പൈലറ്റ് ക്ഷാമം; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

പൈലറ്റ് ക്ഷാമം; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ന്യൂയോര്‍ക്ക്: പൈലറ്റ് ക്ഷാമം കാരണം അമേരിക്കയില്‍ വിമാന കമ്പനികള്‍ പ്രതിസന്ധിയില്‍. രണ്ടു വര്‍ഷത്തിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 150 ഓളം പ്രാദേശിക വിമാനങ്ങള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ ഒഴിവാക്കി വരികെയാണ്. സര്‍വീസുകള്‍ കുറഞ്ഞതോടെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയുമാണ് വിമാന കമ്പനികള്‍.

വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിച്ചും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ഇളവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ യുവക്കാള്‍ ഈ മേഖലയിലേക്ക് വന്നാല്‍ തന്നെ പരിശീലനം ഉള്‍പ്പടെയുള്ള കാലയളവ് പൂര്‍ത്തീകരിച്ച് ജോലിക്ക് പ്രവേശിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ക്കൊപ്പം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കൂടി വിമാനക്കമ്പനികള്‍ കണ്ടെത്തേണ്ടതുണ്ട്.

മതിയായ വേതനം ലഭിക്കുന്നില്ലെന്ന എന്നതാണ് ഈ മേഖലയില്‍ നിന്ന് യുവാക്കള്‍ പിന്നോട്ട് പോകാന്‍ പ്രധാന കാരണമായി കരുതുന്നത്. മികച്ച വേതനം നല്‍കാനായാല്‍ നിലവിലുള്ളവരെയെങ്കിലും പിടിച്ചു നിര്‍ത്താനാകുമെന്ന് കമ്പനികള്‍ കരുതുന്നു. അതോടൊപ്പം ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കവും നടത്തുന്നുണ്ട്. 12,000-ലധികം പൈലറ്റുമാരെ നിയമിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതാണ് നിലവിലെ പ്രതിസന്ധിയിലേക്ക് എയല്‍ലൈന്‍സ് മേഖലയെ തള്ളിവിട്ടത്. കോവിഡ് കാലത്ത് ജോലി നഷ്ടമായി മറ്റ് ജോലി തേടി പോയ പൈലറ്റുമാര്‍ പിന്നീട് തിരികെ വന്നില്ല. മാത്രമല്ല കോവിഡ് കാലത്ത് കമ്പനിക്കുണ്ടായ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ പാക്കേജ് കൈമാറിയതും തിരിച്ചടിയായി.

വിമാന പറപ്പിക്കല്‍ പഠനത്തിനായി വേണ്ടിവരുന്ന ഭീമമായ ചെലവും യുവാക്കളെ ഈ മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എടിപി ഫ്‌ലൈറ്റ് സ്‌കൂളില്‍ ഏഴ് മാസത്തെ പ്രാരംഭ കോഴ്‌സിന് മാത്രം 92,000 ഡോളറാണ് ഫീസ്. പീന്നീട് 18 മാസത്തെ പരിശീലന കാലയളവിനും ശേഷമേ വേതനം ലഭിക്കുന്ന നിലയില്‍ ജോലി ആരംഭിക്കാനാകു. 2030 ഓടെ അവിടെ 5,000 പൈലറ്റുമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിനായി യുണൈറ്റഡ് എയര്‍ലൈന്‍സ് 17000 ഡോളര്‍ പഠനത്തിനായി വാഗ്ദാനം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.