് തോമസ് സൂചിപ്പിച്ചു.

ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഡോ.ജോസുകുട്ടി ഒഴുകയില്‍, ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്‍മുഖം, ജോയി കണ്ണഞ്ചിറ, ജോയി കൈതാരത്ത്, മാര്‍ട്ടിന്‍ തോമസ്, ജയപ്രകാശ് ടി.ജെ., അഡ്വ.സുമീന്‍ എസ് നെടുങ്ങാടന്‍, ഡോ. ജോസഫ് തോമസ്, ജോര്‍ജ് സിറിയക്ക്, അശോക് അമ്പാടി, റോസ് ചന്ദ്രന്‍, സിറാജ് കൊടുവായൂര്‍, ജേക്കബ് മേലേടത്ത്, സുരേഷ്‌കുമാര്‍ ഓടപ്പന്തി, അഡ്വ.ജോണ്‍ ജോസഫ്, ഷാജി തുണ്ടത്തില്‍, ജെയിംസ് പന്ന്യാംമാക്കല്‍, പ്രൊഫ. വേണുരാജന്‍ എസ്, മോഹന്‍ കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.