'ജീവിക്കാനുള്ള അവകാശം തടയരുത്': എട്ട് വര്‍ഷമായി ആശുപത്രിയില്‍ സൂക്ഷിച്ച ഭ്രൂണം; ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

'ജീവിക്കാനുള്ള അവകാശം തടയരുത്': എട്ട് വര്‍ഷമായി ആശുപത്രിയില്‍ സൂക്ഷിച്ച ഭ്രൂണം; ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

കൊച്ചി: എട്ട് വര്‍ഷമായി ആശുപത്രിയില്‍ ഭ്രൂണം സൂക്ഷിക്കേണ്ടി വന്ന് സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടര്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

ദമ്പതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായിട്ടാണ് എട്ട് വര്‍ഷം ഭ്രൂണം ആശുപത്രിയില്‍ സൂക്ഷിച്ചത്. കുഞ്ഞിനു ജന്മം നല്‍കുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി ചൂണ്ടിക്കാണിച്ചു.

പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടികളില്ലാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതല്‍ ശീതീകരിച്ചു സൂക്ഷിച്ചു. പക്ഷെ ഗര്‍ഭപാത്രത്തിനു വേണ്ടത്ര ശേഷി ഇല്ലെന്ന കാരണത്താല്‍ 2016ല്‍ ചികിത്സ നിര്‍ത്തി.

എന്നാല്‍ സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ഇതോടെ ദമ്പതികള്‍ക്കു വീണ്ടും പ്രതീക്ഷയായി. മറ്റൊരു ആശുപത്രിയില്‍ ചികിത്സ നടത്താന്‍ ഭ്രൂണം കൈമാറണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ 2022 ജനുവരിയില്‍ നിലവില്‍ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ആര്‍ട്) നിയന്ത്രണ നിയമം അനുസരിച്ച്‌ ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയതോടെയാണ് ദമ്പതികൾ കോടതിയിൽ ഹര്‍ജി സമർപ്പിച്ചത് .

പരമാവധി 10 വര്‍ഷമാണു ഭ്രൂണം സംരക്ഷിക്കാന്‍ കഴിയുക. അതില്‍ എട്ട് വര്‍ഷം കഴിഞ്ഞതിനാല്‍ അനുമതി വൈകരുതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ 2014 മുതല്‍ ഭ്രൂണം സൂക്ഷിച്ചതിന്റെ ചെലവ് ഹര്‍ജിക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.