സൈബര്‍ തട്ടിപ്പുകളിൽ സി.ഐമാര്‍ ഇനി ഇതര സംസ്ഥാനങ്ങളില്‍ പോയി അന്വേഷിക്കേണ്ടന്ന് ഡിജിപി

സൈബര്‍ തട്ടിപ്പുകളിൽ സി.ഐമാര്‍ ഇനി ഇതര സംസ്ഥാനങ്ങളില്‍ പോയി അന്വേഷിക്കേണ്ടന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സി.ഐമാര്‍ക്ക് 'ഊരുവിലക്ക്' പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്.

ഇനി മുതല്‍ സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍ സി.ഐമാര്‍ പോകേണ്ടതില്ലെന്നും പകരം അവര്‍ സ്റ്റേഷനില്‍ ഇരുന്ന് ജനങ്ങളുടെ പരാതി സ്വീകരിച്ചാല്‍ മതിയെന്നും ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പരിമിതി ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ പരിഷ്കരണം.

ഐ.ടി ആക്‌ട് പ്രകാരം സൈബര്‍ കേസുകളില്‍ പ്രതിയെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഇന്‍സ്പെക്ടര്‍ റാങ്കില്‍പെട്ട ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇനി മുതല്‍ എസ്.ഐ റാങ്കിലും അതിന് താഴെയുമുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഇതര സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തിയാല്‍ മതിയെന്നും പ്രതിയെ കണ്ടെത്തിയ ശേഷം വിവരം ജില്ല സൈബര്‍ സ്റ്റേഷനിലേക്ക് അറിയിക്കുന്ന മുറക്ക് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വിമാനം, ട്രെയിന്‍ വഴി സ്ഥലത്തെത്തി അറസ്റ്റ് അടക്കം നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം.

ഇതിനെത്തുടര്‍ന്ന് ഒരു മാസമായി സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇഴയുകയാണ്.
കേരളത്തില്‍ നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ഏറെയും മധ്യപ്രദേശ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇത്തരം ക്രിമിനലുകള്‍ സ്ഥിരമായി ഒരിടത്തും തങ്ങാത്തതിനാല്‍ ദിവസങ്ങളോളമാണ് അന്വേഷണ സംഘത്തിന് ഇതര സംസ്ഥാനങ്ങളില്‍ തമ്പടിക്കേണ്ടിവരുന്നത്.

പല കേസിലും പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും സി.ഐ സ്ഥലത്തില്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക പൊലീസിന്റെ സഹായം കേരള പൊലീസിന് ലഭിക്കാത്തതും തിരിച്ചടിയായി. സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് 'ഇക്കണോമിക് ഒഫന്‍സസ് വിങ്' എന്ന പേരില്‍ പുതിയ സംവിധാനം കഴിഞ്ഞമാസം നിലവില്‍ വന്നെങ്കിലും പരാതിക്കാര്‍ക്ക് പ്രയോജനം ലഭിച്ചുതുടങ്ങിയിട്ടില്ല. ഇപ്പോഴും മതിയായ ഉദ്യോഗസ്ഥരെ ഈ വിഭാഗത്തിലേക്ക് നിയമിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.