അച്ഛനെ പുറത്താക്കിയ 'അമ്മ'യുടെ വിലക്ക് മകനും; ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി

അച്ഛനെ പുറത്താക്കിയ 'അമ്മ'യുടെ വിലക്ക് മകനും; ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി

കൊച്ചി: നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണു നടപടി. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

അമ്മയുടെ യോഗം ചിത്രീകരിച്ച് പുറത്ത് വിടുകയും അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി.
നടന്റേത് ഗുരുതര അച്ചടക്ക ലംഘനമായി യോഗം വിലയിരുത്തി.

ചര്‍ച്ചയില്‍ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത് നടന്‍ ജഗദീഷ് മാത്രമായിരുന്നു. നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്ന യോഗത്തിന്റെ പൊതുവികാരത്തിലാണ് പുറത്താക്കല്‍ നടപടി. അതേസമയം അച്ചടക്ക സമിതിക്ക് ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല.

നേരത്തെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടനും ഷമ്മിയുടെ പിതാവുമായ തിലകനെയും പുറത്താക്കിയിരുന്നു. തന്നെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി തിലകന്‍ അമ്മയോട പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ നടപടികളൊന്നും എടുക്കാതെ ആരോപണ വിധേയര്‍ക്കൊപ്പം നിലകൊണ്ട അമ്മയുടെ നേതൃത്വത്തെ തിലകന്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അമ്മ തിലകനെ പുറത്താക്കിയത്.

2010 ഏപ്രിലില്‍ ആയിരുന്നു തിലകനെ അമ്മയില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പുറത്താക്കിയത്. അമ്മയിലെ ചിലം അംഗങ്ങള്‍ ഇടപെട്ട് തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തിലകന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അമ്മ ഭാരവാഹികള്‍ക്ക് നേരേയും സംഘടനക്കകത്തും പുറത്തും ഗുരുതര ആരോപണങ്ങളായിരുന്നു തിലകന്‍ ഉയര്‍ത്തിയിരുന്നത്.

തിലകന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാതെ താരസംഘടന നടനെതിര നടപടി എടുക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ തിലകനെതിരെ അച്ചടക്ക നടപടി എടുക്കുകയായിരുന്നു. തിലകന്റെ വിശദീകരണം കേള്‍ക്കാന്‍ വിളിച്ച യോഗത്തിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നിന്നു. മാപ്പ് പറയണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും തിലകന്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് വിശദീകരണത്തില്‍ തൃപ്തി വരാതെ അമ്മ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.