മലയാളത്തില്‍ നര്‍മ്മപ്രസംഗത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന 'കാപ്പിപ്പൊടിയച്ചന്‍' എന്ന ഫാ. ജോസഫ് പുത്തന്‍പുരയെ അദ്ദേഹത്തിന്റെ വിവാദപരമായ ടിപ്പു സുല്‍ത്താന്‍ പ്രസംഗത്തിനുശേഷം ഏതാണ്ട് ഒരു വര്‍ഷമായി സമൂഹമാധ്യമങ്ങളിലൊന്നും കാണൂന്നില്ല. ജനപ്രീതിയുള്ള ക്രിസ്ത്യന്‍ പുരോഹിതരെ കരിവാരിത്തേക്കാന്‍ കിട്ടുന്ന ഓരോ അവസരവും പരമാവധി ഉപയോഗിക്കുന്ന സമൂഹ്യമാധ്യമ തീവ്രവാദം പള്ളിപ്രസംഗത്തെ പോലും വെറുതെവിടുന്നില്ല. ഇത് ആകസ്മികമായ ഒന്നല്ല; വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്ന ഒന്നാണ്. കത്തോലിക്കാ പള്ളിയില്‍ കത്തോലിക്കരോട് എന്തുസംസാരിക്കണം എന്നത് തീരുമാനിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നതു ശരിയാണ്. എന്നാല്‍, പൊതുവേ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത കത്തോലിക്കാ വൈദികരില്‍നിന്നും ഇങ്ങനെ ഒരു പരാമര്‍ശം വന്നത് പലര്‍ക്കും അംഗീകരിക്കാനായില്ല. ഇരുതലമൂര്‍ച്ച ദൃശ്യമാധ്യമത്തിലൂടെ വളര്‍ന്ന ആ പ്രാസംഗികന്റെ തളര്‍ച്ചയും ദൃശ്യമാധ്യത്തിന്റെ കുസൃതിപോലെ സൈബര്‍ അക്രമികള്‍ അതിലൂടെതന്നെ സൃഷ്ടിച്ചെടുത്തു.
ഈ പ്രസംഗത്തിന്റെ പശ്ചാത്തലവും പ്രധാനമാണ്. ഇത് ഒരു ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ ക്രിസ്തീയ വിശാസികളോട് ഒരു ക്രിസ്തീയപുരോഹിതന്‍ നടത്തിയ ധ്യാനപ്രസംഗമാണ്. പ്രസംഗത്തില്‍ സൂചിപ്പിക്കുന്നതുപോലെ അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചതിനെതിരെ മതേതരവിശ്വാസികളും പൊതുസമൂഹവും ശക്തമായി പ്രതികരിക്കുന്ന സാഹചര്യത്തിലാണ് ഇത് നടന്നത്. അതുകൊണ്ടുതന്നെ പ്രതിരോധത്തിലായിരുന്ന മുസ്ലിം സമൂഹം 'കാപ്പിപ്പൊടി'യച്ചന്റെ ഈ പ്രസംഗത്തില്‍ സഭയുടെ 'കാവി'വല്‍ക്കരണത്തെക്കുറിച്ചുള്ള ആശങ്ക പ്രകടമാക്കുകയും ചെയ്തു.
എന്നാല്‍, കുറച്ചുകൂടി വിശാലമായ ഒരു പരിസരംകൂടി ഇതിനുണ്ട്. സഭയുടെ ഓരോ വീഴ്ച്ചകളും പൊതുസമൂഹത്തില്‍ പര്‍വ്വതീകരിച്ച് അവതരിപ്പിക്കാനും ക്രൈസ്തവരെ അവഹേളിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ അസൂത്രിതമായി ഉപയോഗിക്കാനും മറ്റു സമുദായങ്ങളുടെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിന്റെ ഭാഗത്തുനിന്നും, ധാരാളമായി ഉണ്ടാകുന്ന നീക്കങ്ങളില്‍ അസ്വസ്ഥരായ ക്രൈസ്തവര്‍ അവരുടെ സഭാനേതൃത്വം പ്രതികരിക്കാത്തതിനെപ്പറ്റി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസംഗം നടന്നത്. ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സഭാനേതൃത്വത്തെയും സഭാസമൂഹത്തെയും ഇനി പ്രതികരിക്കാതിരിക്കാനാവാത്ത നിലയിലാക്കിയിരിക്കുന്നു. ജനസംഖ്യയിലെ ബോധപൂര്‍വമായ വര്‍ദ്ധനയിലൂടെ ഭൂരിപക്ഷമായി മാറിക്കൊണ്ടിരിക്കുന്നവര്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ആസൂത്രിതമായി കേരളത്തില്‍ കയ്യടക്കുന്ന കുതന്ത്രവും, സഭയുടെ ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യം വച്ചുകൊണ്ടുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും, സന്യസ്തരെയും വൈദികരെയും കൂദാശകളെയും അവഹേളിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളും സമൂഹമാധ്യമപ്രചരണങ്ങളും സിനിമകളും, പ്രവാചകനെ അവഹേളിച്ചെന്ന ആരോപണമുയര്‍ത്തി ഒരു മുസ്ലിം എഴുത്തുകാരന്റെ സിലബസിലുള്ള കൃതിയിലെ വരി ഉദ്ധരിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ക്രിസ്ത്യാനിയായതിന്റെ പേരില്‍ കൈവെട്ടിമാറ്റിയതു പോലുള്ള നഗ്നമായ തീവ്രവാദപ്രവര്‍ത്തനങ്ങളും, ലൗ ജിഹാദുപോലുള്ള പ്രവര്‍ത്തങ്ങളിലൂടെ അനേകം ക്രിസ്ത്യന്‍ യുവജനങ്ങളെ മതം മാറ്റുകയും ഐസിസ് പോലുള്ള പ്രസ്ഥാനങ്ങളിലെത്തിച്ച സംഭവങ്ങളും സഭയുടെ ചിഹ്നങ്ങളായ പുരോഹിതരുടെയും സന്യസ്തരുടെയും വീഴ്ച്ചകള്‍ ആഘോഷിക്കുകയും, സഭയില്‍ നുഴഞ്ഞുകയറി ഭിന്നിപ്പുണ്ടാക്കുകയുമൊക്കെ ചെയ്ത സംഭവങ്ങളും കത്തോലിക്കാ സഭയില്‍ പ്രതിരോധം സൃഷ്ടിക്കുന്ന വിശാലമായ പശ്ചാത്തലവും കൂടി ഈ പ്രസംഗത്തിനുണ്ട്. ഇതൊക്കെ ചെയ്യുന്ന കുറ്റവാളികളെയും തീവ്രവാദികളെയും തിരുത്തുന്നതിനുപകരം അവര്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് അവരുടെ സമുദായവും മതവും നല്‍കുന്നതെന്ന തിരിച്ചറിവും ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന കാലമാണിത്.
കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ ചരിത്രവുമായി അഭേദ്യബന്ധമുള്ള, ഏഡി 537-ല്‍ പണിത പുരാതനമായ ക്രിസ്ത്യന്‍ ദേവാലയങ്ങളായ ഈസ്താംബൂളിലെ ഹാഗിയ സോഫിയയും ഖോര പള്ളിയും അവിടുത്തെ മതതീവ്രവാദികളുടെ ആവശ്യപ്രകാരം 2020 ജൂലൈയില്‍ തുര്‍ക്കി സര്‍ക്കാര്‍ മസ്ജിദ് ആക്കിയതിനെ, ക്രിസ്ത്യാനികള്‍ അതിനായി അവകാശവാദം ഉന്നയിക്കുന്നില്ലെല്ലോയെന്ന തലതിരിഞ്ഞ ഇരവാദന്യായീകരണവുമായി മുസ്ലിം ലീഗിന്റെ നേതാവ് ചന്ദ്രികയില്‍ ലേഖനമെഴുതിയത്. ഇതിനോടൊപ്പം ഇസ്ലാമിക പ്രചാരകനായ സാക്കീര്‍ നായക് ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി സംഘടിക്കണമെന്നും, അവര്‍ വേണമെങ്കില്‍ ഒരു പുറപ്പാടിനു വേണ്ടി തയ്യാറെടുക്കണമെന്നും അതിന് മതസൗഹൃദപ്രദേശമായ കേരളം നന്നായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു. (ദി വീക്ക്, 22 ഓഗ. 2020). കേരളത്തിലേക്കുള്ള ഈ ഒഴുക്ക് 'അഥിതിത്തൊഴിലാളി'കളിലൂടെ നേരത്തെതന്നെ തുടങ്ങിയിട്ടുണ്ട്. ബംഗാളില്‍നിന്നും മറ്റ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും, ബംഗ്ലാദേശ്, മ്യാന്മാര്‍ തുടങ്ങിയ അന്യദേശങ്ങളില്‍ നിന്നുമുള്ള മുസ്ലിങ്ങള്‍ കേരളത്തില്‍ താവളം കണ്ടെത്തുന്നുണ്ടെന്ന വാര്‍ത്തകളും സമൂഹ്യമാധമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇവയെല്ലാം ശ്രദ്ധയില്‍പെട്ടിട്ടും കേരളസര്‍ക്കാര്‍ ദുരൂഹമായ മൗനം അവലംബിക്കുന്നതും അര്‍ത്ഥഗര്‍ഭമാണ് എന്ന തിരിച്ചറിവും ഇതിനു പിന്നിലെ പശ്ചാത്തലമാണ്.
ഈ പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തില്‍ രണ്ടു കാര്യങ്ങളാണ് ഇവിടെ പ്രധാന പരാമര്‍ശവിഷയമായത്: വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും കേരളം ആക്രമിച്ച ടിപ്പു സുല്‍ത്താന്‍ നടത്തിയ മതമര്‍ദ്ദനവും. കേരളത്തില്‍ ടിപ്പു നടത്തിയ യുദ്ധങ്ങളില്‍ ഒന്നുപോലും ബ്രിട്ടീഷുകാരോട് അല്ലായിരുന്നിരിക്കെ, കേരളത്തിലെ നാട്ടൂരാജ്യങ്ങളെ അന്യായമായി ആക്രമിച്ച ടിപ്പുവിനെതിരെ സംസാരിക്കുമ്പോള്‍ എന്തിനാണ് കേരളത്തില്‍ മുസ്ലിം വികാരം ശക്തമാകുന്നതെന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ എല്ലാം അടങ്ങിയിരിപ്പുണ്ട്.
ഈ പ്രസംഗത്തില്‍ ചരിത്രപരമായി കൃത്യമല്ലാത്ത കാര്യങ്ങളുണ്ടായിരിക്കാം; പക്ഷേ, അദ്ദേഹം ഒരു മതത്തെയും നിന്ദിച്ചു സംസാരിച്ചിട്ടില്ല, ചില മുസ്ലിങ്ങളുടെ പ്രവൃത്തിയെപ്പറ്റിയാണ് സംസാരിച്ചത്. എന്നാല്‍ അതിന്റെ മറവില്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുനിര്‍ത്തുകയും ഒതുക്കിനിര്‍ത്തുകയുമാണ് സൈബര്‍ അക്രമികള്‍ ചെയ്യുന്നത്. അന്യദേശക്കാരനും അന്യഭാഷക്കാരനുമായ ടിപ്പു എന്ന അധിനിവേശകന്റെ അതിക്രമങ്ങളെപ്പറ്റിയാണ് അച്ചന്‍ സംസാരിച്ചത്. ആക്രമണത്തിന്റെ ഇരകളായ അമുസ്ലിങ്ങള്‍ക്ക് അതിന്റെ തിക്താനുഭവങ്ങള്‍ പലതും പറയാനുണ്ടാവും. വാമൊഴിയായി നിലനിന്നിരുന്ന ആ കഥകളില്‍ അതിശയോക്തിയും ഉണ്ടായേക്കാം. ഈ പ്രസംഗം നടന്നതു ധ്യാനം കൂടാന്‍ വന്ന ഒരു ക്രൈസ്തവ വിശ്വാസസമൂഹത്തിലായതിനാല്‍ അവിടെ സാന്ദര്‍ഭികമായി പറഞ്ഞ ഒരു പരാമര്‍ശത്തിലെ ചരിത്രപരതയെ കുറ്റപ്പെടുത്തുമ്പോള്‍ അതിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടു.. അച്ചന്റെ രണ്ടര മിനിറ്റ് നീണ്ട ആ വിവാദ പരാമര്‍ശത്തില്‍ നിന്ന്തന്നെ തുടങ്ങാം. അച്ചന്‍ പറഞ്ഞതു ഇതാണ്:
വാഡിയാ രാജാവിന്റെ സൈന്യാധിപനായ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. കുതിരപ്പുറത്തുവന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ചു വിരട്ടി മുസ്ലിങ്ങളാക്കി; അല്ലാണ്ട് മലബാറില്‍ മുസ്ലിം സ്വീകരിച്ചതൊന്നുമല്ല. ഇതു ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ചു മതം മാറ്റിയതാ, അഞ്ഞൂറ്റിപതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറത്ത്. ... അതുകൊണ്ടാണ്, മുസ്ലിങ്ങളുടെയൊക്കെ ഈ പൗരത്വബില്ലുകളൊക്കെ വരുമ്പോള്‍ .... കാണിക്കുന്നത് തെറ്റാണ്... കേന്ദ്രത്തില്‍നിന്ന്. പക്ഷേ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. മുസ്ലിങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നതു പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ, മുസ്ലിങ്ങളെയും നമുക്കു വിശ്വസിക്കാന്‍ പറ്റുന്നവരല്ല. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേനയുള്ളതുകൊണ്ടാ... അല്ലെങ്കില്‍ മുസ്ലിങ്ങള്‍ നമ്മളെ ബോംബെയില്‍ ഇല്ലാതാക്കും. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ധ്യാനിപ്പിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ കണ്ടു ഇവരുടെ ചില പ്രവര്‍ത്തികള്‍. . .. ലോകത്തില്‍ ഒരു രാജ്യത്തേയുള്ളൂ മുസ്ലിമിങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന റോഡ്. സൗദിയില്‍. മക്കയില്‍. മുസ്ലിം റോഡാ. നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാ. അപ്പോള്‍ അങ്ങിനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ക്കാ. ഇതു പറയാതിരിക്കാന്‍ പറ്റുകേല. പക്ഷേ, ഇന്ന് കേന്ദ്രം അവരോട് കാണിച്ചത് അനീതി. അതു മറ്റൊരുവശം. പക്ഷേ, അവരും അത്ര പുണവാളന്മാരൊന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു വിഭാഗമുണ്ട്. ഏറ്റവും കൂടുതല്‍ നമ്മളെ കൊല്ലുന്നതാരാ? ഹിന്ദുക്കളാണോ? നൈജീരിയയില്‍, ഇറാഖില്‍, സിറിയയില്‍... മുസ്ലിങ്ങളാ. അതും നമ്മള്‍ ഓര്‍ക്കണം. ഇതു കൂട്ടിവായിക്കണം. കാരണം നമ്മള്‍ ഒരു പക്ഷം പിടിച്ചു വികാരത്തില്‍ ഒരു ഭാഗം പറയുമ്പോള്‍ മറുവശംകൂടിയുണ്ട്. ഓര്‍ക്കുക. നമ്മളെ കൊല്ലുന്നതു മുഴുവന്‍ മുസ്ലിങ്ങളാണ്, ലോകത്ത്. എവിടെച്ചെന്നാന്നാലും ഇന്ത്യയില്‍ നമ്മള്‍ ഒത്തിരി ക്ഷമ കാണിച്ചു കഴിയേണ്ടവരാ. അടുത്തകാലത്ത് ഈ മതഭ്രാന്തന്മാര്‍ വന്നതിനു ശേഷമാണ് ഈ ബഹളം. അല്ലെങ്കില്‍ നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത് ഇവരാ. ഇതു കൂട്ടത്തില്‍ ചേര്‍ത്തു വായിക്കുക. അപ്പോള്‍, അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങിനെ വന്ന് വന്ന് ആലുവാ കഴിഞ്ഞു പോകുമ്പോള്‍, ആലങ്ങാട് പ്രദേശത്ത് വരുന്ന ആ സമയത്ത് അവിടെ പെട്ടന്ന് വഴിയിലെ മാവ് അങ്ങു വളഞ്ഞു. മാവു വളഞ്ഞപ്പോള്‍ ടിപ്പുവിന്റെ പട്ടാളത്തിന് മുന്നോട്ടുപോകാന്‍ പറ്റിയില്ല. മുമ്പോട്ട് നീങ്ങാന്‍ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്ന് അറിയപ്പെടുക. അങ്ങിനെ പട്ടാളം വരുമ്പോള്‍, ചേറായി ബീച്ചില്‍ ഒരു പള്ളിയില്‍ വരുമ്പോള്‍ ശക്തമായ മഞ്ഞ്. എട്ടുനോമ്പിന്റെ കാലമാണ്. ആള്‍ക്കാര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയാണ്. അവിടെ ശക്തമായ മഞ്ഞില്‍ ഈ പള്ളി അങ്ങു മറഞ്ഞുപോയി. പള്ളി അങ്ങു മറഞ്ഞുകഴിഞ്ഞപ്പോള്‍ ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോളാണ് വാഡിയാറിലെ മറ്റൊരു യുദ്ധം ടിപ്പിവിനെ തിരിച്ചു വിളിച്ചത്. അങ്ങിനെ പോയിരുന്നില്ലെങ്കില്‍ അഞ്ഞൂറു വര്‍ഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂര്‍, പത്തനംതിട്ട, ദേവലോകം, വാകയാര്‍, റാന്നി ഇങ്ങനെ ഒറ്റപ്പോക്ക് പോയേനെ. അങ്ങിനെയെങ്ങാനും പോയിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെയൊക്കെ പേര്‍ ഫാത്തിമ, സുലേഖ, ബഷീര്‍, മുസ്തഫ...
ചരിത്രാധ്യാപകനല്ല ഈ വൈദികന്‍. ഇതിലും എത്രയോ അബദ്ധങ്ങള്‍ മൈക്ക്‌കെട്ടി പൊതു സമൂഹത്തിലേക്ക് പ്രകോപനകരമായി ഇസ്ലാം പ്രഭാഷകര്‍ വിളിച്ചുപറയുന്നുണ്ടെന്നത് ഇവിടെ സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന മുസ്ലിങ്ങള്‍ എന്തെല്ലാം പ്രകോപനമുണ്ടാക്കിയാലും ക്രൈസ്തവര്‍ സംയമനം കൈവിടാന്‍ പാടില്ലെന്ന ആഗ്രഹം വളരെ വിചിത്രമായ ഒരാവശ്യമാണ്. നസ്രാണികളുടെ അനുഭവം കൊണ്ട് ''മുസ്ലിങ്ങളെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നവരല്ല'' എന്ന് പറഞ്ഞതാണ് പലരെയും ചൊടിപ്പിച്ചത്. ''നൈജീരിയയില്‍, ഇറാഖില്‍, സിറിയയില്‍'' ഇവിടെയൊക്കെ ബോക്കൊ ഹറാം, അല്‍ ഖൈ്വദ, ഐസിസ് തുടങ്ങി പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദത്തെക്കുറിച്ചാണ് പരാമര്‍ശം. ഇസ്ലാം വിരുദ്ധമായ ഈ തീവ്രവാദത്തിനെതിരെ ശബ്ദിക്കേണ്ടത് പ്രധാനമായും മുസ്ലിങ്ങള്‍ തന്നെയാണ്. ഇവിടെ ഇസ്ലാമിനെക്കുറിച്ചോ ഖുറാനെക്കുറിച്ചോ, മുഹമ്മദിനെക്കുറിച്ചോ അല്ല പറയുന്നതെന്നത് ശ്രദ്ധേയമാണ്.
രണ്ടും പകല്‍ പോലെ സത്യവുമാണ്. ''സത്യം ബ്രൂയാദ്, പ്രിയം ബ്രൂയാദ്, ന ബ്രൂയാദ് സത്യം അപ്രിയം'' എന്നതാണല്ലോ സംസാര ചാതുരിയുടെ രഹസ്യം. എന്നാല്‍, അപ്രിയകരമായ കാര്യങ്ങള്‍ പ്രിയകരമായി പറഞ്ഞിരുന്ന അച്ചന്റെ ആ കഴിവ് കത്തോലിക്കാ സഭ നേരിടുന്ന ആ വലിയ പ്രതിസന്ധിയുടെമുന്നില്‍ ഒരു മിനിറ്റ് നേരത്തേക്ക് അസ്തമിച്ചുപോയി എന്നതേയുള്ളൂ. വേണ്ടത്ര ചരിത്രാവധാനതയില്ലാതെ അച്ചന്‍ പറഞ്ഞവ ''പ്രിയം ച നാനൃതം ബ്രൂയാത്'' എന്ന സനാതന ധര്‍മ്മത്തിന് വിരുദ്ധമായി പ്രിയകരമായി കള്ളങ്ങള്‍ അവതരിപ്പിക്കുന്നവരുടെ മതേതര മുഖംമൂടി അഴിപ്പിച്ചു. എന്നിട്ടും, ചില കാര്യങ്ങളിലെ കൃത്യമല്ലായ്മയുടെ മറവില്‍ പല അപ്രിയ ചരിത്രയാഥാര്‍ത്ഥ്യങ്ങളെയും സമര്‍ത്ഥമായി ന്യായീകരിച്ചാണ് അച്ചനെതിരെ സൈബര്‍ ആക്രമണം നടത്തിയത്.
ഇനി ചരിത്രം എന്താണെന്ന് നോക്കാം. 1600-ല്‍ പോര്‍ച്ചുഗീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി തനിക്കുമീതെ വളര്‍ന്ന കുഞ്ഞാലി മരക്കാര്‍ നാലാമനെ പോര്‍ച്ചുഗീസുകാരുമായിച്ചേര്‍ന്ന് മരക്കാര്‍കോട്ട ആക്രമിച്ച് സാമൂതിരി തടവിലാക്കി. പോര്‍ച്ചുഗീസുകാര്‍ക്ക് കൈമാറിയ മരക്കാരുടെ തല വെട്ടിയെടുത്ത് ഉപ്പിലിട്ടു പോര്‍ച്ചുഗീസുകാര്‍ ഭീതി പരത്തി. ഈ സംഭവത്തോടേ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂതിരി-മുസ്ലിം ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടായി. പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമായി സമൂതിരി നിലകൊണ്ടപ്പോള്‍ മലബാറിന്റെ വ്യാപരക്കുത്തക നഷടപ്പെട്ട മുസ്ലിങ്ങള്‍ അതു തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായി രചിക്കപ്പെട്ട തുഹ്ഫത്തുള്‍ മുജാഹിദ്ദീന്‍, ഫത്തുള്‍ മുബീന്‍ എന്നിവയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ജിഹാദ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. അരനൂറ്റാണ്ടിന്റെ അടിച്ചമര്‍ത്തല്‍ സഹിച്ച മുസ്ലിങ്ങള്‍ക്ക് ഹൈദറും ടിപ്പുവും മലബാറില്‍ നടത്തിയ അധിനിവേശം ഇതിനുള്ള സുവര്‍ണ്ണാവസരമായി തോന്നി.
മൈസൂറിലെ വൊഡയാര്‍ രാജാവിന്റെ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായ ഹൈദരാലി ഖാന്റെ (1720-1782) മകനായ ഫത്തേ അലി ഖാനാണ് (20 നവം. 1750- 4 മെയ് 1799) ടിപ്പു സുല്‍ത്താന്‍ (1782-1799) എന്നറിയപ്പെടുന്നത്. കൃഷ്ണരാജ വൊഡെയാര്‍ രണ്ടാമന്‍ ഹൈദരാലിയെ മൈസൂറിലെ ദളവയും, സര്‍വ്വാധികാരിയും, സുല്‍ത്താനും ഒക്കെയായി അവരോധിച്ചശേഷം ഹൈദര്‍ സ്വന്തമാക്കിയ രാജ്യമാണ് ടിപ്പുവിന് ലഭിച്ചത്. ബേഡന്നൂരിലെ (ഇക്കേരി/കേലാടി) നായന്മാരെ കീഴ്‌പ്പെടുത്തിയശേഷം ചിറക്കല്‍ (കോലത്തുനാട്), കോട്ടയം, കടത്തനാട്, കോഴിക്കോട്, വള്ളുവനാട്, പാലക്കാട്, കൊച്ചി എന്നീ രാജ്യങ്ങള്‍ കപ്പം കൊടുത്തുകൊണ്ട് 1760 മുതല്‍ 1790 വരെ ഹൈദര്‍-ടിപ്പു മേല്‍ ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മാത്രമാണ് എതിര്‍ത്തു നിന്നത്. 1767-ല്‍ തിരുവിതാംകൂറിനെ കീഴടക്കാന്‍ ഹൈദര്‍ പരാജയപ്പെട്ടിരുന്നു. വീണ്ടും 1788-ല്‍ അതു പിടിച്ചെടുക്കാനുള്ള മറ്റൊരു ശ്രമവും ഫലവത്തായില്ല. തിരുവിതാംകൂറിന്റെ സമ്പത്തും, തുറമുഖങ്ങളും, ക്ഷേത്രനിധികളും മൈസൂറിനെ വല്ലാതെ പ്രലോഭിപ്പിച്ചുകൊണ്ടിരിന്നു. കൊച്ചി വഴി തിരുവിതാംകൂറിനെ സ്വാധീനിക്കാന്‍ ടിപ്പു ശ്രമിച്ചെങ്കിലും, അതും ഫലം കണ്ടില്ല. 1789-90-ല്‍ ഒരിക്കല്‍ക്കൂടി ടിപ്പു വന്‍ സന്നാഹങ്ങളുമായി എത്തിയെങ്കിലും വിജയിക്കാനാവാതെ തിരിച്ചുപോകേണ്ടി വന്നു. ഈ പടനീക്കങ്ങളില്‍ ഹൈദറും ടിപ്പുവും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ മതമര്‍ദ്ദനം നടത്തിയിരുന്നു എന്ന് മിക്കാവാറും എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും കരുതുമ്പോള്‍ ചില മുസ്ലിങ്ങള്‍ ഹൈദറിനെയും ടിപ്പുവിനെയും പരിഷ്‌കര്‍ത്താക്കളായി വിലയിരുത്തുന്നു.
ഹൈദറിനു മുന്‍പും മൈസൂര്‍ സൈന്യം കേരളം ആക്രമിച്ചിട്ടുണ്ട്. കോലത്തിരിയുമായി ശത്രുതയിലായിരുന്ന അറക്കല്‍ രാജവംശം ക്ഷണിച്ചതനുസരിച്ച് 1732-ല്‍ കാനറ സൈന്യം കോലത്തുനാട് കീഴടക്കിയിട്ടുണ്ട്. എന്നാല്‍ 1755മുതല്‍ 1790വരെ അര നൂറ്റാണ്ടോളം നീണ്ട ഹൈദര്‍-ടിപ്പു കേരളാക്രമണം നടന്നത് 1755-ല്‍ സാമൂതിരി പാലക്കാട്ട് ആക്രമിച്ച് നടുവട്ടം കീഴടക്കിയപ്പോള്‍ അക്കാലത്ത് മൈസൂറിന്റെ ഫൗജ്ദാരായി ഡിണ്ടിഗലില്‍ താവളമടിച്ചിരുന്ന ഹൈദരാലിയെ പാലക്കാട്ട് രാജാവായ കോമി അച്ചന്‍ സഹായത്തിന് വിളിച്ചപ്പോള്‍ മുതലാണ്. പാലക്കാട്ടു ചുരം വഴിയെത്തിയ ഹൈദറിന്റെ മൈസൂര്‍പട കൊഴിക്കോട് പ്രവേശിക്കുന്നതിന് മുമ്പുതന്നെ സാമൂതിരി 12 ലക്ഷം രൂപ വാഗ്ദാനം ചെയ്തു തിരിച്ചയച്ചു. ഇതോടെ സാമ്രാജ്യ മോഹിയായ ഹൈദറിന് പാലക്കാടിന്റെയും കോഴിക്കോടിന്റെയും ദൗര്‍ബല്യങ്ങള്‍ മനസ്സിലായി. ഈ ആക്രമണത്തില്‍ സംപ്രീതനായ മൈസൂര്‍ രാജാവ് ഹൈദരാലിയെ ബാംഗ്ലൂരിന്റെ ജാഗീര്‍ദാരായി (ഗവര്‍ണര്‍) നിയമിച്ചു.
ഇക്കാലത്ത് മലബാറില്‍ മറ്റു ചില സംഭവങ്ങള്‍ അരങ്ങേറി. 1756-ല്‍ കോലത്തിരിയുടെ പുത്രിയെ കണ്ണൂരിലെ ആലിരാജാ വിവാഹം ചെയ്തു. തുടര്‍ന്ന് ആലിരാജായെ പിന്തുടര്‍ച്ചക്കാരനാക്കിയ കോലത്തിരിയുടെ നടപടി പിന്മുറക്കാരായിരുന്ന നായന്മരെ പ്രകോപിപ്പിച്ചു. നായന്മാര്‍ മുസ്ലിങ്ങള്‍ക്കെതിരായപ്പോള്‍ ആലിരാജാ കുഞ്ഞിഹംസ (1745-1777) മൈസൂറിലെ ശക്തനായ ഹൈദരാലിയുടെ സഹായം തേടി. 1763-ല്‍ മലബാറിന്റെ അയല്‍രാജ്യമായ ബേഡന്നൂരിലെ ഇക്കേരി നായ്ക്കന്മാരെ ആക്രമിച്ച് അവരുടെ നിധി കൊള്ളയടിച്ച ഹൈദര്‍ കുഞ്ഞിഹംസയെ പത്തു ചെറുകപ്പലുകളും മുപ്പത് ഇരുപായ് കപ്പലുകളും അടങ്ങുന്ന നാവികപ്പടയുടെ അമീറുള്‍ ബഹര്‍ ആയി നിയമിച്ചു. ബേഡന്നൂര്‍ വിഷയത്തില്‍ നീലേശ്വരം രാജാവുമായി ഹൈദര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഹൈദര്‍ നീലേശ്വരത്തുനിന്നും ദത്തെടുക്കപ്പെട്ട കോഴിക്കോട് സാമൂതിരിക്കെതിരെ പിന്നീട് ആക്രമണം നടത്തിയതും, മലബാറിലെ യൂറോപ്യന്‍ ശക്തികള്‍ നിഷ്പക്ഷരായിരിക്കുമെന്ന് തന്റെ ദൂതരിലൂടെ ഉറപ്പിച്ചതും, കണ്ണുരിലെ ആലിരാജയെ തന്റെ നാവികസേനായുടെ തലവനായി നിയമിച്ചതും മലബാര്‍ പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു. ഹൈദറിനുവേണ്ടി ആലിരാജാ മാലദ്വീപ് കീഴടക്കിയെങ്കിലും അവിടുത്തെ സുല്‍ത്താനായ ഹസ്സന്‍ ഇസ്സൂസുദ്ദീനെ അന്ധനാക്കി മൈസൂറില്‍ എത്തിച്ച ആലിരാജായോട് ഹൈദര്‍ ക്ഷുഭിതനാവുകയും ആലിരാജയെ അമീറുള്‍ ബഹര്‍ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. ഇതു മാപ്പിളമാരുടെ നാശത്തിന്റെ തുടക്കമാണെന്ന് കരുതിയ നായന്മാര്‍ മുസ്ലിങ്ങളെ ആക്രമിച്ചു.
നിശാനേ ഹൈദരി, കാര്‍നാമായേ ഹൈദരി, ഹംലത്തേ ഹൈദരി എന്നീ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാകുന്നതുപോലെ, കോഴിക്കോടിന്റെ മേല്‍കോയ്മയില്‍ നിന്നും സ്വതന്ത്രനാകാനാഗ്രഹിച്ച കണ്ണൂരിലെ ആലിരാജയുടെ ക്ഷണപ്രകാരമാണ് 1766 ഫെബ്രുവരി 10 ന് ഹൈദരാലി സാമൂതിരിയെ ആക്രമിക്കാനെത്തിയത്. കാലാള്‍പ്പടയും കുതിരപ്പടയും പീരങ്കിപ്പടയുമായി മംഗലാപുരത്തുനിന്നെത്തിയ മൈസൂര്‍ സേനയോടുകൂടി ആലിരാജയുടെ സൈന്യവും ചേര്‍ന്ന് കണ്ണൂര്‍ മുതല്‍ ആക്രമണം നടത്തി. ബാലിയാപുരത്തും മാടായിയിലും നടന്ന യുദ്ധങ്ങളില്‍ നായന്മാരെ പരാജയപ്പെടുത്തി. കോലത്തിരിയുടെ കൊട്ടാരം പിടിച്ചെടുത്ത അറക്കല്‍ സേന കോലത്തിരിയുടെ കൊട്ടാരം കത്തിച്ചപ്പോള്‍ കോലത്തിരി തലശ്ശേരിയിലെ ഇംഗ്ലീഷ് ഫാക്ടറിയില്‍ അഭയം തേടി. മാര്‍ച്ച് 15-ന് ഹൈദര്‍ കോട്ടയത്ത് ചെന്നപ്പോള്‍ കോട്ടയം രാജാവിന്റെ മുസ്ലിം സൈനികര്‍ കൂറുമാറി ഹൈദറിന്റെ പക്ഷത്തു ചേര്‍ന്നു. കടത്തനാട്ടില്‍ എതിര്‍പ്പുകള്‍ നേരിട്ട ഹൈദര്‍ രക്തരൂക്ഷിതമായ യുദ്ധത്തില്‍ കോഴിക്കോട് സാമൂതിരിയെ പരാജയപ്പെടുത്തി. കഴിഞ്ഞതവണ തരാമെന്ന് പറഞ്ഞിരുന്ന 12 ലക്ഷം രൂപ മുഴുവനും സാമൂതിരി നല്‍കിയിട്ടില്ലെന്നും 120000 രൂപ മാത്രമാണ് നല്‍കിയതെന്നും ഹൈദര്‍ ആരോപിച്ചു. ഇരിങ്ങലില്‍ (വടകര) വച്ചു നടന്ന യുദ്ധത്തില്‍ പരാജയപ്പെട്ട സാമൂതിരിയോട് അസാധ്യമായ ഒരു കോടി സ്വര്‍ണ്ണ മൊഹറാണ് സന്ധിസംഭാഷണത്തില്‍ ആവശ്യപ്പെട്ടത്. വീട്ടുതടങ്കലിലായ സാമൂതിരി സഹോദരിമാരെ പൊന്നാനിയിലേക്കയച്ചശേഷം 1766 ഏപ്രില്‍ 6-ന് കോവിലകത്തിന് തീ കൊളുത്തി ആത്മാഹൂതി ചെയ്തു. ഹൈദറുമായി സന്ധിസംഭാഷണത്തിനായി പോയ നമ്പൂതിരിയുടെ ആത്മകഥയായ വെള്ളയുടെ ആത്മകഥയില്‍ പറയുന്നത് ഇങ്ങിനെയാണ്:
ഐതുല നാഥന്‍ എന്നൊരു തുലുക്കന്‍, നവാഭെന്നു പെരാകുന്നു. എത്രയും വലിയ ശക്തന്‍. പരദെശവും വളരെ അടക്കി. അയാളെ ജയിപ്പാനും ദ്രവ്യം കൊടുത്തു നില്‍പ്പാനും ആ കൂട്ടത്തില്‍നിന്ന് പിരിഞ്ഞു പൊരുവാനും വൈഷമ്യം തന്നെ എന്ന് ഉറപ്പുകൊണ്ട് ഇനി അഗ്നിപ്രവെശം ചെയ്ത് ദെഹനാശം ചെയ്ക എന്നുവച്ച് കോഴിക്കോട്ടെ അയംപാടി കോവിലകത്ത് ഒരു ഭവനത്തചന്റ ഇരിക്കുന്നെടത്ത് ആരും അറിയാതെ അതിന്റെ കൊപ്പുകൂട്ടി അതില്‍ ഇരുന്ന ഭവനത്തൊടുകൂടി അഗ്നികൊളുത്തി അതില്‍ ഇരുന്ന് ദഹിക്കയും ചെയ്തു. അങ്ങനെ അഗ്നിപ്രവെശം ഇപ്പൊള്‍ ഓര്‍ത്താല്‍ സാധിക്കുന്നതും അല്ല. മോക്ഷപ്രാപ്തി എന്നെ പറയെണ്ടു. അതി അവസ്ഥ.
കോഴിക്കോടും പൊന്നാനിയിലും താവളം ഉറപ്പിച്ച ഹൈദര്‍ തിരുവിതാംകൂറിനോടും കൊച്ചിയോടും കീഴടങ്ങാനാവശ്യപ്പെട്ടു. പ്രതിവര്‍ഷം രണ്ടു ലക്ഷം രൂപയും രണ്ട് ആനകളെയും കപ്പം കൊടുക്കാമെന്ന് കൊച്ചി സമ്മതിച്ചപ്പോള്‍ തിരുവിതാംകൂര്‍ വിസമ്മതിച്ചു. കാലവര്‍ഷം പ്രതികൂലമായതിനാല്‍ മാത്രമാണ് കൊച്ചി പിടിച്ചടക്കരുതെന്ന ഡച്ചുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹൈദര്‍ 1766 ജൂണില്‍ കോയമ്പത്തൂര്‍ക്ക് മടങ്ങിയത്. എന്നാല്‍, 1767-മുതല്‍ ഹൈദര്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്ന്‌വേണം മനസ്സിലാക്കാന്‍.
ഹൈദര്‍ തിരിച്ചു പോയശേഷം കോഴിക്കോട്ടെ ഏറാള്‍പ്പാട് തെക്കേ മലബാറില്‍ നിന്നും മംഗലാപുരത്തും മലബാറിലും ഒളിവിലിരുന്നവരും ഹൈദറിനെ ആക്രമിച്ചുകൊണ്ടിരുന്നു. മടിക്കേരിയില്‍ നിന്നും റേസാഖാനെയും പട്ടാളത്തെയും ഹൈദര്‍ അയച്ചെങ്കിലും, കാലവര്‍ഷവും ഭാരതപ്പുഴയിലെ വെള്ളവും കാരണം റേസാഖാന്റെ തന്നെ നില പരുങ്ങലിലായി. 1768-ല്‍ ഹൈദര്‍ 3000 കുതിരപ്പട്ടാളവും 10000 കാലാള്‍പ്പടയുമായി കുതിച്ചെത്തി. താനൂര്‍ യുദ്ധത്തില്‍ ജയിച്ച ഹൈദര്‍ നായന്മാരുടെ പല അവകാശങ്ങളും എടുത്തുകളയുകയും 1500-ത്തോളം നായന്മാരെ ശ്രീരംഗപട്ടണത്തേക്ക് തടവുകാരായി അയക്കുകയും ചെയ്തു. ഇംഗ്ലീഷുകാരെ സഹായിച്ചെന്ന പേരില്‍ മംഗലാപുരത്തെ ക്രിസ്ത്യാനികളെയും മലബാറില്‍ കലാപമുയര്‍ത്തിയ നായന്മാരെയും കൂട്ടാളികളെയും കൂട്ടക്കുരുതി ചെയ്തു. മലബാറില്‍ നായന്മാര്‍ ആയുധം കൊണ്ടുനടക്കുന്നത് നിരോധിച്ചു. കോട്ടയം രാജാവിന്റെ ഒളിയുദ്ധക്കാര്‍ ഹൈദറിന്റെ ചരക്കുനീക്കങ്ങള്‍ തകര്‍ത്തപ്പോള്‍ ഇംഗ്ലീഷുകാര്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഹൈദരിന്റെ ആയുധപ്പുര ഉപരോധിച്ചു കൊണ്ട് അറക്കലേക്കുള്ള ആയുധനീക്കം തടഞ്ഞു. ഇതിന് തടയിടാനും പാലക്കാട്ട് കോട്ട നിര്‍മ്മിക്കാനുമായി ശ്രീരംഗപട്ടണത്തേക്ക് ബ്രിട്ടീഷ് പട്ടാളം നീങ്ങുന്നെന്നറിഞ്ഞ ഹൈദര്‍ മലബാറില്‍നിന്നും 1768-ല്‍ തന്ത്രപരമായി പിന്‍വാങ്ങി. ഇതിനിടയില്‍ മസ്‌കറ്റ്, പേര്‍ഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പാശ്ചാത്യ ശക്തികള്‍ക്കെതിരെ സൈനിക, വാണിജ്യ സഹകരണമുണ്ടാക്കി.
1771-ല്‍ ഹൈദറിനുവേണ്ടി സര്‍ദാര്‍ ഖാന്‍ തൃശൂര്‍ ആക്രമിച്ചു. എന്നാല്‍, കോഴിക്കോട് പിടിച്ചെടുത്ത ബ്രിട്ടീഷുകാരുമായി ഉണ്ടായ യുദ്ധത്തില്‍ സര്‍ദാര്‍ ഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹൈദര്‍ അയച്ച മുഖറം അലിയെയും 7000 പടയാളികളെയും ബ്രിട്ടീഷുകാരും നായന്മാരും ചേര്‍ന്ന് തുരത്തി. അവിടെത്തിയ ടിപ്പു ബ്രിട്ടീഷ് പട്ടാളം സുരക്ഷിതരായി താവളമടിച്ചിരുന്ന പൊന്നാനിക്കോട്ട ഉപരോധിച്ചു. 1773-ല്‍ താമരശ്ശേരി ചുരം വഴി ഹൈദരിന്റെ സേന സയ്യിദ് സാഹിബിന്റെ കീഴില്‍ മലബാറിലേക്ക് നീങ്ങി.
മലബാറില്‍ നിന്ന്പലായനം ചെയ്തവര്‍ക്ക് രാഷ്ട്രീയ അഭയം നല്കിയതുകൊണ്ടുള്ള വിരോധം കൊണ്ടെന്ന മറവില്‍ 1774-ല്‍ പത്മനാഭ ക്ഷേത്രനിധി കൊള്ളയടിക്കാനാണ് ഹൈദര്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. തങ്ങളുടെ നിയന്ത്രണമേഖലയിലൂടെ കടക്കാന്‍ ഹൈദര്‍ക്ക് ഡച്ചുകാര്‍ അനുമതി നിഷേധിച്ചു. ഹൈദര്‍ കൊച്ചിയോട് 4 ലക്ഷം രൂപയും 10് ആനകളും തിരുവിതാംകൂറിനോട് 15 ലക്ഷം രൂപയും 30 ആനകളും കപ്പം ആവശ്യപ്പെട്ടു. കൊച്ചി സമ്മതിച്ചെങ്കിലും, തിരുവിതാംകൂര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് തൃശൂര്‍, ഐരൂര്‍, ചേറ്റുവാ കോട്ടകള്‍ പിടിച്ചെടുത്തു മുന്നേറിയ മൈസൂറിനുമുന്നില്‍ കൊടുങ്ങല്ലൂര്‍ കീഴടങ്ങിയെങ്കിലും, 1778-ല്‍ ഡച്ചുകാര്‍ കൊടുങ്ങല്ലൂര്‍ കോട്ട തിരിച്ചുപിടിച്ചു. പോണ്ടിച്ചേരി പിടിച്ചെടുത്ത ബ്രിട്ടീഷുകാരുമായി ശത്രുതയുള്ള ഫ്രഞ്ചുകാരുമായി പാലക്കാടും കോഴിക്കോടും നഷ്ടപ്പെട്ട ഹൈദര്‍ 1778-ല്‍ സഖ്യത്തിലേര്‍പ്പെട്ടു. മൈസൂര്‍ പക്ഷക്കാരനായ ഒരാളെ പുതിയ കോലത്തിരിയായി അവരോധിച്ച ഹൈദര്‍ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന കടത്തനാട്ടെയും കോട്ടയത്തെയും രാജാക്കന്മാരെ നീക്കം ചെയ്തു. 1779-ല്‍ മാഹി പിടിച്ചെടുത്ത ഇംഗ്ലീഷുകാര്‍ക്കെതിരെ ജൂലൈ 2-ന് യുദ്ധം പ്രഖ്യാപിച്ച ഹൈദര്‍ക്ക് 1782 ഫെബ്രുവരിയോടെ കോഴിക്കോടും പാലക്കാട് കോട്ടയും ധര്‍മ്മടവും നഷ്ടപ്പെട്ടു. 1782-ള്‍ തലശ്ശേരിയിലെ മൈസൂര്‍പടയെ നായര്‍പടയാളികള്‍ ആക്രമിച്ചു. സര്‍ദാര്‍ഖാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഹൈദര്‍ ടിപ്പുവിനെ ബ്രിട്ടീഷുകാരെ നേരിടാനയച്ചു. തെക്ക്‌നിന്ന് ബ്രിട്ടീഷുകാരെ ആക്രമിക്കാനയച്ച മുഖറം അലി തിരൂരങ്ങാടി യുദ്ധത്തില്‍ കൊല്ലപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരെ പൊന്നാനിക്കോട്ടയില്‍ ഉപരോധിക്കുന്നതില്‍ ടിപ്പു വിജയിച്ചു. പക്ഷേ, ടിപ്പുവിന് ബോംബെയില്‍നിന്നും ബ്രിട്ടീഷുകാര്‍ ജനറല്‍ മാത്യൂസിന്റെ കീഴില്‍ അയച്ചിരുന്ന സൈന്യത്തെ നേരിടേണ്ടിവന്നില്ല. അതിന്മുന്‍പുതന്നെ ഹൈദറിന്റെ മരണവാര്‍ത്ത അറിഞ്ഞ ടിപ്പു ഭരണം ഏറ്റെടുക്കാന്‍ വേണ്ടി മൈസൂറിലേക്ക് മടങ്ങി. ജനറല്‍ മാത്യൂസിന്റെ സൈന്യം 1783 മാര്‍ച്ചില്‍ മംഗലാപുരം കീഴടക്കി. വീണ്ടും ഒരു ഉപരോധത്തിലൂടെ ടിപ്പു മംഗലാപുരവും ആക്രമണത്തിലൂടെ ബേഡന്നൂരും തിരിച്ചുപിടിച്ചു. ബ്രിട്ടീഷുകാര്‍ നവംബര്‍ 14-ന് പാലക്കാട് കോട്ടയും ഡിസംബറില്‍ അറക്കല്‍ രാജായുടെ കയ്യില്‍നിന്ന് കണ്ണൂരും തിരിച്ചുപിടിച്ചു. 1784-മാര്‍ച്ച് 11-ന് നടന്ന രണ്ടാം ആംഗ്ലോ-മൈസൂര്‍ ഉടമ്പടിയോടെ ബ്രിടീഷുകാരും നായര്‍ രാജാക്കന്മാരും വടക്കേ മലബാറും, മൈസൂര്‍ തെക്കേമലബാറും കൈക്കലാക്കി.
1788-ല്‍ മലബാര്‍ സന്ദര്‍ശിച്ച ടിപ്പു തന്റെ മകന്‍ അബ്ദുല്‍ ഖാലിദും അറക്കല്‍ ബീവി ജുമാബിയുടെ (1745-1819) മകളും തമ്മിലുള്ള നിക്കാഹ് നടത്തുകയും ഒരു പുതിയ പട്ടണം പണിത് കോഴിക്കോട്ടുനിന്നും ഫറൂക്കബാദിലേക്ക് (ഇന്നത്തെ ഫെറോക്ക്) തലസ്ഥാനം മാറ്റുകയും ചെയ്തു. കേരളത്തില്‍ ഇസ്ലാമാബാദ് (കോഴിക്കോട്), ശാനാബാദ് (കണ്ണൂര്‍), സുല്‍ത്താനബാദ് (വായ്പ്പൂര്‍/ബേപ്പൂര്‍); മറ്റു സംസ്ഥാനങ്ങളില്‍ ജലാലബാദ് (മംഗലാപുരം), നസാരബാദ് (മൈസൂര്‍), ഫായിസ് ഹിസ്സാര്‍ (ഗൂട്ടി), കര്‍ഷദ്ബാദ് (ധര്‍വാര്‍), മുസ്ത്ഫാബാദ് (രത്‌നഗിരി), ഖാലിക്കബാദ് (ഡിണ്ടിഗല്‍) എന്നിങ്ങാനെ പല പ്രദേശങ്ങളുടെയും പേരുകള്‍ ടിപ്പു മാറ്റിയിരുന്നു..
മലബാറിലെ ചിറക്കല്‍ കോലത്തിരി, കോഴിക്കോട് സാമൂതിരി, പരപ്പനങ്ങാട്, ബല്ലുശ്ശേരി, കുറുമ്പ്രനാട്, കടത്തനാട്, പാലക്കാട് തുടങ്ങി മിക്കവാറും എല്ലാ രാജകുടുംബങ്ങളിലെയും, പുന്നത്തൂര്‍, കവളപ്പാറ, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ പ്രഭുകുടുംബങ്ങളിലെയും സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ സമ്പത്തും ആ പ്രദേശങ്ങലിലെ അമ്പലങ്ങളിലെ സമ്പത്തുമായി തിരുവിതാംകൂറില്‍ അഭയം തേടി പല ഭാഗങ്ങളിലായി താമസിച്ചു. പലരും യുദ്ധത്തിന് ശേഷവും തിരുവിതാംകൂറില്‍ തന്നെ തുടര്‍ന്നു. കൊച്ചി രാജകുടുംബം പോലും വൈക്കം കൊട്ടാരത്തിലേക്ക് മാറിത്താമസിച്ചു.
ഈ ആക്രമണങ്ങള്‍ക്കിടയില്‍ പല അമുസ്ലിം ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. തളിപ്പറമ്പ്, തൃച്ചമ്പലം, പോന്നേരി (വടകര), തിരുവങ്ങാട് (തലശ്ശേരി), പെരുമനം, തൃപ്രങ്ങോട്ട്, മാറാഞ്ചേരി, ഇരിങ്ങാലക്കുട, പാലക്കാട് ജൈനക്ഷേത്രം, എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്. പരപ്പനങ്ങാട് വലുപുതിയ കോവിലകംകാരെ ടിപ്പു ശ്രീരംഗപട്ടണത്തില്‍ തടവിലാക്കി മതം മാറ്റി. അതിനുമുന്‍പ് അവിടെനിന്നും തിരുവിതാംകൂറില്‍ അഭയം പ്രാപിച്ച പരപ്പാനാട് വംശത്തില്‍പ്പെട്ടവരായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും, എ.ആര്‍. രാജരാജവര്‍മ്മയും. എന്നാല്‍ ടിപ്പുവിന്റെ തടവില്‍ നിന്നും മോചിതരായ ഇക്കൂട്ടത്തില്‍പ്പെട്ട ചില സ്ത്രീകള്‍ ചങ്ങനാശ്ശേരിയില്‍ വച്ച് ശുദ്ധികര്‍മ്മം നടത്തി ഹിന്ദുക്കളായെങ്കിലും ഇവരെ സ്വീകരിക്കാന്‍ സ്വജാതിക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ആ ശുദ്ധികര്‍മ്മം പോലും തര്‍ക്കത്തില്‍ കലാശിച്ചെന്നംമാത്രമല്ല മതംമാറിയ ഒരു പരപ്പനാട് രാജാവിനെയും നിലമ്പൂര്‍ തിരുമുല്‍പ്പാടിനെയും ഉപയോഗിച്ച് ടിപ്പു മതപ്രചാരണം നടത്തുകയും ചെയ്തു (പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. കേരള സാഹിത്യ അക്കാദമി. 2012:191).
വളരെ കര്‍ക്കശമായ നിലപാടുകളെടുത്തിരുന്ന ടിപ്പുവിന്റെ മലബാറിലെ ഗവര്‍ണറായിരുന്ന അര്‍ഷാദ് ബേഗിന്റെ മൃദുസമീപനം മൂലമാണ് ടിപ്പുവിന് മലബാറില്‍ കുറച്ചെങ്കിലും സ്വീകാര്യത ലഭിച്ചത്. എന്നാല്‍, 1789 ഫെബ്രുവരി 11-ന് താമരശ്ശേരി ചുരം വഴി മലബാറിലെത്തിയ ടിപ്പു തന്റെ സാമൂഹ്യപരിഷ്‌കാരങ്ങള്‍ പാലിക്കാതിരുന്ന ബേഗിന്നെ തുറുങ്കിലടച്ചു.
1789-ല്‍ മലബാരിലെ ഒരു പ്രക്ഷോഭം അമര്‍ച്ചചെയ്യാന്‍ ടിപ്പു ആളയച്ചപ്പോള്‍ അവരും കൊച്ചിയിലും തിരുവിതാംകൂറിലുമായി രാഷ്ട്രീയാഭയം തേടി. അവരെ പിന്തുടരാനെന്ന വാദവുമായി ടിപ്പു 1789-ല്‍ തന്നെ നെടുങ്കോട്ട അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ കോയമ്പത്തൂരില്‍ ആരംഭിച്ചു. 14000 ഭടന്മാരോടുകൂടെ ടിപ്പു ഡിസംബര്‍ 28,29 തീയതികളില്‍ നെടുങ്കോട്ട ആക്രമണം ആരംഭിച്ചു. ടിപ്പു പാലക്കട്ടേക്ക് കൊച്ചീരാജാവിനെ വിളിപ്പിച്ചു. രാജാവിന് പകരം ടിപ്പുവിനെ കണ്ടു തിരുവിതാംകൂര്‍ ആക്രമണത്തെപ്പറ്റി ചര്‍ച്ച നടത്തിയത് ശക്തന്‍ തമ്പുരാനെന്ന് പിന്നീടറിയപ്പെട്ട യുവരാജാവയിരുന്നു. 30,000 കാലാള്‍പ്പട്ടാളക്കാര്‍, 5,000 കുതിരപ്പട്ടാളക്കാര്‍, 20 പീരങ്കികള്‍ എന്നിവയുമായി തിരുവിതാംകൂര്‍ ആക്രമിക്കനിറങ്ങിയ ടിപ്പു 1789 ഡിസംബര്‍ 14-ന് തൃശൂരിലെത്തി. വൈപ്പിന്‍ തുരുത്തില്‍ ചേന്ദമംഗലത്തിന്റെ മറുകര മുതല്‍ ആനമല വരെ 16 അടി വീതിയിലും 20 അടി താഴ്ച്ചയുള്ള കിടങ്ങും മുളങ്കാടുകളും മുള്‍ച്ചെടികളും തിങ്ങിനിറഞ്ഞ മണ്ണുകൊണ്ടുള്ള കോട്ടമതിലും പീരങ്കിക്കൊത്തളങ്ങളും ഉള്‍പ്പടെ 30 മൈല്‍ നീളത്തിലുള്ളതായിരുന്നു തിരുവിതാംകൂര്‍ നിര്‍മ്മിച്ചിരുന്ന നെടുങ്കോട്ട. ഇതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 1789 ഡിസംബര്‍ 28-ന് നെടുങ്കോട്ട ആക്രമിച്ച ടിപ്പുവിന്റെ 2000 ഭടന്മാര്‍ കൊല്ലപ്പെട്ടു. കിടങ്ങില്‍ വീണുപോയ ടിപ്പുവിന് കാലില്‍ കാര്യമായി ക്ഷതമേല്‍ക്കുകയും ഉടവാളും മുദ്രാമോതിരവും നഷ്ടപ്പെടുകയും ചെയ്തു. ക്രുദ്ധനായ ടിപ്പു ഈ 'ഹലാക്കിന്റെ കോട്ട' തകര്‍ക്കാനായി ശ്രീരംഗപട്ടണത്തുനിന്നും ബാംഗ്ലൂരില്‍നിന്നും വലിയ പീരങ്കികള്‍ വിളിച്ചുവരുത്തി ഏപ്രില്‍ 12 മുതല്‍ 22 വരെ നിരന്തരമായി വെടിവച്ചു കോട്ടയില്‍ വിള്ളലുണ്ടാക്കി. തുടര്‍ന്ന്, കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം, ആര്യാപ്പള്ളി എന്നിവിടങ്ങളിലെ കോട്ടകളും ആലങ്ങാടും പറവൂരും കീഴടക്കിയ ടിപ്പു വരാപ്പുഴ വരെ എത്തി. അവിടെ പെരിയാറിന്റെ തീരത്ത് പാളയമടിച്ച ടിപ്പുവിന്റെ സൈന്യത്തിന് അതിശക്തമായ കാലവര്‍ഷം മൂലം പെരിയാറിലുണ്ടായ വെള്ളപ്പാച്ചിലില്‍ വമ്പിച്ച ആള്‍നാശം സംഭവിച്ചു. ഈ സമയത്ത്, രാജാ കേശവദാസന്‍ ബ്രിട്ടീഷുകാരുമായി മുന്നേയുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് ബ്രിട്ടീഷ് പട്ടാളം ശ്രീരംഗപട്ടണം ആക്രമിച്ചതുമൂലം മെയ് 24-ന് ടിപ്പുവിന് മലബാറില്‍ നിന്നും തിരിച്ചുപോയി ശ്രീരംഗപട്ടണത്തുവച്ച് ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കേണ്ടിവന്നു. ശീരംഗപട്ടണം ഉടമ്പടിയോടെ മലബാര്‍ ബ്രിട്ടീഷുകാരുടെ കയ്യിലെത്തി. ആ വര്‍ഷം സെപ്തംബറില്‍ ബ്രിട്ടീഷ് പട്ടാളം കോഴിക്കോടും കണ്ണൂരും കൂടി പിടിച്ചെടുത്തു.
കാഞ്ഞൂര്‍ പള്ളിയില്‍ ടിപ്പുവിന്റെ പടയെ തിരുവിതാംകൂര്‍ പുള്ളിപ്പട്ടാളം പിന്തുടര്‍ന്ന് ആക്രമിക്കുന്ന ഒരു ചുവര്‍ചിത്രമുണ്ട്. ഈ വെള്ളപ്പൊക്കം സ്വാഭാവികമായി സംഭവിച്ചതാണെന്നും, ദൈവിക ഇടപെടലാണെന്നും, ഇടമലയാറിലുള്ള ഭൂതത്താന്‍ കെട്ടില്‍ നിര്‍മ്മിച്ചിരുന്ന അണക്കെട്ട് രാജാ കേശവദാസനും പൂഞ്ഞാര്‍ രാജാവും കൂടി തകര്‍ത്ത് കൃത്രിമമായി ഉണ്ടാക്കിയതാണെനന്നുമൊക്കെയുള്ള കഥകളുണ്ട്. സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജായില്‍ ഇതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മാര്‍ത്താണ്ടവര്‍മ്മയുടെ ഡച്ച് കമാണ്ടറായ യൂസ്റ്റേഷ്യസ് ഡിലനോയിയുടെ (1715-1777) നേതൃത്വത്തില്‍ നേടുങ്കോട്ട നിര്‍മ്മിച്ച വേളയില്‍ തടിവ്യാപാരത്തിന്റെ കുത്തകക്കാരനായിരുന്ന തച്ചില്‍ മാത്തൂത്തരകനുമായിച്ചേര്‍ന്ന് രഹസ്യമായി നിര്‍മ്മിച്ച ഒരു പദ്ധതിയായിരുന്നു ഇതെന്നും പറയപ്പെടുന്നു.
ഹൈദറിന്റെയും ടിപ്പുവിന്റെയും പ്രവര്‍ത്തികളെപ്പറ്റി ടിപ്പുവിന്റെ മകനായ ഗുലാം മുഹമ്മദ് ഹൈദര്‍ അലിയുടെയും ടിപ്പു സുല്‍ത്താന്റെ ചരിത്രത്തില്‍ പറയുന്നുണ്ട്. സുറിയാനിക്രിസ്ത്യാനികളുടെ പ്രതിനിധിയായ ഒരു ഈശോസഭാ വൈദികനുംം ക്രിസ്ത്യാനികളും കൂടി ഹൈദരാലിയെ കണ്ട് സുറിയാനി ക്രിസ്ത്യാനികളെ അവരുടെ ആയുധം കൊണ്ടുനടക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടെങ്കിലും ഹൈദര്‍ അത് അനുവദിച്ചില്ല. ക്രിസ്ത്യാനികള്‍ തമ്മിലടിച്ചു ചാവുന്നവരാണെന്നും അവര്‍ക്ക് ആയുധം കൊണ്ടുനടക്കേണ്ട ആവശ്യം വരില്ലെന്ന് താന്‍ നോക്കിക്കോള്ളാമെന്നുമായിരുന്നു ഹൈദറിന്റെ മറുപടി. ഈ മറുപടിയിലൂടെ പുത്തന്‍കൂറ്റുകാരുംം പഴയകൂറ്റുകാരും തമ്മില്‍ നിലവിലിരുന്ന ശത്രുതയായിരിക്കണം ഹൈദര്‍ സൂചിപ്പിച്ചത്.
പല നൂറ്റാണ്ടുകളായി നസ്രാണി ക്രിസ്ത്യാനികളുടെ മതവിദ്യാഭ്യാസ കേന്ദ്രമായിരുന്ന അങ്കമാലിയിലെ പഴയ സെമിനാരി ടിപ്പുവിന്റെ പട്ടാളം ഇടിച്ചു നിരപ്പാക്കി. സെമിനാരിയോടു ചേര്‍ന്നുള്ള മര്‍ത്താമറിയം പള്ളി, അകപ്പറമ്പിലെ മാര്‍ സാപ്പോര്‍ പള്ളി, പാലയൂര്‍ പള്ളി, ഒല്ലൂര്‍ പള്ളി, ചാട്ടുകുളങ്ങര പള്ളി, ഫ്രാന്‍സിസ് സേവ്യര്‍ പള്ളി,, അമ്പഴക്കാട് സെമിനാരി, ഗ്രന്ഥശാല, അച്ചടിശാല എന്നിങ്ങനെ പഴയകൂറ്റുകാരുടെ 23 പള്ളികളും പുതിയകൂറ്റുകാരുടെ 3 പള്ളികളും ടിപ്പു നശിപ്പിച്ചു. അതിനൊപ്പം പുരാതനമായ കയ്യെഴുത്തുരേഖകളും അമൂല്യമായ ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടു. വളരെയേറെ നസ്രാണികളെ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം ചെയ്തു. അതുകൊണ്ട്, ടിപ്പുവിന്റെ പട ഗുരുവായൂരില്‍ എത്തിയപ്പോള്‍ത്തന്നെ കോഴിക്കോടുനിന്നും ആര്‍ത്താറ്റുനിന്നും വളരെയേറെ ക്രിസ്ത്യാനികള്‍ കുന്നം കുളം, ചാലക്കുടി, ചേപ്പാട്, മാവേലിക്കര തുടങ്ങി ക്രിസ്ത്യാനികളുള്ള സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ക്രിസ്ത്യാനികള്‍ അങ്കമാലിയിലെ അവരുടെ ആസ്ഥാനം വടയാറിലേക്ക് മാറ്റിയതും അനേകം മലബാര്‍ കുടുംബങ്ങള്‍ തിരുവിതാംകൂറില്‍ അഭയം തേടിയതും അഭയം നല്‍കിയ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാ എന്നറിയപ്പെട്ടതും ചരിത്രമാണ്. പില്‍ക്കാലത്ത് കുന്നംകുളം സന്ദര്‍ശിച്ച ക്ലോഡിയസ് ബുക്കാനന്‍ അവിടെ ക്രിസ്ത്യാനികളെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ചിരുന്ന മൂന്ന് മരങ്ങളെപ്പറ്റി പറയുന്നുണ്ട്.
ടി.കെ. വേലുപ്പിള്ളയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍, ഉള്ളൂര്‍ പരമേശ്വരയ്യരുടെ കേരളസാഹിത്യചരിത്രം എന്നിവയിലൊക്കെ ടിപ്പു നടത്തിയ ക്ഷേത്രധ്വസനങ്ങളുടെയും ക്രൂരതകളുടെയും കഥകള്‍ കാണാം. പക്ഷേ അവയെല്ലാം ടിപ്പുവിനെ എതിര്‍ത്ത് തോല്‍പ്പിച്ച തിരുവിതാംകൂറില്‍ നിന്നും എഴുതപ്പെട്ടവയാണ്. ടിപ്പു ആക്രമിച്ഛു കീഴടക്കിയ കേരളത്തിന്റെ ബാക്കി ഭാഗങ്ങളില്‍ അക്കാലത്ത് ആ ചരിത്രം എഴുതാന്‍ കഴിയുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മംഗലാപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ക്രിസ്ത്യാനികളും ഹിന്ദുക്കളും ടിപ്പുവിന്റെ ക്രൂരമായ മത-രാഷ്ട്രീയ പീഡനങ്ങള്‍ക്ക് വിധേയരായി. പ്രസിദ്ധ മുസ്ലിം ചരിത്രകാരനായ മൊഹിബുള്‍ ഹസന്റെ ടിപ്പുസുല്‍ത്താന്റെ ചരിതം പോലും (365-367) ടിപ്പു മംഗലാപുരത്തെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ലെന്ന് പറയുന്നില്ല; അതു രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നെന്നേ പറയുന്നുള്ളൂ.
ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ നടത്തിയ ഒരു അന്വേഷണത്തില്‍ പതിനായിരക്കണക്കിന് നായന്മാരും 30,000-ത്തിലധികം ബ്രാഹ്‌മണന്മാരും ക്രൈസ്തവരും മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ അഭയം തേടിയെന്നും, ധാരാളം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടെന്നും,. ഏകദേശം നാലിലൊന്ന് നായന്മാര്‍ കൊല്ലപ്പെടുകയും പകുതിയോളം ഹിന്ദുക്കള്‍ കാടുകയറുകയോ തിരുവിതാംകൂറിലേക്ക് പലായനം ചെയ്‌തെന്നോ കണ്ടെത്തി. ഉയര്‍ന്ന ജാതിക്കാര്‍ രാജ്യം വിട്ടപ്പോള്‍ തീയന്മാര്‍ മാഹിയിലേക്കും തലശ്ശേരിയിലേക്കും ഓടിപ്പോയെന്നും ഉയര്‍ന്ന സാമൂഹ്യാംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ധാരാളം താഴ്ന്ന ജാതിക്കാര്‍ ഇസ്ലാം സ്വീകരിച്ചെന്നും പറയപ്പെടുന്നു. ഉള്‍നാടുകളില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുക്കുകയോ, ഹൈദറിന്റെയും ടിപ്പുവിന്റെയും ഗവര്‍ണര്‍മാര്‍ പലായനം ചെയ്തവരുടെ ഭൂമി മുസ്ലിങ്ങള്‍ക്ക് പതിച്ചുനല്‍കുകയോ ചെയ്തു. താമരശ്ശേരി, വള്ളുവനാട്, ഏറനാട്, വെട്ടത്തുനാട്, ചെറുനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് വ്യാപകമായി നടന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം മലബാറിലെത്തിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1789-ല്‍ ടിപ്പു ചെയ്ത അക്രമങ്ങള്‍ വിവരണാതീതമെന്നാണ് കേരളപ്പഴമയില്‍ വിശേഷിപ്പിക്കുന്നത്. വില്യം ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ നല്കുണ്ട്.
മംഗലാപുരം ഉപരോധകാലത്ത് നാട്ടുക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരെയും ടിപ്പുവിനെ നിഷ്‌കാസനംചെയ്യാന്‍ ശ്രമിച്ച കാസിം അലിയെയും മുഹമ്മദ് അലിയെയും സഹായിച്ചെന്നും ആരോപണമുണ്ടായി. ആ ക്രിസ്ത്യാനികളെ കൊച്ചിയിലേക്കും ഗോവയിലേക്കും നാടുകടത്തിയ ടിപ്പു ധാരാളം ക്രിസ്ത്യാനികളെ ചിത്രദുര്‍ഗിലും ശ്രീരംഗപട്ടണത്തും തടവിലിട്ടു. ഗോവയിലെ വൈസ്രോയിക്ക് ലഭിച്ച ഒരു കത്തില്‍ അതു 20,000 പേരെന്നും, മറ്റൊരു കത്തില്‍ 40,000 പേരെന്നും, മറ്റു ചില രേഖകളില്‍ 30,000 പേരെന്നും 60,0000 പേരെന്നും കാണുന്നെന്ന് ഹസന്‍ രേഖപ്പെടുത്തുന്നു. മംഗലാപുരം ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച് രണ്ടു ലക്ഷം പേരെയാണ് തടവിലാക്കാന്‍ വേണ്ടി ശ്രീരംഗപട്ടണം വരെ നടത്തിക്കൊണ്ടുപോയത്. ഈ യാത്രയില്‍ നല്ലൊരു ഭാഗവും മരിച്ചുപോയെന്നും പലരും ജീവരക്ഷക്കായി മതപരിവര്‍ത്തനം നടത്തിയെന്നും അവര്‍ പറയുന്നു. ആ പീഡനകാലത്ത് രക്ഷപെട്ടവരുടെ പിന്‍തലമുറ തിരിച്ചുവന്ന് സ്ഥാപിച്ചതാണ് കാസര്‍കോട് ജില്ലയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയമായ ബേള പള്ളി. നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് തെളിവുകളില്ലെങ്കിലും ഇവരില്‍ പലരും ഇസ്ലാം സ്വീകരിച്ചെന്നു ഹസന്‍ പറയുന്നുണ്ട്. ജനറല്‍ മാത്യൂസിന്റെ സൈന്യത്തിനുവേണ്ടി ചാരപ്പണി ചെയ്തും പണം നല്‍കിയും കിസ്ത്യാനികള്‍ മംഗലാപുരവും ബേഡന്നൂരും പിടിച്ചെടുക്കാന്‍ ഇംഗ്ലീഷുകാരെ സഹയിച്ചെന്നായിരുന്നു പ്രധാന ആരോപണം. മൈസൂര്‍ പട്ടാളത്തിലുണ്ടായിരുന്ന 35 സൈനികര്‍ കൂറുമാറി മാത്യൂസിന്റെ കൂടെച്ചേര്‍ന്നതും ടിപ്പുവിനെ ക്ഷുഭിതനാക്കി. നാട്ടുക്രിസ്ത്യാനികള്‍ തനിക്ക് 33,000 രൂപ തന്നിരുന്നെന്ന് മാത്യൂസ് രേഖപ്പെടുത്തിയെന്ന് ദി ക്യാപ്റ്റിവിറ്റി, സഫറിങ്ങ്‌സ് ആന്‍ഡ് എസ്‌ക്കേപ് ഒഫ് ജെയിംസ് സ്‌കര്‍വി എന്ന ഗ്രന്ഥത്തിലുണ്ട്. ജെയിംസ് സ്‌കര്‍വി മാത്യൂസിനെപ്പറ്റി തന്റെ പുസ്തകത്തില്‍ സാന്ദര്‍ഭികമായി പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്:
ഒരു ദിവസം രാവിലെ നാലു ലോഹപ്പിഞ്ഞാണങ്ങളുടെ അടിയില്‍ എഴുതിയിരിക്കുന്നത് വായിക്കാനായി കമ്പനിയുടെ ജോലി ഉപേക്ഷിച്ചുപോയ സ്മിത്ത് എന്നൊരാളെ കൊണ്ടുവന്നു; പക്ഷേ കോട്ടയധികാരിക്ക് അയാള്‍ അതു വായിച്ചത് ഇഷ്ടപ്പെടാതിരുന്നതിനാല്‍ അയാളെ പറഞ്ഞുവിട്ട് നന്നായി വായിക്കാനറിയുന്ന മറ്റൊരാളെ ദര്‍ബാറിലേക്കോ കോടതിയിലേക്കോ കൊണ്ടുവരാന്‍ ആളെവിട്ടു. ഞാനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പേടിച്ചുവിറച്ചാണ് രാജ്യത്തിലെ ഏറ്റവും ശക്തനായ ആള്‍ക്കാരില്‍ ഒരാളായ അദ്ദേഹത്തിന്റെ പക്കലേക്ക് ചെന്ന് ഞാന്‍ അഭിവാദ്യം ചെയ്തത്. അദ്ദേഹം ശമ്പളംകൊടുപ്പുകാരനോട് ഒരു പിഞ്ഞാണം എനിക്ക് നല്‍്കാന്‍ പറഞ്ഞു. നന്നായി വായിക്കാന്‍ പറ്റുന്ന അത് അദ്ദേഹത്തിന് തൃപ്തിയാകുന്നവിധത്തില്‍ ഞാന്‍ വായിച്ചു. അത് മറ്റൊരു യുവാവ് ഏകദേശം വിവര്‍ത്തനം ചെയ്തു; ഒന്നിനുപുറകേ മറ്റൊന്നായി മൂന്ന് പിഞ്ഞാണങ്ങള്‍ കൂടി എന്റെ കയ്യില്‍ തന്നു. ഞാന്‍ അവയെല്ലാം വായിക്കുകയും ചെയ്തു. ടിപ്പുവിന്റെ ആജ്ഞപ്രകാരം തനിക്ക് വിഷംതന്നിട്ടുണ്ടെന്നും തനിക്കിനി അധികസമയമില്ലൈന്നും, താന്‍ വിധിക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുന്നെന്നും, ബോംബെയില്‍ നിന്നും പോന്നതിനു ശേഷം തന്റെ സേനക്കായി മലബാര്‍ ക്രിസ്ത്യാനികളോട് താന്‍ 330,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഈ എഴുതിയിരിക്കുന്നത് (ആണിയോ മുള്ളോ കൊണ്ട് കോറിയിട്ടിരിക്കുന്നത് എന്ന് പറയുന്നതാവും ശരി) വായിക്കുന്നവര്‍ ഇത് ഏതെങ്കിലുമൊരു പ്രവിശ്യയില്‍ ചെല്ലാന്‍ ഭാഗ്യം ലഭിച്ചാല്‍ അവിടുത്തെ ഗവര്‍ണറോടോ കൗണ്‍സിലിനോടോ പറഞ്ഞാല്‍ അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമെന്നുമാണ് അതിന്റെ ചുരുക്കം. (98-99)
ഈ എഴുത്തില്‍ത്തന്നെ സ്ത്രീകളും കുട്ടീകളൂം പുരുഷന്മാരുമായി 30,000 മലബാര്‍ ക്രിസ്ത്യാനികളെ ശ്രീരംഗപട്ടണം വരെ നടത്തിക്കൊണ്ടുപോയെന്നും അവരില്‍ ആരോഗ്യമുള്ളവരെക്കൊണ്ട് ആയുധം ചുമപ്പിച്ചെന്നും, അതിനുശേഷം അവരുടെ മൂക്കും ചെവിയും മേല്ചുണ്ടും ഛേദിച്ച് കഴുതപ്പുറത്ത് പുറംതിരിച്ചിരുത്തി പട്ടണത്തിലൂടെ പ്രദര്‍ശിപ്പിച്ചെന്നും പൊതുവെ സുന്ദരികളായ അവരുടെ പെണ്മക്കളില്‍ അതിസുന്ദരികളെ ടിപ്പുവിന്റെ അന്തപ്പുരത്തിലേക്കയച്ചെന്നും പറയുന്നു. (104).
ടിപ്പുവിന്റെ ക്രൂരതയില്‍ നിന്നും മലബാറിലെ ജനങ്ങള്‍ പലായനം ചെയ്യുന്നതിന് അക്കാലത്ത് വരാപ്പുഴയില്‍ താമസിച്ചിരുന്ന പണ്ഡിതനായ പൗളീനോസ് പാതിരി (പൗളീനോസ് അ സാങ്ക്ത ബര്‍ത്തലോമ്യോ) സാക്ഷിയായിന്നു. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെയാണ്:
നായന്മാരെന്നറിയപ്പെടുന്ന ആയുധധാരികളായ അയ്യായിരം എന്ന മാന്യന്മാരോടൊപ്പം സഹ്യപര്‍വ്വതത്തിന് സമീപമുള്ള കൊലേടിമലയിലേക്ക് പലായനം ചെയ്ത കൃഷ്ണതമ്പുരാനെന്ന സാമൂരി രാജാവ് അവിടെനിന്നാണ് ഹൈദരാലിയുടെ കാവല്‍ സംഘങ്ങളെ ആക്രമിക്കാനും സേനയെ ശല്യപ്പെടുത്താനുമായി ഇറങ്ങിവന്നിരുന്നത്. തങ്ങളുടെ മുന്‍ രാജാവിനോട് സാധ്യമായ എല്ലാവിധത്തിലും കൂറു പുലര്‍ത്തിയിരുന്ന കോഴിക്കോട്ടുകാരോടും അടുത്ത ജില്ലക്കാരോടും അക്കാരണത്താല്‍ വിരോധമുണ്ടായിരുന്ന ഹൈദരാലിയുടെ പുത്രന്‍ ടിപ്പു അവരെ ശിക്ഷിക്കാനുറച്ച് സ്വയം പടയുമായെത്തി. തങ്ങളുടെ മുന്നിലെത്തുന്ന എല്ലാറ്റിനെയും കൊന്ന്തള്ളി നീങ്ങുന്ന 30000 കിരാതന്മാരും, വലിയ പീരങ്കിസംഘത്തെ നയിച്ചുകൊണ്ട് ജനറല്‍ ലാലിയും അയാളുടെ മുന്നിലായി നീങ്ങി. അതിനു പിന്നിലായി ആനപ്പുറത്ത് ടിപ്പുവും അയാള്‍ക്ക് പിന്നിലായി 30000 ആള്‍ക്കാരുടെ മറ്റൊരു സംഘവും. കോഴിക്കോട്ടൂകാരോട് അയാള്‍ അതിക്രൂരമായാണ് പെരുമാറിയത്. മിക്കാവാറും സ്ത്രീപുരുഷന്മാരെയെല്ലാം തൂക്കിലേറ്റി. അമ്മമാരെ കെട്ടിയിട്ടിട്ട് മക്കളെ അവരുടെ കഴുത്തില്‍ കെട്ടിത്തൂക്കി. ക്രൂരനായ ഈ ഭീകരന്‍ ധാരാളം ക്രിസ്ത്യാനികളെയും വിജാതീയരെയും നഗ്നരായി കൊണ്ടുവന്ന് അവരുടെ കൈകാലുകള്‍ ആനകളുടെ കാലുകളില്‍ കെട്ടി ശരീരം ചിന്നഭിന്നമാകുന്നതുവരെ വലിപ്പിച്ചു. അതുപോലെതന്നെ അമ്പലങ്ങളും പള്ളികളും അഗ്നിക്കിരയാക്കുകയും ഇടിച്ചുനിരത്തുകയും ചെയ്തു. ക്രിസ്ത്യാനികളും വിജാതീയരുമായ സ്ത്രീകളെ മുഹമ്മദീയര്‍ക്ക് വിവാഹം ചെയ്തുനല്‍കി. ക്രിസ്ത്യാനികളും വിജാതീയരുമായ പുരുഷന്മാരെക്കൊണ്ട് മുഹമ്മദന്‍ സ്ത്രീകളെയും വിവാഹം കഴിപ്പിച്ചു. വിജാതീയരുടെ അഭിമാനത്തിന്റെ ചിഹ്നമായ കുടുമി എന്നറിയപ്പെടുന്ന മുടി മുറിപ്പിച്ചു. വഴിയില്‍ കാണപ്പെടുന്ന ക്രിസ്ത്യാനികള്‍ ഒന്നുകില്‍ ലിംഗാഗ്രഛേദനം നടത്തുകയോ അവിടെവച്ചുതന്നെ കെട്ടിത്തൂക്കപ്പെടുകയോ വേണമായിന്നു. ഞാന്‍ വാരാപ്പുഴയിലുണ്ടായിരുന്ന 1789-ലാണ് ഇത് നടന്നത്. ദയാഹീനനായ ഈ ഭീകരന്റെ ക്രോധത്തിനിരയാകാതെ രക്ഷപെട്ട പല ക്രിസ്ത്യാനികളും വിജാതീയരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നഗരത്തിനരികിലുള്ള നദി കടകന്ന് ഈ അഭയാര്‍ത്ഥികള്‍ക്ക് അക്കരെയെത്താനുള്ള വഞ്ചി സംഘടിപ്പിച്ചു നല്‍കാനും എനിക്ക് സാധിച്ചു.
ഈ പീഢനം 1790 ഏപ്രില്‍ 15 വരെ തുടര്‍ന്നു. ആ സമയംകൊണ്ട് എനിക്ക് അവിടെനിന്നും പോരേണ്ടിവന്നു. അവിടുത്തെ മെത്രാപ്പോലീത്ത അപ്പസ്‌തോലിക വികാരിയും പിന്നീടറിയിച്ചതുപോലെ, അന്ന് ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിന്റെ നെടുങ്കോട്ട ഭേദിച്ച് വരാപ്പുഴവരെയെത്തി. ഒരു വര്‍ഷം മുമ്പ് നടന്ന രക്തരൂക്ഷിത സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. 1791 മേയ് 23-ലെ കത്തില്‍ മെത്രാന്‍ അറിയിച്ചത് ഇങ്ങിനെയാണ്: ''വരാപ്പുഴയെത്തിയ പട്ടാളം ചില വീടുകള്‍ അഗ്നിക്കിരയാക്കിയെങ്കിലും ഉള്‍നാട്ടിലേക്ക് കടന്നില്ല. ചില കൊള്ളക്കാര്‍ ഇവിടെയുമെത്തി. നമ്മുടെ പള്ളിയും സെമിനാരിയും മഠവും കൊള്ളക്കാരുടെ താവളമാക്കി. കിട്ടാവുന്നതൊക്കെ അവര്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഒപ്പം അവിടെനിന്നും മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ലല്ലോ. ദൈവത്തിന്റെ പ്രത്യേക കരുണയും നമ്മുടെ സമൂഹത്തിന്റെ സംരക്ഷകനായ വി. യൗസേഫിന്റെ മാധ്യസ്ഥവും കൊണ്ട് വലിയ കേടുപാടുകളില്ലാതെ നമ്മുടെ പള്ളിയും മഠവും ആ കൊള്ളസംഘത്തിന്റെ ക്രൂരതയെ അതിജീവിച്ചു. അധികം താമസിയാതെ കോണ്‍വാലിസ് പ്രഭുവിന്റെ നേത്രുത്വത്തിലുള്ള ഇംഗ്ലീഷ് സൈന്യം ടിപ്പുവിനെ തുരത്തി'' (ഈസ്റ്റിന്‍ഡീസിലേക്കുള്ള യാത്ര. ഇംഗ്ലീഷ് വിവ.. വില്യം ജോണ്‍സ്റ്റണ്‍. ലണ്ടന്‍. 1800: 141-42).
ടിപ്പുവിന്റെ സൈന്യത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നെന്ന് പലരും വാദിക്കാറുണ്ട്. ഖജാന്‍ജിയായി കൃഷ്ണറാവു, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഷമയ്യ അയ്യങ്കാര്‍ എന്നിവരെല്ലാം ടിപ്പുവിന്റെ മുന്നില്‍ നിശബ്ദരായിരുന്നേയുള്ളൂ. മാണ്ഡ്യയിലെ മേല്‍കോട്ട ഗ്രാമത്തിലെ 800 അയ്യങ്കാര്‍ പുരുഷന്മാരെ ദീപാവലിയുടെ തലേന്ന് ടിപ്പു വധിച്ചത് അവരിലൊരാള്‍ വൊഡയാര്‍ രാജവംശത്തെ പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെന്ന സംശയം മൂലം മാത്രായിരുന്നു. ആ ഗ്രാമത്തിലെ അയ്യങ്കാരന്മാര്‍ ഇന്നും ദീപാവലി ആഘോഷിക്കാറില്ലെന്ന് പറയപ്പെടുന്നു. സൈന്യത്തിലെ കൂലിപ്പട്ടാളക്കാരായ വിദേശ ക്രിസ്ത്യാനികള്‍ക്കും ഇതുപോലെ തന്നെ അമര്‍ഷം ഉണ്ടായിരുന്നു. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ് ഫിദെല്‍ റിപ്പൊ മൊണ്ടാദ്വെ എന്ന ഫ്രഞ്ചുകാരന്‍ 1799 ജനുവരി 14-ന് ഡയറിയില്‍ നിന്ന്:
ഈ വളരെ സൗമ്യരായ ഹിന്ദുക്കളോടുള്ള ടിപ്പു സുല്‍ത്താന്റെ പെരുമാറ്റത്തില്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. മലബാര്‍ ഉപരോധത്തില്‍ ടിപ്പുവിന്റെ പട്ടാളക്കാര്‍ ദിവസവും നിരവധി ബ്രാഹ്‌മണണരുടെ തലകള്‍ സാമൂതിരിയും അനുചരന്മാര്‍രും സാമൂതിരിയുടെ കോട്ടയില്‍നിന്ന് കാണാനാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ... മുഹമ്മദന്‍ മതത്തോടുള്ള തന്റെ അതിയായ വിശ്വാസവും പ്രതിബദ്ധതയും പ്രദര്‍ശിപ്പിക്കാന്‍ ടിപ്പു കോഴിക്കോടിനെ ഏറ്റവും അനുയോജ്യമായ പ്രദേശമായി വിലയിരുത്തി. ഏതാണ്ട് 7000 ബ്രാഹ്‌മണ കുടുംബങ്ങള്‍ താമസിക്കുന്ന കോഴിക്കോട് അന്ന് ഒരു ബ്രാഹ്‌മണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ ക്രൂരതകള്‍ മൂലം ഇതില്‍ 2000-ത്തിലധികം ബ്രാഹ്‌മണകുടുംബങ്ങള്‍ നശിച്ചു. സ്ത്രീകളെയും കുട്ടികളെയും പോലും അയാള്‍ വെറുതെ വിട്ടില്ല.
പലരും മറക്കുന്ന ഒരു കാര്യം ഇന്ത്യയില്‍ താവളമടിച്ച കൊളോണിയല്‍ ശക്തിയോട് ആദ്യമായി സന്ധിയില്ലാത്ത സമരംചെയ്തത് കേരളത്തിലെ നസ്രാണികളാണെന്ന യാഥാര്‍ത്ഥ്യമാണ്. 1599-ലെ ഉദയമ്പേരൂര്‍ സൂനഹദോസുമുതല്‍ ആരംഭിച്ച ആ പ്രതിഷേധം 1653 ജനുവരി 3-ലെ കൂനന്‍ കുരിശു സത്യം വഴി സന്ധിയില്ലാതെ അവര്‍ നടത്തിക്കൊണ്ടിരുന്നു. ഇക്കാലത്ത് മലബാറിലെ മുസ്ലിങ്ങളും പാശ്ചാത്യശക്തികളോട് സമരംചെയ്തിരുന്നെങ്കിലും അത് മറ്റു വിദേശശക്തികളോടു കൂട്ടുപിടിച്ച് ആ വിദേശരാജ്യങ്ങളൂടെയും കൂടി താത്പര്യം സംരക്ഷിക്കാനായിരുന്നു. എന്നാല്‍ ഈ പാശ്ചാത്യര്‍ ക്രിസ്ത്യാനികളായിരുന്നതിനാലും നസ്രാണികള്‍ പാശ്ചാത്യരെ പിന്തുണച്ച കൊച്ചീരാജാവിന്റെ വിശ്വസ്തരായിരുന്നതിനാലുമാണ് കൊച്ചിയെ എതിര്‍ത്ത സാമൂതിരിയും സാമൂതിരിയെ സഹായിച്ച മുസ്ലിങ്ങളും നസ്രാണികളെ ശത്രുതയോടെ കണ്ടത്. അറേബ്യയിലൂടെയുള്ള അന്തര്‍ദ്ദേശീയ വാണിജ്യപാത കയ്യടക്കാനായി ഒമ്പതു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ അറബികളും പാശ്ചാത്യരും തമ്മിലുണ്ടായ കരയുദ്ധങ്ങള്‍ പതിനാറാം നൂറ്റാണ്ടോടെ അറേബ്യന്‍ കടലിലേക്ക് മാറിയ കാലമായിരുന്നു അത്. തങ്ങള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാനുള്ള തടസ്സമായി പാശ്ചാത്യര്‍ നസ്രാണികളെ അന്നും വിലയിരുത്തിയപ്പോഴും, ഏഡി 629-ല്‍ കേരളത്തിലെത്തിയ മുസ്ലിങ്ങള്‍ അവരെക്കാളും ആറു നൂറ്റാണ്ടെങ്കിലും മുമ്പ് കേരളത്തിലെത്തി മലയാളികളായി മാറിയ നസ്രാണികളെ കുരിശുയുദ്ധക്കാരുടെ കൂടെയായാണ് കണക്കാക്കിയത്.
പൗളീനോസ് പാതിരി പറയുന്നതനുസരിച്ച് ജസ്യൂട്ടുകാരുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ എകദേശം 300 ക്രിസ്ത്യാനികളുണ്ടായിരുന്നു. താനൂരില്‍ ഈശോസഭക്കാരുടെ കീഴില്‍ വളരെ വിശാലമായ ഒരു പള്ളിയും ധാരാളം ക്രിസ്ത്യാനികളും, പള്ളിക്കരികിലായി തോമാശ്ലീഹാ കുഴിച്ച ഒരു ഉറവയും (50) ഉണ്ടെന്ന് മാത്രമല്ല, താനൂരിലെ രാജാവ് പോലും ക്രിസ്ത്യാനിയായി മതം മാറിയിരുന്നു (134). എന്നാല്‍, ക്രിസ്തുമതത്തില്‍ ചേര്‍ന്നശേഷവും അവര്‍ സാമൂതിരിക്കുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്നത് (144) പോര്‍ച്ചുഗീസുകാരെ അത്ഭുതപ്പെടുത്തി.
ഇവിടെയാണ് മറ്റൊരു ചോദ്യം ചോദിക്കേണ്ടി വരുന്നത്: മലബാറില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നെന്ന് തെളിവുകളുണ്ട്. എന്നാല്‍ അവരെവിടെപ്പോയി? 1501-ള്‍ രചിക്കപ്പെട്ട ഇന്ത്യക്കാരന്‍ ജോസഫിന്റെ വിവരണത്തില്‍ സാമൂതിരിയെ മുഖം കാണിക്കാന്‍ എത്തുന്നവര്‍ക്കായുള്ള നാലു ഹാളുകളില്‍ ഒന്ന് ക്രിസ്ത്യാനികള്‍ക്കായി ഉള്ളതാണെന്ന് പറയുന്നുണ്ട്:
ഇതിന്പുറമേ കൂടിക്കാഴ്ച്ചകള്‍ക്ക് വേറിട്ടുനില്‍ക്കുന്ന വലിയ നാലു മുറികളുള്ള ഒരു കെട്ടിടം വേറെയുണ്ട്. ഇതില്‍ ഒന്ന് അറബികള്‍ക്കും, ഒന്ന് വിജാതീയര്‍ക്കും, ഒന്ന് യഹൂദര്‍ക്കും ഒരെണ്ണം ക്രിസ്ത്യാനികള്‍ക്കുമാണ്. ഈ വിഭാഗങ്ങളിലുള്ള ആര്‍ക്കെങ്കിലും രാജാവിനെ മുഖം കാണിക്കണമെങ്കില്‍ അവര്‍ക്കായി അനുവദിച്ചിട്ടുള്ള മുറിയിലേക്ക് അവര്‍ പോകണം. അവിടെവച്ച് അവര്‍ക്ക് രാജാവിനെ മുഖം കാണിക്കാം. എന്നാല്‍, അതിനുമുമ്പ് അവര്‍ കുളിച്ചിരിക്കണം. അല്ലെങ്കില്‍ രാജാവ് അവരോട് സംസാരിക്കില്ല (അദ്ധ്യായം പത്ത്).
കൗശലപൂര്‍വമായ ചരിത്രനിര്‍മ്മിതിയിലൂടെ ഹൈദര്‍-ടിപ്പു ആക്രമണങ്ങളെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണ്. ഉദാഹരണത്തിന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രസമുച്ചയത്തിലും കന്യാകുമാരിയിലുള്ള പത്മനാഭപുരം കൊട്ടാരത്തിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന 'മേത്തന്‍ മണി'യുടെ കാര്യമെടുക്കാം. ഇതില്‍ നാഴികമണിയടിക്കുമ്പോള്‍ ഇരുവശത്തും നിന്ന് മുട്ടനാടുകള്‍ വന്നിടിക്കുന്ന താടിയും വട്ടക്കണ്ണൂമുള്ള പുരുഷന്റെ മുഖമുണ്ട്. അമ്മവഴി തന്റെ ബന്ധുവായ കോലത്തിരിയെ 1766-ല്‍ നിഷ്‌കാസിതനാക്കിയ ഹൈദരാലിയുടെ ചിത്രമായാണ് 1770-72 കാലത്ത് കാര്‍ത്തിക തിരുനാള്‍ രാജാവ് ഇത് സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സ്വാതിതിരുനാള്‍ 1840-കളില്‍ സ്ഥാപിച്ചതാണെന്നും, മേഷം' എന്നാല്‍ 'ആട്' ആണല്ലോ. അതുകൊണ്ട്, അതിന്റെ പേര് 'മേഷ'മണിയെന്നാണ് എന്നുമുള്ള അര്‍ദ്ധസത്യപ്രചരണം ശക്തമാണ്. 946 ചിത്തിര 8-ന് എഴുതിയ മതിലകം ചുര്‍ണ 1271.02.ഓല 85-ല്‍ കൊട്ടാരം മണിമാളികയില്‍ നാഴികമണി സൂത്തിരത്തിന് ഇലക്കം പതിപ്പാന്‍ ചെമ്പുകൊണ്ട് വലിയ തകിടും മേത്തന്റെ തലയും കിടാരണ്ടും തീര്‍പ്പാന്‍ കൂലി വകക്ക് പണം കൊടുപ്പാന്‍ കല്‍പ്പനപടി പൂതപ്പാണ്ടി മുത്തുകുമാരു 945 ആണ്ട് തൈമാസം 30-ന് ഒടുക്കുപണം 400.... എന്ന് കാണുന്നുണ്ട്. എന്നാല്‍, ഈ ഓല പത്മനാഭപുരം കൊട്ടാരത്തിലുള്ള മേത്തന്‍ മണിയുടെ ചെറിയ പതിപ്പിനെക്കുറിച്ചാണ്. തിരുവിതാംകൂറിനോട് കീഴടങ്ങാനാവശ്യപ്പെട്ട ഹൈദറിനെതിരെ തിരുവിതാംകൂര്‍ സദാ ജാഗരൂഗമായിരുന്നതിന്റെ കഥ പറയുന്നതാണ് ഈ മണി.
ഹൈദര്‍ മലബാര്‍ പിടിച്ചെടുത്തു. ടിപ്പു കൊച്ചിയുടെമേല്‍ അധീശത്വം സ്ഥാപിച്ചു. ഇരുവരും തിരുവിതാംകൂര്‍ പിടിച്ചെടുക്കാന്‍ പരാജയപ്പെട്ടു. ടിപ്പു ഇതിനായി വിദേശശക്തികളുമായി സഹകരിക്കുകയും, പ്രാദേശിക മുസ്ലിങ്ങളെയും ഉപയോഗപ്പെടുത്തുകയും, അന്യമതക്കാരെയും അവരുടെ ആരാധനാലയങ്ങളെയും കൊള്ളയടിക്കുകയും, കേരളത്തിലെമ്പാടും ഭീതിപരത്തിക്കൊണ്ട് വ്യാപകമായ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. ടിപ്പു കടന്നുപോയ വഴികളില്‍ (ഗള്‍ഫ് പണത്തിന്റെ കടന്നുവരവിനു മുമ്പേതന്നെ) ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ടായ ജനസംഖ്യാപരവും സാമ്പത്തികവുമായ തകര്‍ച്ചയും മുസ്ലിങ്ങള്‍ക്കുണ്ടായ അഭിവൃദ്ധിയും ഇത് വിളിച്ചു പറയുമ്പോഴും ചരിത്രനിര്‍മ്മിതിയിലൂടെ ഇതിനെ വളച്ചൊടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരെ നേരിടാന്‍ ഫ്രഞ്ചുകാരുമായി സഖ്യത്തിലേര്‍പ്പെട്ട ടിപ്പുവിനെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രീട്ടീഷുകാരെ എതിര്‍ത്തയാളായി ചിത്രീകരിക്കാനാവില്ല. ഇന്ത്യയുടെ ശത്രുക്കളായ ബ്രിട്ടീഷുകാരെയല്ല, തന്റെ സാമ്രാജ്യമോഹത്തിന് വിലങ്ങുതടിയായിരുന്ന ബ്രീട്ടീഷുകാരെയാണ് ടിപ്പു എതിര്‍ത്തത്. ടിപ്പുവിനെ രാക്ഷസീകരിക്കാനായി ബ്രിട്ടീഷുകാര്‍ തങ്ങളുടെ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും, ടിപ്പുവിന്റെ ബന്ധുക്കളെക്കൊണ്ടുപോലും കള്ളസാക്ഷ്യം പറയിപ്പിച്ചാണ് ടിപ്പുവിനെ മതഭ്രാന്തനും ക്രൂരനുമായി ചിത്രീകരിച്ചതെന്നും വാദിച്ചുകൊണ്ടാണ് ടിപ്പുവിനെ വെള്ളപൂശുന്നത്. അക്രമിയായ ടിപ്പു ഇസ്ലാം മതത്തിന്റെ പ്രചാരകനല്ലെങ്കില്‍ ആ പരദേശരാജാവിനെ ഇത്ര കഷ്ടപ്പെട്ട് മലബാറിലെ മുസ്ലിങ്ങള്‍ ദയാലുവും പരോപകാരിയും മതസഹിഷ്ണുതയുള്ളവനുമായി എന്തിന് ന്യായീകരിക്കണം.
തന്റെ ഭരണം ഇനിയും ഉറച്ചിട്ടില്ലാത്ത മലബാറില്‍ ടിപ്പു ജസിയ എന്ന അമുസ്ലിങ്ങള്‍ക്കുള്ള നികുതി ഏര്‍പ്പെടുത്തിയില്ല, പല പ്രധാന ഉദ്യോഗസ്ഥരും അമുസ്ലിങ്ങളായിരുന്നു, തെക്കേ മലബാറിലെ 57 അമ്പലങ്ങള്‍ക്ക് വാടകയില്ലാതെ (അവയില്‍ 16 എണ്ണത്തിനും 50-ലധികം ഏക്കര്‍) ഭൂമി നല്‍കി, ഗുരുവായൂര്‍ അമ്പലത്തില്‍ മാത്രം 669 ഏക്കര്‍ ഭൂമി നല്‍കി എന്നൊക്കെ ചൂണ്ടിക്കാട്ടുന്നവര്‍ ഈ സ്ഥലങ്ങളിലെ ഹിന്ദു രാജാക്കന്മാര്‍ അഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നെന്നും, മുസ്ലിങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും, പല അമ്പലങ്ങള്‍ക്കും ഇതിലേറെ സ്വന്തമായി ഉണ്ടായിരുന്ന ഭൂമി ടിപ്പുവിന്റെ ആക്രമണത്തില്‍ കവര്‍ന്നെടുക്കപ്പെട്ടതാണെന്നും, ഗുരുവായൂര്‍ അമ്പലം ടിപ്പു ആക്രമിക്കാതിരിക്കാന്‍ വളരെയേറെ പണം നല്‍കേണ്ടിവന്നെന്നും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ് ചെയ്യുന്നത്. നികുതിസമ്പ്രദായം പരിഷ്‌കരിച്ചതും മലബാറില്‍ നല്ല റോഡുകള്‍ നിര്‍മ്മിച്ചതും നായന്മാര്‍ ആയുധം കൊണ്ടുനടക്കുന്നതു വിലക്കിയതും ടിപ്പുവിന്റെ സാമ്പത്തിക-സൈനിക താത്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ബഹുഭര്‍തൃത്വം നിര്‍ത്തലാക്കിയതും സ്ത്രീകള്‍ മാറു മറക്കണമെന്ന നിബന്ധന കൊണ്ടുവന്നതും സാമൂഹ്യപരിഷ്‌കരണത്തേക്കാള്‍ മതത്തിന്റെ ചട്ടക്കൂട് നടപ്പിലാക്കലായിരുന്നു. 1738-39 കാലത്തുതന്നെ തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ ഭൂമിക്ക് നികുതി ഏര്‍പ്പെടുത്താനായി കണ്ടെഴുത്ത് നടത്തിയിരുന്നു.
ടിപ്പുവിനെക്കാളും രാജ്യഭരണ പാരമ്പര്യവും രാജ്യസ്‌നേഹികളുമായ മറാത്തക്കാര്‍ക്കും നൈസാമിനും, തിരുവിതാംകൂറിനും എതിരെ വിദേശികളായ ഫ്രഞ്ചുകാരെയും അഫ്ഗാന്‍കാരെയും തുര്‍ക്കിക്കാരെയുമൊക്കെ കൂട്ടുപിടിച്ച് ഇവരെയെല്ലാം എതിര്‍ത്ത ടിപ്പു മറാത്തകളുടെ ദേശസ്‌നേഹത്തെയും നൈസാമിന്റെ മുസ്ലിം സ്വത്വത്തെയും ചോദ്യം ചെയ്യുന്നെന്നുമാത്രമല്ല, അതുവരെ ബ്രിട്ടീഷുകാരുമായി ചേരാതിരുന്ന മുസ്ലിം-സൗഹൃദ പ്രദേശമായിരുന്ന മലബാറിനെയും, ബ്രിട്ടീഷുകാര്‍ അതുവരെ സ്വാധീനം ചെലുത്താതിരുന്ന കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളെയും ആക്രമിക്കുകയും ചെയ്തു. തങ്ങളൂടെ നാടിനെ ആക്രമിച്ച ഒരാളെ മതപരമായ കാരണങ്ങളാലല്ലാതെ എന്തടിസ്ഥാനത്തിലാണ് ചില മുസ്ലിം തീവ്രവാദികള്‍ ഇന്നും ന്യായീകരിക്കാന്‍ വെമ്പുന്നതെന്ന ചോദ്യം ഈ ചരിത്രനിര്‍മ്മിതിയുടെ ചെമ്പ് പുറത്താക്കും.
ആദ്യമായല്ല കേരളത്തില്‍ ക്രൈസ്തവര്‍ ഇസ്ലമിക ഭീകരതയുടെ ഇരകളാകേണ്ടി വരുന്നത്. യഹൂദര്‍ക്കെതിരെ പോരാടിയ മുസ്ലിങ്ങള്‍ കേരളത്തിലെ നസ്രാണികളെ ആക്രമിച്ചതുകൊണ്ടാണ് നസ്രാണികള്‍ കൊടുങ്ങല്ലൂര്‍ വിട്ട് ഉദയമ്പേരൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളിലേക്കും, തുടര്‍ന്ന് കുറവിലങ്ങാടേക്കും പോകേണ്ടിവന്നത്. മഹതേവര്‍ പട്ടണത്തില്‍ നിന്നും അവര്‍ തങ്ങളുടെ കത്തിക്കപ്പെട്ട പള്ളിയുടെ ചാരവുമായാണ് മറ്റുദേശങ്ങളിലേക്ക് കുടിയേറിയത്. മുസ്ലിങ്ങളുമായി വന്ന് സാമൂതിരി കൊച്ചി ആക്രമിച്ചപ്പോള്‍ കൊച്ചീ രാജാവിന്റെ പടയാളികളായ നസ്രാണികളെ മാത്രമല്ല, അവരുടെ പട്ടണം കൂടി അവര്‍ നശിപ്പിച്ചു. ഹൈദറും ടിപ്പുവും നടത്തിയ മതപരിവര്‍ത്തനവും സമുദായദ്രോഹവും ന്യായീകരിക്കുന്നതും ഇതിന്റെ തുടര്‍ച്ചയായേ കാണാനാവൂ. ചരിത്രത്തെക്കുറിച്ച് നല്ല അവബോധമുള്ള മുസ്ലിം പണ്ഡിതര്‍ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്.
സമാധാനപ്രേമികളായ നസ്രാണികളുടെ മലബാര്‍ കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ട് തികയുമ്പോള്‍ അവര്‍ കയ്യേറ്റക്കാരും ആദിവാസി പീഡകരും പരിസ്ഥിതിവിരുദ്ധരുമൊക്കെയാണെന്ന് കുപ്രചാരണം നടത്തുകയും സര്‍ക്കാരിലെ സ്വാധീനവും നാട്ടിലെ കയ്യൂക്കും പ്രയോഗിച്ച് അവരുടെ അധ്വാനംകൊണ്ട് കൃഷിഭൂമിയാക്കിയ പ്രദേശങ്ങളില്‍ നിന്നും അവരെ ആസൂത്രിതമായി കുടിയിറക്കുന്നതും, അവരുടെ സ്ഥപനങ്ങളെയും പ്രസ്ഥാനങ്ങളെയും നേതാക്കന്മാരെയും കരിവാരിത്തേക്കുകയും, അവരുടെ ചെറുപ്പക്കാരെ കടത്തിക്കൊണ്ടു പോകുന്നതുമെല്ലാം ഇതേ അക്രമത്തിന്റെ തുടര്‍ച്ചയാണ് എന്ന് കാണുമ്പോഴാണ് ഈ തീവ്രവാദത്തിന്റെ ആഴം മനസ്സിലാക്കാനാവുക. ഇത് എല്ലാ മുസ്ലിങ്ങളും ചെയ്യുന്നതല്ലെങ്കിലും തീവ്രവാദികള്‍ ഇങ്ങനെ ചെയ്യുന്നതിനെതിരെ പ്രതികരിക്കതെ മൗനം അവലംബിക്കുന്നവര്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്തമുണ്ട്.
ഫാ. ജോസഫ് പുത്തന്‍പുരയുടെ സഭാവസ്ത്രത്തിന്റെ നിറം കാപ്പിപ്പൊടിയാണ്. സംഘപരിവാരത്തിന്റെ പക്ഷത്തേക്കുള്ള സഭയുടെ ചുവടുമാറ്റത്തിന്റെ ലക്ഷണമാണ് അച്ചന്റെ പ്രസംഗമെന്ന് പരസ്യപ്പെടുത്തി സഭയെക്കൊണ്ട് ഭാരതീയ സംസ്‌കാരത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കുന്ന 'കാവിപ്പൊടി'പ്രയോഗങ്ങള്‍ പോലുള്ള നിരവധി രാഷ്ട്രീയവിദ്യകള്‍ രണ്ടായിരം വര്‍ഷങ്ങളായി നിലനില്ക്കുന്ന സഭ കാലാകാലങ്ങളായി അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കുകയും ചെയ്യും. 'പൊളിറ്റിക്കല്‍ ഇസ്ലാ'മിനെപ്പോലെ ക്രൈസ്തവ സഭ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. പക്ഷേ സഭയിലെ അംഗങ്ങള്‍ക്ക് അവരുടെ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവാം. ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍, വരാന്‍പോകുന്ന ഭരണവ്യവസ്ഥിതി ക്രൈസ്തവസമൂഹത്തിന് മാത്രമല്ല, ഒരു മതവിശാസത്തിനും എതിരായിരിക്കരുതെന്ന് ഓരോ ക്രൈസ്തവക്കും ആഗ്രഹവുമുണ്ട്. അത് അവര്‍ക്ക് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭാരതീയ ഭരണഘടന നല്കുന്നുമുണ്ട്.
- കെ. ജെ. ജോസഫ്
അവലംബം
ഇന്ത്യക്കാരന്‍ ജോസഫിന്റെ വിവരണം. 1502.
ക്രിസ്റ്റ്യാനിറ്റി ഇന്‍ മാംഗ്ലൂര്‍. മാംഗ്ലൂര്‍ രൂപത വെബ്‌സൈറ്റ്
ഗിഡ്വാമി, ഭഗവാന്‍. ദി സ്വോര്‍ഡ് ഓഫ് ടിപ്പു സുല്‍ ത്താന്‍. അല്ലൈഡ് പബ്ലിഷേഴ്‌സ്. 1976.
ഡാ സില്‍വ, സെവറിനോ. ദി ഹിസ്റ്ററി ഒഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ കാനറ. 1965.
ഡാര്‍ലിമ്പിള്‍, വില്യം. വൈറ്റ് മുഗള്‍സ്. 2006.
തോംസണ്‍, ഇ.ഡബ്ലു.. ദി ലാസ്റ്റ് സീജ് ഓഫ് സെറിങ്ങപട്ടണം. മൈസൂര്‍, വെസ്ലിയന്‍ മിഷന്‍. 1990.
ദി ജെന്റില്‍ മാന്‍സ് മാഗസിന്‍. 1833.
വെള്ളയുടെ ചരിത്രം. എന്‍.എം. നമ്പൂതിരി. വള്ളത്തോള്‍ വിദ്യാപീഠം 2017.
പരമേശ്വരയ്യര്‍, ഉള്ളൂര്‍. കേരളസാഹിത്യചരിത്രം
ബര്‍ത്തലോമ്യോ, പൗളീനോസ് അ സാങ്ക്ത. ഈസ്റ്റിന്‍ഡീസിലേക്കുള്ള യാത്ര. ഇംഗ്ലീഷ് വിവ.. വില്യം ജോണ്‍സ്റ്റണ്‍. ലണ്ടന്‍. 1800.
ബര്‍ണാര്‍ദ്ദ്, കെ.എല്‍. കേരളാ ഹിസ്റ്ററി.
ബൗറിംഗ്, ലെവിന്‍. ഹൈദര്‍ ആന്‍ഡ് ടിപുസുല്‍ ത്താന്‍. ഓക്‌സ്‌ഫോര്‍ഡ്: ക്ലരണ്‍ ഡന്‍ പ്രസ്, 1899 :126
ഭാസ്‌കരനുണ്ണി, പി.പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. കേരള സാഹിത്യ അക്കാദമി. 2012.
മച്ചാഡോ, അലന്‍. സ്ലേവ്‌സ് ഓഫ് സുല്ത്താന്‍സ്. 2015
മോറെ, ജെ.ബി. പ്രശാന്ത്. ''ടിപ്പു സുല്‍ത്താന്‍, ആന്‍ഡ് ദി ക്രിസ്റ്റ്യന്‍സ്', ഇസ്ലാം ആന്‍ഡ് മുസ്ലിം-ക്രിസ്റ്റ്യന്‍ റിലേഷന്‍സ്. 14(3) 313-324.
രാമന്‍പിള്ള, സി.വി. ധര്‍മ്മരാജാ. 1913.
ലോഗന്‍, വില്യം. മലബാര്‍ മാനുവല്‍. 1887.
ലോബോ, ജോ. സരസ്വതീസ് ചില്‍ഡ്രന്‍. കിന്നിഗോലി. 03 മേയ് 2007.
വേലുപ്പിള്ള, ടി.കെ.. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍,
സ്‌കര്‍വി, ജയിംസ്. ക്യാപ്റ്റിവിറ്റി, സഫറിങ്ങ്‌സ്, ആന്‍ഡ് എസ്‌കേപ് ഒഫ് ജയിംസ് സ്‌കര്‍വി, 1824.
ഹസന്‍, മൊഹിബുള്‍. ഹിസ്റ്ററി ഓഫ് ടിപ്പു സുല്‍ത്താന്‍, ആകാര്‍ ബുക്‌സ്, 2005
ഹാമില്‍ട്ടണ്‍, ആര്‍.എച്ച്. ടിപ്പൂ സുല്‍ത്താന്‍. ഗവണ്മന്റ് പ്രസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.