റോം: സിറിയ ഉള്‍പ്പടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളിലും അരക്ഷിതാവസ്ഥയിലും ആശങ്കയറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പിനെക്കുറിച്ച് ഉത്കണ്ഠയുണ്ട്. വിശ്വാസത്തിലധിഷ്ടിതമായി സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും ജീവിക്കാനുള്ള സാഹചര്യം രാജ്യത്ത് സ്ഥാപിതമാക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും റോമില്‍ നടക്കുന്ന പൗരസ്ത്യ സഭ ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാനെത്തിയ സിറിയ, ലെബനന്‍ കത്തോലിക്കാ ബിഷപ്പുമാരോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസ് യൂസഫ് അബ്‌സി, മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ ബിഷപ്പുമാര്‍ എന്നിവരുമായാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. ദാരിദ്ര്യവും താഴ്ന്ന ജീവിത നിലവാരവും അപകടകരമായ സാഹചര്യങ്ങളും കാരണം ധാരാളം യുവാക്കള്‍ സിറിയയില്‍ നിന്ന് പലായനം ചെയ്യപ്പെടുകയാണെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു.
''ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു. പ്രതീക്ഷ നഷ്ടമായ തലമുറയുടെ പ്രതീകമായി സിറിയയിലെ യുവാക്കള്‍ മാറ്റപ്പെടുന്നതില്‍ അശങ്കാകുലനാണ്. അവരുടെ ഹൃദയത്തിലെ അവസാന തീപ്പൊരി പോലും നഷ്ടപ്പെട്ടു പോകാന്‍ ഇടയാകാതിരിക്കട്ടെ.'' പാപ്പ പറഞ്ഞു.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് ആസ്ഥാനമായുള്ള മാര്‍പ്പാപ്പയുടെ അധികാര നിയന്ത്രണത്തിലുള്ള ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് മെല്‍കൈറ്റ് ഗ്രീക്ക് കാത്തലിക് ചര്‍ച്ച്. മിഡില്‍ ഈസ്റ്റിന് പുറമേ അര്‍ജന്റീന, ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, വെനസ്വേല എന്നിവിടങ്ങളിലും മെല്‍കൈറ്റ് സഭയ്ക്ക് സാന്നിധ്യമുണ്ട്. 2017 ല്‍ ലെബനനില്‍ നടന്ന സിനഡില്‍ അന്ത്യോക്യ, അലക്‌സാണ്ട്രിയ, ജറുസലേം എന്നിവിടങ്ങളിലെ മെല്‍കൈറ്റ് ഗോത്രപിതാവായി അബ്‌സി തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.