അനുദിന വിശുദ്ധര്‍ - ജൂലൈ 01
അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയില്‍ ഓള്‍ഡ് കാസില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു പ്രഭു കുടുംബത്തില്‍ 1625 നവംബര്‍ ഒന്നിനാണ് ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. ഫാ.പാട്രിക് പ്ലങ്കറ്റിന്റെ കീഴില്‍ ലത്തീനും ഗ്രീക്കും പഠിച്ചു. 1647 ല്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളജില്‍ ചേരുകയും 1654 ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു.
ഒലിവര്‍ ക്രോംവെല്‍ 1649 ല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും കൂട്ടക്കൊലകളും തുടങ്ങി. 1650 ല്‍ ക്രോംവെല്‍ ആയര്‍ലന്‍ഡ് വിട്ടെങ്കിലും അദ്ദേഹം നടത്തിയ ആക്രമണം കത്തോലിക്കര്‍ക്കെതിരായി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനിടയാക്കി.
1650 കളില്‍ കത്തോലിക്കര്‍ ഡബ്ലിനില്‍ നിന്നും പുറത്താക്കപ്പെടുകയും കത്തോലിക്കരായ ഭൂവുടമകളുടെ ഭൂമികള്‍ പിടിച്ചടക്കപ്പെടുകയും ചെയ്തു. മത മര്‍ദ്ദകര്‍ കത്തോലിക്കാ പുരോഹിതരെ നിയമ വിരുദ്ധരാക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നവരെ തൂക്കികൊല്ലുകയോ, വെസ്റ്റ് ഇന്‍ഡീസിലേക്ക് നാടു കടത്തുകയോ ചെയ്തു. മത പീഡനത്തില്‍ പെടാതിരിക്കുവാന്‍ പ്ലങ്കെറ്റ് റോമില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു.
അയര്‍ലന്‍ഡില്‍ കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള പീഡനങ്ങള്‍ കുറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ച് അയര്‍ലന്‍ഡിലെത്തി. പിന്നീട് 1657 ല്‍ അര്‍മാഗിലെ മെത്രാനായി അഭിഷിക്തനായി. തുടര്‍ന്ന് സഭയെ പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ അജ്ഞരായ യുവാക്കളേയും പുരോഹിതരേയും പഠിപ്പിക്കുന്നതിനായി നിരവധി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. പുരോഹിതര്‍ക്കിടയില്‍ നിലനിന്നിരുന്ന മദ്യപാനത്തെ വിശുദ്ധന്‍ പൂര്‍ണമായും നിര്‍ത്തലാക്കി.
1670 ല്‍ ഡബ്ലിനില്‍ വിശുദ്ധന്‍ ഒരു സഭാ സമ്മേളനം വിളിച്ചു കൂട്ടുകയും തുടര്‍ന്ന് തന്റെ അതിരൂപതയില്‍ നിരവധി സുനഹദോസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1673 ല്‍ കത്തോലിക്കര്‍ക്കെതിരായ മതപീഡനം വീണ്ടും ആരംഭിച്ചപ്പോള്‍ വിശുദ്ധന്‍ ഒളിവില്‍ പോയി.
1678 ല്‍ ടൈറ്റസ് ഓട്ടെസിനാല്‍ ഇംഗ്ലണ്ടില്‍ കെട്ടിച്ചമക്കപ്പെട്ട 'പോപിഷ് പ്ലോട്ട്' എന്നറിയപ്പെട്ട കത്തോലിക്കാ വിരുദ്ധ ഗൂഢാലോചന കത്തോലിക്കര്‍ക്കെതിരായ നീക്കങ്ങളെ ഒന്നുകൂടി ഉത്തേജിപ്പിച്ചു. അതേ തുടര്‍ന്ന് അവിടത്തെ മെത്രാപ്പോലീത്ത അറസ്റ്റിലാവുകയും ഒലിവര്‍ പ്ലങ്കെറ്റ് വീണ്ടും ഒളിവില്‍ പോവുകയും ചെയ്തു.
1679 ഡിസംബറില്‍ പ്ലങ്കെറ്റിനെ ഡബ്ലിന്‍ കൊട്ടാരത്തില്‍ തടവിലാക്കി. തുടര്‍ന്ന് വിശുദ്ധനെ ലണ്ടനിലേക്ക് കൊണ്ട് വരികയും 1681 ജൂണില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. പ്ലങ്കറ്റിനോട് വിദ്വോഷമുണ്ടായിരുന്ന സന്യാസിമാരാണ് അദ്ദേഹത്തിനെതിരായ രാജ്യദ്രോഹ കുറ്റത്തിന് വേണ്ട കള്ളസാക്ഷ്യം നല്‍കിയത്.
1681 ജൂലൈ ഒന്നിന് ടൈബേണില്‍ വെച്ച് വിശുദ്ധനെ തൂക്കിലേറ്റി. 1920 ല്‍ ഒലിവര്‍ പ്ലങ്കെറ്റിനെ വാഴ്ത്തപ്പെട്ടവനാക്കുകയും 1975 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. വെല്‍ശിലെ ചെവിഡ്‌സ്
2. ജൂലിയൂസും ആറോണും
3. ഫ്രെഞ്ച് സന്യാസിയായിരുന്ന കാരിലെഫൂസ്
4. പ്രധാന യഹൂദ പുരോഹിതനായിരുന്ന ആറോണ്‍
5. സിനിവെസാമിലെ കാസ്തൂസും സെക്കന്തുനീസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26