ഫ്ളോറിഡ: കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ഫുട്ബോള്‍ പരിശീലകന്‍ ജോസഫ് കെന്നഡി എന്ന കായികാധ്യപകന് ജോലി നഷ്ടപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ അനുകൂല വിധി. പൊതു പ്രാര്‍ത്ഥനകള്‍ സംസാര സ്വാതന്ത്ര്യവും മതസ്വാന്ത്ര്യവുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിരീക്ഷിച്ച സൂപ്രീം കോടതി അദ്ദേഹത്തിനെതിരായ നടപടി നീതിയുക്തമല്ലെന്ന് അഭിപ്രായപ്പെട്ടു.
ഒരു വ്യക്തിയുടെ വ്യക്തിപരമായ ആചാര പ്രകടനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനം എതിര്‍ക്കാന്‍ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ശിക്ഷിച്ചു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലാണെന്ന് ജസ്റ്റിസ് നീല്‍ എം. ഗോര്‍സച്ച് അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ അത് പൊതു നിയമങ്ങള്‍ക്ക് എതിരാകുന്ന ഘട്ടത്തില്‍ എതിര്‍ക്കേണ്ടി വരുമെന്നായിരുന്നു ബ്രെമെര്‍ട്ടണ്‍ സ്‌കൂള്‍ ഡിസ്ട്രിക്ടിന്റെ മറുവാദം.
പരിശീലകനെന്ന നിലയില്‍ കെന്നഡിയുടെ പ്രവര്‍ത്തനങ്ങള്‍ മതപരമായ ആചരങ്ങള്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് ബ്രെമെര്‍ട്ടണ്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ റിച്ചാര്‍ഡ് ബി. കാറ്റ്സ്‌കി വാദിച്ചു. മാത്രമല്ല വിദ്യാര്‍ഥികളെ ഇതിലേക്ക് നിര്‍ബന്ധിച്ചെന്നും കാറ്റ്‌സ്‌കി കുറ്റപ്പെടുത്തി.
എതിര്‍ഭാഗത്തിന്റെ വാദങ്ങളെ കെന്നഡിയുടെ അഭിഭാഷകന്‍ പോള്‍ ഡി ക്ലെമന്റ് എതിര്‍ത്തു. കെന്നഡി കളക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് തികച്ചും സ്വകാര്യമായ കാര്യമാണെന്നും കുട്ടികളെ ഇതിലേക്ക് നിര്‍ബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. വ്യക്തിയുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഉന്നയിച്ചു.
ഗോര്‍സച്ചിനൊപ്പം ജസ്റ്റിസ് ജോണ്‍ ജി റോബര്‍ട്ട്‌സ്, ജസ്റ്റിസ് ക്ലാരന്‍സ് തോമസ്, ജസ്റ്റിസ് സാമുവല്‍ എ അലിറ്റോ, ജസ്റ്റിസ് ആമി കോനി ബാരറ്റ്, ജസ്റ്റിസ് ബ്രെറ്റ് എം. കവനോ എന്നിവര്‍ കോച്ചിന്റെ മതസ്വാതന്ത്ര്യത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് സോണിയ സോട്ടോമേയര്‍, ജസ്റ്റിസ് സ്റ്റീഫന്‍ ജി ബ്രെയര്‍, ജസ്റ്റിസ് എലീന കഗന്‍ എന്നിവര്‍ സ്‌കൂളിന്റെ വാദത്തിനെപ്പം നിലകൊണ്ടു.
കുട്ടികള്‍ക്കൊപ്പം കളക്കളത്തിലേക്ക് മടങ്ങാന്‍ മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്ന് വിധിക്ക് ശേഷം കെന്നടി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. രാജ്യത്തെ മികച്ച നിയമസംവിധാനത്തോടും തന്നെ പിന്തുണച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയ ദൈവത്തിനോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
പരിശീലനത്തിന് ശേഷം കായിക താരങ്ങളായ വിദ്യാര്‍ഥികളെ തനിക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചെന്നു കാട്ടിയാണ് പടിഞ്ഞാറന്‍ വാഷിംഗ്ടണിലെ ഡിസ്ട്രിക്റ്റ് ബ്രെമെര്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഫുട്ബോള്‍ പരിശീലനകനായ ജോസഫ് കെന്നഡി എന്ന കായികാധ്യപകനെ രണ്ട് വര്‍ഷം മുന്‍പ് സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.
പരിശീലത്തിനും മത്സരങ്ങള്‍ക്കും ശേഷം കെന്നടി മൈതാനത്തിന്റെ 50 അടി മാറിയുള്ള ലൈന് പുറത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ആകൃഷ്ടരായി വിദ്യാര്‍ഥികളും അദ്ദേഹത്തോടൊപ്പം പങ്കുചേര്‍ന്നിരുന്നു. ഇതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചു. ഇത്തരം പ്രവര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പാലിക്കാന്‍ തയാറാകാതിരുന്നതോടെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഏതെങ്കിലും മതവിശ്വാസത്തിനുള്ള പരിഗണന പൊതുവിദ്യാലയങ്ങളില്‍ അനുവദിക്കാനാകില്ലെന്നും അത്തരം പ്രവൃത്തികള്‍ മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാകുമെന്നുമുള്ള ന്യായമാണ് സ്‌കൂള്‍ മുന്നോട്ട് വച്ചത്. ഇതിനെതിരെ കെന്നഡി ജില്ലാ കോടതിയിലും പിന്നീട് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സിലും ഹര്‍ജി ഫയല്‍ ചെയ്തു. രണ്ടിടത്തും തിരിച്ചടിയുണ്ടായി.
'ജയിക്കുകയോ തോല്‍ക്കുകയോ' ചെയ്യുന്ന ഓരോ കളിക്കു ശേഷവും ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു ഉടമ്പടി നിറവേറ്റാനാണ് താന്‍ പ്രാര്‍ഥന നടത്തുന്നതെന്നും വിദ്യാര്‍ഥികളെ ഇതിലേക്ക് താന്‍ ക്ഷണിക്കാറില്ലെന്നും കെന്നഡി വാദിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല. എന്നാല്‍ നിശബ്ദവും സ്വകാര്യവുമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ജില്ലാ കോടതി അപ്പില്‍ തള്ളിയതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.