അറുപത്തിനാലാം മാർപാപ്പ മഹാനായ വി. ഗ്രിഗറി ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-65)

അറുപത്തിനാലാം മാർപാപ്പ മഹാനായ വി. ഗ്രിഗറി ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-65)

തിരുസഭയുടെ ചരിത്രത്തില്‍ മഹാനായ മാര്‍പ്പാപ്പ എന്നറിയപ്പെടുന്ന മൂന്നു മാര്‍പ്പാപ്പമാരില്‍ രണ്ടാമത്തെ മാര്‍പ്പാപ്പയാണ് വി. ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പ. സന്യാസിയായ ആദ്യത്തെ മാര്‍പ്പാപ്പയാണ് ഗ്രിഗറി മാര്‍പ്പാപ്പ. പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 590 സെപ്റ്റംബര്‍ 3-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പ തിരുസഭയിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരായ മാര്‍പ്പാപ്പമാരില്‍ ഒരാളായിരുന്നു. ആത്മാക്കളുടെ ഇടയനാകുക എന്നതാണ് യഥാര്‍ത്ഥ മെത്രാന്‍ ശുശ്രൂഷയെന്ന പുതിയ മാനം തന്റെ അജപാലനശുശ്രൂഷവഴി തിരുസഭയ്ക്കു പകര്‍ന്നു നല്കിയ വ്യക്തിയായിരുന്നു ഗ്രിഗറി മാര്‍പ്പാപ്പ. അതിനാല്‍ തന്നെ മധ്യകാലഘട്ടത്തിലെ മെത്രാന്മാര്‍ക്ക് പാഠപുസ്തകമായി തീര്‍ന്ന അജപാലനശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റെത്.


ഏ.ഡി. 540-ല്‍ ജനിച്ച ഗ്രിഗറി മാര്‍പ്പാപ്പ പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 590-ല്‍ കാലം ചെയ്യുമ്പോള്‍ ഡീക്കന്‍ മാത്രമായിരുന്നു. പെലേജിയസ് മാര്‍പ്പാപ്പയുടെ മരണത്തേതുടര്‍ന്ന് പത്രോസിന്റെ പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ സമ്മേളിച്ച സഭാനേതൃത്വം ഏകകണ്‌ഠേനേ ഡീക്കനായിരുന്ന ഗ്രിഗറിയേ സഭയുടെ പുതിയ അമരക്കാരനായി തിരഞ്ഞെടുത്തു. തന്റെ തിരഞ്ഞെടുപ്പ് വാര്‍ത്തയറിഞ്ഞയുടനെ ഗ്രിഗറി മാര്‍പ്പാപ്പ തന്റെ തിരഞ്ഞെടുപ്പിനു അംഗീകാരം നല്‍കുന്നതില്‍നിന്നും വിട്ടുനില്ക്കണമെന്ന് ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കത്ത് എഴുതി. ചക്രവര്‍ത്തിയുടെ മറുപടിക്കായി കാത്തുനില്‍ക്കാതെ മഹാമാരിയാല്‍ കഷ്ടതയനുഭവിക്കുന്ന റോമന്‍ നിവാസികളുടെയിടയില്‍ അജപാലനശുശ്രൂഷയില്‍ ഗ്രിഗറി വ്യാപൃതനായിരുന്നു. മാര്‍പ്പാപ്പയായുള്ള തിരഞ്ഞെടുപ്പ് അംഗീകരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചക്രവര്‍ത്തിയുടെ ഉത്തരവ് ഗ്രിഗറി മാര്‍പ്പാപ്പയ്ക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും റോമിന്റെ മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

താപസജീവിതം ഉപേഷിച്ച് തിരുസഭയുടെ തലവനെന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായതിലുള്ള അതൃപ്തിയും അസന്തുഷ്ടിയും ഗ്രിഗറി മാര്‍പ്പാപ്പയുടെ ആദ്യകാലത്തെ കത്തുകളില്‍ പ്രകടമായിരുന്നു. അക്കലത്തെ ക്രമസമാധാനനിലയിലെ തകര്‍ച്ചമൂലം മാര്‍പ്പാപ്പയെന്ന നിലയില്‍ അദ്ദേഹത്തിനു ഏറ്റെടുക്കേണ്ടിവന്ന ഉത്തരവാദിത്വങ്ങള്‍ പതിവിലുംഅധികമായി ഭാരമേറിയതായിരുന്നു. ആദ്ധ്യാത്മികവും സഭാപരവുമായ കാര്യങ്ങളില്‍ മുഴുകുന്നതുപ്പോലെതന്നെ താന്‍ ഭൗതീകവും രാഷ്ട്രിയപരവുമായ വ്യവഹാരങ്ങളിലേക്ക് താന്‍ കൂടുതല്‍ വലിച്ചിഴക്കപ്പെടുന്നതായി മാര്‍പ്പാപ്പയ്ക്ക് മനസ്സിലായി. അതിനാല്‍ പെട്ടന്നുതന്നെ അദ്ദേഹം ദാരിദ്ര്യവും പട്ടിണിയുമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ക്രമപ്പെടുത്തുകയും വിഭവങ്ങളുടെ സംഭരണി വര്‍ദ്ധിപ്പിക്കുന്നതിനായി ഇറ്റലി, സിസിലി, ഡാര്‍മേഷ്യ, ഗൗള്‍, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ പേപ്പല്‍ അതിര്‍ത്തികള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു. പാവങ്ങളെ സംരക്ഷിക്കുവാനും സഭയുടെ ഭൗതീക ആവശ്യങ്ങളെക്കള്‍ ഉപരിയായി കഷ്ടതയനുവഭിക്കുന്നവരുടെ പുനഃരുദ്ധാരണത്തിനും അവരുടെ സഹായത്തിനുമായുള്ള മാര്‍ഗ്ഗങ്ങളെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുവാനും പേപ്പല്‍ എസ്റ്റേറ്റുകളുടെ റെക്ടര്‍മാര്‍ക്ക് ഗ്രിഗറി മാര്‍പ്പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കി. മാത്രമല്ല, താന്‍ ദരിദ്രര്‍ക്കായി വിതരണം ചെയ്യുന്ന സ്വത്തുവകകള്‍ തനിക്കവകാശപ്പെട്ടതല്ല മറിച്ച് ദരിദ്രര്‍ക്ക് അവകാശപ്പെട്ടവയാണെന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഈ സ്വത്തുവകകള്‍ തന്റെ പിന്‍ഗാമിയായ വി. പത്രോസുവഴി തന്റെ അജഗണത്തിന്റെ സംരക്ഷണത്തിനായി തനിക്ക് നല്‍കപ്പെട്ടിരിക്കുന്നവയാണെന്ന ബോധ്യത്തില്‍നിന്നും ഉരിത്തിരിഞ്ഞതായിരുന്നു ഗ്രിഗറി മാര്‍പ്പാപ്പയുടെ പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍.

റവേന്നയിലെ എക്‌സാര്‍ക്ക് ലൊംബാര്‍ഡ് ഗോത്രവംശജരുടെ ഭീഷണിയെ നേരുടുന്നതിനായി എന്തെങ്കിലും ചെയ്യുവാന്‍ അശക്തനാണെന്ന് മനസ്സിലായപ്പോള്‍ ലൊംബാര്‍ഡുകളുടെ ഭീഷണിയെ നേരിടുന്നതിനായി ഗ്രിഗറ മാര്‍പ്പാപ്പ സ്‌പൊലേറ്റൊയിലെ ഡ്യൂക്കുമായി സഖ്യത്തിലേര്‍പ്പെടുന്നതിനായി മുന്‍കൈയെടുന്നു. എന്നാല്‍, എക്‌സാര്‍ക്ക് പ്രസ്തുത ഉടമ്പടി ലംഘിക്കുകയും ലൊബാര്‍ഡുകള്‍ റോമിനെതിരെ നീങ്ങുകയും ചെയ്തപ്പോള്‍ ഗ്രിഗറി മാര്‍പ്പാപ്പ ലൊബാര്‍ഡുകളുടെ രാജാവിന് കൈക്കൂലി നല്‍കിക്കൊണ്ടും വര്‍ഷാവര്‍ഷം പ്രതിഫലം നല്‍കാമെന്ന് വാഗ്ദനം ചെയ്തുകൊണ്ടും റോമിനെ ലൊംബാര്‍ഡുകളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ചു. തന്‍മൂലം ഗ്രിഗറി മാര്‍പ്പാപ്പ റോമിലെ ആദ്ധ്യാത്മിക നേതാവും അതുപ്പോലെതന്നെ രാഷ്ട്രിയ ഭരണകര്‍ത്താവായും ഉയര്‍ന്നുവന്നു. ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതിലും സൈന്യത്തിന് പ്രതിഫലം നല്‍കുന്നതിലും ജനറല്‍മാരെയും ഗവര്‍ണര്‍മാരെയും നിയമിക്കുന്നതിലും മാര്‍പ്പാപ്പ ശ്രദ്ധചെലുത്തി. അതേസമയം തന്നെ അദ്ദേഹം തിരുസഭയുടെ ഭരണസംവിധാനം പരിഷ്‌കരിക്കേണ്ട ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടു. വളരെ വിപുലമായ നിയമസംഹിത അദ്ദേഹം പ്രാബല്യത്തില്‍ വരുത്തി. പ്രസ്തുത നിയമസംഹിതയില്‍ ഇറ്റലിയിലെ മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും അവരുടെ പെരുമാറ്റത്തെക്കുറിച്ചും വ്യക്തമായ നിയമങ്ങള്‍ രൂപപ്പെടുത്തി. അതുപ്പോലെതന്നെ, അദ്ദേഹം പൗരോഹിത്യബ്രഹ്മചര്യം സഭയില്‍ പ്രാബല്യത്തില്‍ വരുത്തി. സ്‌പെയിനിലെയും ഗൗളിലെയും സഭാസമൂഹങ്ങളുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുവാന്‍ മാര്‍പ്പാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബ്രിട്ടണിലെ ആങ്കളോ-സാക്‌സണ്‍ അധിനിവേശക്കാരെ മാനസാന്തരപ്പെടുത്തുവാന്‍ ബ്രിട്ടണിലെ തദ്ദേശിയ വൈദികസമൂഹം പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഗ്രിഗറി മാര്‍പ്പാപ്പ കാന്റബറിയിലെ വി. അഗസ്റ്റിന്‍ എന്ന് പിന്നീടറിയപ്പെട്ട അഗസ്റ്റിനെ നാല്പ്പത് സന്യാസികളോടുകൂടി ഏ.ഡി. 596-ല്‍ ബ്രിട്ടണിലേക്ക് അയ്ച്ചു. പിന്നീട് മാര്‍പ്പാപ്പ അഗസ്റ്റിനെ കാന്റബറിയുടെ മെത്രാപ്പോലിത്തയായി നിയമിക്കുകയും അധികാരചിഹ്നമായ പാലിയം നല്കുകയും ചെയ്തു.

കോണ്‍സ്റ്റാന്റിനോപ്പിളും ചക്രവര്‍ത്തിയുമായുള്ള മാര്‍പ്പാപ്പയുടെ ബന്ധം സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു. മാര്‍പ്പാപ്പയെ റോമാസാമ്രാജ്യത്തിലെ ഒരു പ്രജയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. സഭയുടെ ഭരണസംവിധാനവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗ്രിഗറി മാര്‍പ്പാപ്പയും ചക്രവര്‍ത്തിയും പലപ്പോഴും രണ്ടു തട്ടിലായിരുന്നു. എങ്കിലും ഗ്രിഗറി മാര്‍പ്പാപ്പ മാര്‍പ്പാപ്പയുടെ പ്രാഥമികതയ്ക്കും പൗരസ്ത്യസഭയിലെപ്പോലും പ്രശ്‌നങ്ങള്‍ക്കുള്ള ഏക അപ്പീല്‍ കോടതി റോമാണെന്നും മാര്‍പ്പാപ്പ ഊന്നിപറഞ്ഞു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന വിശേഷണം തന്റെ നാമത്തോടു ചേര്‍ത്ത് ഉപയോഗിക്കുന്നതും സംബന്ധിച്ച് പെലേജിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഉടലെടുത്ത വിവാദവും സംഘര്‍ഷവും ഗ്രിഗറി മാര്‍പ്പാപ്പയുടെ കാലത്തും തുടര്‍ന്നിരുന്നു. തിരുസഭയില്‍ സാര്‍വത്രിക പാത്രിയാര്‍ക്കീസ് എന്ന വിശേഷണം മാര്‍പ്പാപ്പയക്കുപ്പോലും ഉപയോഗിക്കേണ്ടയെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. ഇത്തരമൊരു നിലപാടിലൂടെ മാര്‍പ്പാപ്പയുടെ പ്രാഥമികതപ്പോലും എളിമയില്‍നിന്നാണ് ഉരിത്തിരിയോണ്ടത് എന്ന ബോധ്യത്തില്‍നിന്നും ഉരിത്തിരിഞ്ഞതായിരുന്നു. അതിനാല്‍തന്നെ ഗ്രിഗറി മാര്‍പ്പാപ്പ തന്നെ തന്നെ ദൈവത്തിന്റെ ദാസന്മാരുടെ ദാസന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷണം അദ്ദേഹത്തിന്റെ പിന്‍ഗാമികളും തങ്ങളുടെ നാമത്തോടു ചേര്‍ത്ത് ഉപയോഗിക്കുന്ന പതിവ് ആരംഭിച്ചു.

സന്യാസതാപസ പശ്ചാത്തലത്തില്‍നിന്നും തിരുസഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി മാര്‍പ്പാപ്പ സന്യാസജീവിതത്തിന്റെ ശക്തനായ പ്രചാരകനായിരുന്നു. സഭയുടെ ആരാധനക്രമത്തെയും ആരാധനയില്‍ ഉപയോഗിക്കുന്ന ദേവാലയസംഗീതത്തിന്റെയും നവീകരണത്തിനായി പ്രയത്‌നിച്ചു. ഗ്രിഗോറിയന്‍ സംഗീതം (Gregorian Chant) എന്ന പേരില്‍ സഭയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ദേവാലയസംഗീതം ചിട്ടപ്പെടുത്തുകയും സഭിയില്‍ ആരാധനയ്ക്കായി ഉപയോഗിക്കുന്നതിനായി നല്‍കുകയും ചെയ്തത് ഗ്രിഗറി മാര്‍പ്പാപ്പയായിരുന്നു. വി. കുര്‍ബാനയില്‍ ഇന്നുപയോഗിക്കുന്ന പ്രാര്‍ത്ഥനകള്‍ പലതും ഗ്രിഗറി മാര്‍പ്പാപ്പയാണ് രൂപപ്പെടുത്തുകയും നിജപ്പെടുത്തുകയും ചെയ്തത്. അതുപ്പോലെ തന്നെ 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന വി. കുര്‍ബാനക്രമത്തില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹമാണ്. ഗ്രിഗറി മാര്‍പ്പാപ്പ സന്യാസജീവിതത്തിനും സന്യാസികള്‍ക്കും നല്‍കിയ പിന്തുണ റോമിലെ വൈദികസമൂഹത്തിനിടയില്‍ അനേകം വര്‍ഷങ്ങളോളം വിള്ളലിന് കാരണമാക്കി. വൈദികര്‍ക്കിടയിലെ പിളര്‍പ്പ് തുടര്‍ന്നുവന്ന മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. കാരണം, മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുവാന്‍ സമ്മേളിച്ചവര്‍ ഗ്രിഗോറിയന്‍ അനുകൂലികള്‍ ഗ്രിഗോറിയന്‍ വിരോധികള്‍ അതായത് സന്യാസവൈദിക അനുകൂലികള്‍ രൂപതാവൈദിക അനൂകൂലികള്‍ എന്ന നിലയില്‍ വിഘടിച്ചിരുന്നു.

ഗ്രിഗറി മാര്‍പ്പാപ്പയുടെ കൃതികള്‍ സൈദ്ധാന്തികമെന്നതിനേക്കാള്‍ പ്രായോഗികമായിരുന്നു. മധ്യകാലഘട്ടത്തിലെ വിശ്വാസികളെ ഏറെ സ്വാധീനിച്ചവയായിരുന്നു അദ്ദേഹത്തിന്റെ വേദപുസ്തക വ്യാഖ്യാനങ്ങള്‍. വി. അഗസ്റ്റിന്റെ പഠനങ്ങളെയും കൃതികളെയും ഫലപ്രദമായ രീതിയില്‍ ഏകീകരിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചു. അതിനാല്‍ തന്നെ വി അംബ്രോസ്, വി. അഗസ്റ്റിന്‍, വി. ജേേറാം എന്നിവരോടൊപ്പം ഗ്രിഗറി മാര്‍പ്പാപ്പയും വേദപാരംഗതരുടെ ഗണത്തില്‍ ഒരുവനായി എണ്ണപ്പെട്ടു. ഗ്രിഗറി മാര്‍പ്പാപ്പയുടെ വിഖ്യാതമായതും സഭയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചതുമായ ഗ്രന്ഥം പാസ്റ്ററല്‍ കെയര്‍ എന്ന ഗ്രന്ഥമായിരുന്നു. മാര്‍പ്പാപ്പയുടെ ജീവിതകാലത്തുതന്നെ പ്രസ്തുത ഗ്രന്ഥം ഗ്രീക്ക് അങ്കളോ-സാക്‌സണ്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ഗ്രന്ഥത്തിലൂടെ അജഗണങ്ങളുടെ ആവശ്യകതകള്‍ മനസ്സിലാക്കി അജപാലനശുശ്രൂഷയെ കാലാനുഗുണമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ട ആവശ്യകതയെപ്പറ്റിയും ഓരോ വ്യക്തിയുടെയും സ്വന്തം അനുഭവങ്ങളിലൂടെയും സുവിശേഷപ്രഘോഷണത്തിലൂടെയുമാണ് അജപാലനശുശ്രൂഷ നടത്തേണ്ടതെന്നും അതുപ്പോലെതന്നെ അജപാലനശുശ്രൂഷയുടെ ധ്യാനാത്മകവും സജീവവുമായ മാനങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥയായിരിക്കണമെന്നും മാര്‍പ്പാപ്പ സഭയെ ഉദ്‌ബോദിപ്പിച്ചു. വിത്യസ്ത തലങ്ങളിലുള്ള വ്യക്തകളെക്കുറിച്ചും അജപാലനദൗത്യത്തിന്റെ ഉദേശ്യത്തെപ്പറ്റിയും അജപാലകനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റിയും എപ്രകാരം വിത്യസ്തതലങ്ങളിലുള്ള വ്യക്തികളോട് സുവിശേഷപ്രഘോഷണം നടത്തണമെന്നും അജപാലകര്‍ തങ്ങളുടെ മനസാക്ഷിയെ നിരന്തരം ആത്മപരിശോധനയ്ക്ക് ആവശ്യകതയെപ്പറ്റിയും തന്റെ നാലു പുസ്തകങ്ങളിലൂടെ മാര്‍പ്പാപ്പ അജപാലകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

ദി ഡയലോഗ്‌സ് എന്ന തന്റെ ഗ്രന്ഥത്തിലൂടെ അദ്ദേഹം ഇറ്റലിയില്‍നിന്നുള്ള വിശുദ്ധരുടെ സവിശേഷമായി നര്‍സിയയിലെ വി. ബനഡിക്ടിന്റെ ജീവിതത്തെപ്പറ്റിയും അവരിലൂടെ സംഭവിച്ച അത്ഭുതങ്ങളെപ്പറ്റിയും വിവരിച്ചു. നിത്യജീവിതത്തെ ലക്ഷ്യംവെച്ചുള്ള യാത്രയില്‍ ഭൗമീകജിവിത്തില്‍ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങള്‍ നേരിടുവാന്‍ വീശ്വാസികളെ പ്രാപ്തരാക്കുക എന്നതായിരുന്ന മാര്‍പ്പാപ്പയുടെ ലക്ഷ്യം. വി. ഗ്രിഗറി മാര്‍പ്പാപ്പയുടെ ആദ്ധ്യത്മികത ലോകാവസാനം ആസന്നമാണ് എന്ന ബോധ്യത്തില്‍നിന്നും ഉരുത്തിരിഞ്ഞതായിരുന്നു. തന്റെ ഭരണകാലമുഴുവന്‍ അദ്ദേഹത്തേ വേട്ടയാടിയിരുന്ന രോഗവസ്ഥയായിരുന്നു അത്തരമൊരു ബോധ്യത്തിനു കാരണം. രക്തവാതംമൂലം കഠിനമായ വേദനയനുഭവിച്ചിരുന്ന അദ്ദേഹത്തിന് തന്റെ അവസാനക്കാലത്ത് നടക്കുവാന്‍പ്പോലും കഴിഞ്ഞിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍ ഗ്രിഗറി മാര്‍പ്പാപ്പയുടെ അവസാനക്കാലത്ത് റോമിനുമേലുള്ള മറ്റൊരു ഉപരോധത്തിനുംകൂടി സാക്ഷ്യം വഹിക്കേണ്ടിവന്നു. വീണ്ടും ക്ഷാമത്തിന്റെ പിടിയിലമര്‍ന്നുകൊണ്ടിരുന്ന റോമന്‍ ജനത മാര്‍പ്പാപ്പയുടെ അവസാനകാലത്ത് അദ്ദേഹത്തിനുനേരെ തിരിഞ്ഞു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലും മനസികമായി നേരിടേണ്ടിവന്ന വേദനകളാലും ഒത്തിരിയധികം പീഡയനുഭവിച്ച ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 604 മാര്‍ച്ച 12-ാം തീയതി ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ കബറിടത്തില്‍ 'ദൈവത്തിന്റെ പ്രതിനിധി' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.


ഇതിനു മുൻപ് ഉണ്ടായിരുന്ന മാർപ്പാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

എല്ലാ മാർപ്പാപ്പമാരേയും പറ്റി വായിക്കുവാൻ ഇവിടെ നോക്കുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.