കുവൈറ്റ് മനുഷ്യക്കടത്ത്: മജീദിന്റെ ഐ.എസ് ബന്ധം അന്വേഷിച്ച് എന്‍ഐഎ

കുവൈറ്റ് മനുഷ്യക്കടത്ത്: മജീദിന്റെ ഐ.എസ് ബന്ധം അന്വേഷിച്ച് എന്‍ഐഎ

കൊച്ചി: കുവൈറ്റിലേയ്ക്ക് യുവതികളെ കടത്തിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഐഎ. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് പൊലീസിനു മുന്നില്‍ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ അനാസ്ഥയാണ് മജീദ് രക്ഷപെടാന്‍ ഇടയാക്കിയതെന്ന ആക്ഷേപമുണ്ട്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്.

വിദേശത്തേയ്ക്ക് കടത്തിയ യുവതികളെ സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ക്ക് കൈമാറിയതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങള്‍ അറിയാവുന്നതെന്നും അജുവിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. മജീദിന്റെ നിര്‍ദ്ദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താന്‍ ചെയ്തിരുന്നത് എന്നാണ് അജുമോന്റെ മൊഴി.

മജീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ മനുഷ്യക്കടത്ത് കുറ്റത്തിന്റെ വകുപ്പുകൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്.

ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിക്കും. റിമാന്‍ഡിലായ അജുമോനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ കൂടുതല്‍ 
ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചേക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.