അമേരിക്കയില്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം; 50 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം; 50 പേര്‍ക്ക് പരിക്ക്

മിസോറി: അമേരിക്കയുടെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ള മിസോറിയില്‍ ആളൊഴിഞ്ഞ റെയില്‍വേ ക്രോസിംഗില്‍ യാത്ര ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ച് വന്‍ അപകടം. പാളം തെറ്റിയ ട്രെയിന്റെ കംപാര്‍ട്ട്‌മെന്റുകള്‍ ട്രാക്കിന് പുറത്തേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.42 നാണ് അപകടം ഉണ്ടായത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കന്‍സാസ് സിറ്റിയില്‍ നിന്ന് 100 മൈല്‍ വടക്കുകിഴക്കായി ഒരു റെയില്‍വേ ക്രോസിംഗില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പാളംതെറ്റുകയും ഏഴോളം കംപാര്‍ട്ട്‌മെന്റുകള്‍ ട്രാക്കിന് പുറത്തേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഈ സമയം ട്രെയ്‌നില്‍ 243 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.



ട്രെയിനിലുണ്ടായിരുന്ന രണ്ടു പേരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം ട്രയിന്‍ യാത്രക്കാരാണ്. ഇവരില്‍ നിസാര പരിക്കേറ്റവരെ സമീപത്തെ സ്‌കൂളില്‍ താല്‍കാലിക ക്ലിനിക് സൗകര്യം ഒരുക്കി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പറഞ്ഞയച്ചു. ഗുരുതര പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

മുന്നറിയിപ്പ് ലൈറ്റുകളോ റെയില്‍വേ ഗേറ്റോ ഇല്ലാത്ത സ്ഥലത്താണ് ദാരുണ സംഭവം നടന്നതെന്ന് മിസോറി സ്റ്റേറ്റ് ദേശീയപാത സുരക്ഷാ സേനയുടെ വക്താവ് ജസ്റ്റിന്‍ ഡണ്‍ പറഞ്ഞു. അപകടം നടക്കുന്നതിന് മുന്‍പ് എട്ട് കാറുകളും രണ്ട് ട്രക്കുകളും ഈ ക്രോസിംഗുവഴി കടന്ന് പോയിരുന്നു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ 14 പേരടങ്ങുന്ന സംഘവും ഫെഡറല്‍ റെയില്‍ റോഡ് അഡ്മിനിസ്‌ട്രേഷന്‍ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.



രണ്ട് ദിവസത്തിനിടെ ആംട്രാക്ക് ട്രെയിന്‍ വാഹനവുമായി കൂട്ടിയിടിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഞായറാഴ്ച കാലിഫോര്‍ണിയയിലെ റൂറല്‍ ട്രെയിനില്‍ 85 യാത്രക്കാര്‍ ഒരു വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച മിസോറിയില്‍ അപകടം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.