ന്യൂഡല്‍ഹി: രാജ്യത്ത് കരുതല്‍ തടങ്കല്‍ നിയമം തോന്നും പോലെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന ഈ നിയമം സാധാരണ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു നിയമം സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ളതെന്നും ജസ്റ്റിസ് സി.ടി. രവികുമാര്‍, സുധാന്‍സു ധുലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കരുതല്‍ തടങ്കല്‍ നിയമപ്രകാരം ഭര്‍ത്താവിനെ തടവിലാക്കിയതിനെതിരെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് റിട്ട് ഹർജി തള്ളിയ തെലങ്കാന ഹൈകോടതിയുടെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
2020 മുതല്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചുകൊണ്ടുള്ള നിരവധി മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് കമീഷണര്‍ ഹർജിക്കാരിയുടെ ഭര്‍ത്താവിനെതിരെ 2021 ഒക്ടോബര്‍ 28ന് കരുതല്‍ തടങ്കല്‍ നിയമം ചുമത്തുന്നത്.
എന്നാൽ 30 ലധികം കേസുകളില്‍ പങ്കുണ്ടെങ്കിലും മാല തട്ടിപ്പറിക്കല്‍ കേസ് മാത്രമാണ് കരുതല്‍ തടങ്കലിനായി പരിഗണിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അസാധാരണ ക്രമസമാധാന പ്രശ്നമില്ലാതെയാണ് ഹർജിക്കാരിയുടെ ഭര്‍ത്താവിനെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവിലാക്കിയതെന്നും ഇത് നീതീകരിക്കാനാകുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സാധാരണ ക്രമസമാധാന പ്രശ്നങ്ങള്‍ സാധാരണ നിയമങ്ങള്‍കൊണ്ട് തന്നെ നേരിടണം. കരുതല്‍ തടങ്കല്‍ നിയമം നടപ്പാക്കേണ്ട അസാധാരണമായ ക്രമസമാധാന പ്രശ്നമില്ലാതെ അത് നടപ്പാക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 21, 22 എന്നിവയുടെ ലംഘനമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.