ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ? അറിയാം ചില രസകരമായ കാര്യങ്ങള്‍

ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ? അറിയാം ചില രസകരമായ കാര്യങ്ങള്‍

ലോകത്ത് എവിടെ ചെന്നാലും ഉറുമ്പുകളെ കാണാന്‍ കഴിയും. ലോകത്ത് ആയിരക്കണക്കിന് സ്പീഷിസുകളിലുള്ള ഉറുമ്പുകളുണ്ട്. അന്റാര്‍ട്ടിക്ക പോലുള്ള വളരെ തണുത്ത സ്ഥലങ്ങള്‍ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകളുണ്ട്. ഒരു ചെറിയ ഉറുമ്പിന്റെ തലച്ചോറില്‍ മൊത്തം 2.5 ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ കാണപ്പെടുന്നു. ഇതാണ് ഉറുമ്പുകളെ സജീവമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്.

മറ്റൊരു സംശയം ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ എന്നതാണ്? ശരീരവും മനസും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് ഏറെനേരം ഉറങ്ങേണ്ട ആവശ്യമില്ല. ഉറുമ്പുകള്‍ ദിവസവും കുറഞ്ഞത് 250 തവണയെങ്കിലും ഉറങ്ങും. ഒരു മിനിറ്റില്‍ കുറവായിരിക്കും ഓരോ മയക്കത്തിന്റെയും ദൈര്‍ഘ്യം എന്നുമാത്രം.

മറ്റൊരു കാര്യം ഉറുമ്പുകള്‍ അതിശക്തന്മാരാണ് എന്നതാണ്. ഉറുമ്പുകള്‍ക്ക് അവയുടെ ശരീരഭാരത്തേക്കാള്‍ 20 മടങ്ങ് ഭാരം വഹിക്കാന്‍ കഴിയും. മാത്രമല്ല ഉറുമ്പുകള്‍ക്ക് ചെവി ഇല്ല. അതിനാല്‍ അവയ്ക്ക് കേള്‍വി ശക്തിയുമില്ല. കാലുകള്‍ക്കടിയിലെ ചലനങ്ങളും അതിന് ചുറ്റുമുള്ള ഞരമ്പുകളുടെ ചലനവും അനുസരിച്ചാണ് ഉറുമ്പുകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്.

ചില ഉറുമ്പുകള്‍ക്ക് ചിറകുകളുണ്ടാകും. എന്നാല്‍ മറ്റ് ചില സ്പീഷിസില്‍ പെട്ട ഉറുമ്പുകള്‍ക്ക് ചിറകുകള്‍ ഉണ്ടാകില്ല. ചിലതിന് തൂവലുകള്‍ ഉണ്ടാകുമെങ്കിലും അവയ്ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് വളരുകയുള്ളൂ.

130 മില്യണ്‍ വര്‍ഷങ്ങളായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ലോകത്ത് ആകെ 13,379 സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ചിലപ്പോള്‍ ഉറുമ്പുകളുടെ കൂട്ടങ്ങള്‍ മൈലുകളോളം ഭൂമിക്കടിയിലേക്ക് പോകും. ഉറുമ്പുകള്‍ക്ക് രണ്ട് വയറുകളുമുണ്ട്. ഒരു വയറില്‍ ഭക്ഷണം ശേഖരിച്ച് വെയ്ക്കാനും മറ്റൊന്ന് മറ്റ് ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കാനുമാണ് ഉപയോഗിക്കുന്നത്.

ഉറുമ്പുകള്‍ അവയ്ക്ക് കൂട്ടമായി താമസിക്കാന്‍ വീടുകള്‍ ഉണ്ടാക്കാറുണ്ട്. ഇതില്‍ രാജ്ഞി ഉറുമ്പിനായി പ്രത്യേക സ്ഥലമുണ്ടാവും. ജോലി ചെയ്യുന്ന ഉറുമ്പുകള്‍ക്കായി മറ്റൊരു സ്ഥലവും ഭക്ഷണവും മറ്റും ശേഖരിച്ച് വെക്കാനുള്ള ഇടവുമുണ്ടാവും. മെക്സിക്കോയില്‍ ഭൂമിക്കടിയില്‍ 3700 മൈല്‍ താഴ്ചയില്‍ ഉറുമ്പുകളുടെ വലിയ വാസസ്ഥലം കണ്ടെത്തിയിരുന്നു.

ഉറുമ്പുകള്‍ക്ക് തണുപ്പ് ഒട്ടും ഇഷ്ടമല്ല. അത് കൊണ്ടാണ് ശൈത്യകാലത്ത് അവയെ അധികം കാണാത്തത്. ശൈത്യകാലത്ത് പാറകള്‍ക്കരികിലോ ചൂടുള്ള മറ്റെവിടെയെങ്കിലുമോ താമസിക്കാനാണ് അവയ്ക്കിഷ്ടം.

അഞ്ച് ആഴ്ച മുതല്‍ രണ്ടോ മൂന്നോ വര്‍ഷം വരെ ജീവിക്കുന്ന ഉറുമ്പുകളുണ്ട്. വീടുകളിലും മറ്റും കാണപ്പെടുന്ന ഉറുമ്പുകള്‍ക്ക് ആയുസ് വളരെ കുറവായിരിക്കും. എന്നാല്‍ പുറത്ത് മറ്റിടങ്ങളിലായി കഴിയുന്ന ഉറുമ്പുകള്‍ക്ക് ആയുസ് കൂടുതലായിരിക്കും. ഇവയ്ക്ക് വളരെ ചെറിയ ശ്വാസകോശമാണുള്ളത്. അതിലൂടെയാണ് അവ ശ്വസിക്കുന്നതും ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നതും.

വളരെ വ്യത്യസ്തമായ രീതിയിലാണ് ഉറുമ്പുകള്‍ ഓക്സിജന്‍ അകത്തേക്കെടുക്കുന്നത്. അവയുടെ ശരീരത്തില്‍ നിറയെ ചെറിയ ദ്വാരങ്ങളുണ്ട്. ഈ ദ്വാരങ്ങള്‍ ശരീരത്തിനുള്ളിലെ ട്യൂബുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ട്യൂബുകളിലൂടെയാണ് ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമായി എത്തുന്നത്.

ഉറുമ്പുകള്‍ മുന്നില്‍ അപകടം എന്തെങ്കിലുമുണ്ടോയെന്ന് അറിയുന്നത് കാലുകള്‍ക്കടിയില്‍ നിന്ന് ലഭിക്കുന്ന തരംഗങ്ങളിലൂടെയാണ്. അപകടം അറിഞ്ഞാല്‍ ശരീരം ഒരു രാസസന്ദേശം പുറപ്പെടുവിക്കും. ഭക്ഷണം കണ്ടെത്തിയാലും ഇങ്ങനെത്തന്നെയാണ്. ഇത് പുറകിലുള്ള മറ്റ് ഉറുമ്പുകള്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ സന്ദേശം കൈമാറുന്നതിനാലാണ് ഉറുമ്പുകള്‍ എപ്പോഴും വരിവരിയായി നടക്കുന്നതെന്നാണ് ശാസ്ത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.