ചൈനയില്‍ നിന്നും വന്ന ചായ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതായതെങ്ങനെ ?

ചൈനയില്‍ നിന്നും വന്ന ചായ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതായതെങ്ങനെ ?

ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ് നമ്മളില്‍ പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. കാരണം ഇന്ത്യക്കാരുടെ ദേശീയ പാനീയമായി മാറിയിരിക്കുകയാണ് ചായ. ലോകത്തിലെ തന്നെ പ്രിയപ്പെട്ട ഒരു പാനീയമാണ് ചായ. ചായയുടെ ഉത്ഭവത്തെ കുറിച്ച് നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ചായയെ കുറിച്ചുള്ള ചില രസകരമായ വസ്തുതകളും അതിന്റെ ചരിത്രവും അറിയാം.

ചായയുടെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ബി.സി 2732ല്‍ ചൈനീസ് ചക്രവര്‍ത്തിയായ ഷെന്‍ നങ് ആണ് ചായ കണ്ടു പിടിച്ചതെന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം അദ്ദേഹം കാട്ടില്‍ വേട്ടയ്ക്ക് പോയ സമയത്ത് വെള്ളം തിളച്ചപ്പോള്‍ അടുത്തുള്ള ചെടിയില്‍ നിന്നുള്ള ഇലകള്‍ ഈ വെള്ളത്തിലേക്ക് വീണു. അങ്ങനെ വെള്ളത്തിന്റെ നിറം തവിട്ടു നിറമായി. ഈ വെള്ളം കുടിച്ച ചക്രവര്‍ത്തിക്ക് ഉന്മേഷം തോന്നി. ഇതാണ് പിന്നീട് ചായ എന്നറിയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

ചക്രവര്‍ത്തി ആ പാനീയത്തെ 'ച' എന്ന് പേരിട്ടു. പരിശോധിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്നര്‍ത്ഥം വരുന്ന ചൈനീസ് വാക്കാണ് അത്. ചായ പാനീയമായി ഉപയോഗിക്കാം എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചൈനക്കാരാണ്. എ ഡി 800ല്‍ ബുദ്ധ സന്യാസിയായ ലു യു ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി.

രാജകീയ പാനീയം

1610-ല്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമാണ് യൂറോപ്പില്‍ ആദ്യമായി ചായയെ പരിചയപ്പെടുത്തിയത്. അക്കാലത്ത് തേയിലക്ക് വില കൂടുതലായിരുന്നു. അതിനാല്‍ രാജകുടുംബത്തിലുള്ളവര്‍ മാത്രമേ ചായ കുടിച്ചിരുന്നുള്ളൂ. ചൈനയില്‍ മാത്രമേ തേയില കൃഷി ചെയ്യാന്‍ കഴിയുകയുള്ളൂ എന്നതിനാല്‍, ചൈനീസ് വ്യാപാരികള്‍ വെള്ളിക്കും സ്വര്‍ണ്ണത്തിനും വേണ്ടി യൂറോപ്യന്‍ വ്യാപാരികള്‍ക്ക് തേയില കൈമാറിയിരുന്നു. പിന്നീട്, ചായയെ കുറിച്ചുള്ള കഥകള്‍ അതിവേഗം വ്യാപിക്കാന്‍ തുടങ്ങി.

ഇന്ത്യയിലെ ആദ്യത്തെ തേയിലത്തോട്ടം

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയില്‍ ആദ്യത്തെ തേയിലത്തോട്ടം സ്ഥാപിച്ചത്. ആസാമീസ് സിങ്ഫോ ഗോത്രക്കാര്‍ ചായയുടെ രുചിയും മണവും ഉള്ള എന്തോ കുടിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനുശേഷമാണ് കമ്പനി 1837ല്‍ അസമിലെ ചൗബ ജില്ലയില്‍ ആദ്യത്തെ ഇംഗ്ലീഷ് ടീ ഗാര്‍ഡന്‍ സ്ഥാപിക്കുകയും ഇന്ത്യയില്‍ തേയില കൃഷി ആരംഭിക്കുകയും ചെയ്തത്. ഇതേ സമയത്ത് തന്നെ കമ്പനി ശ്രീലങ്കയില്‍ തേയില ഉല്‍പ്പാദനം ആരംഭിച്ചു. ചൈന കൂടാതെ ഏകദേശം 52 രാജ്യങ്ങളില്‍ തേയില കൃഷി ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ 80% പേരും ഒരു കപ്പ് ചായ കുടിച്ചു കൊണ്ടാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ആയുര്‍വേദത്തിലും ചായ ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന ടാന്നിനും കഫീനും ചായയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്ഷീണം തോന്നുമ്പോള്‍ ചായ കുടിക്കുന്നത് നിങ്ങളെ വീണ്ടും ഊര്‍ജ്ജസ്വലനാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.