എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു; വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി

എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു; വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് മൂലം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പകുതിയിലേറെ വിമാനങ്ങളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

ജീവനക്കാര്‍ കൂട്ടത്തോടെ സുഖമില്ലെന്ന കാരണം കാണിച്ചാണ് അവധിക്ക് അപേക്ഷിച്ചത്. കോവിഡ് കാലമായതിനാല്‍ വ്യോമയാന കമ്പനി എതിര്‍പ്പ് ഉയര്‍ത്തിയതുമില്ല. എന്നാല്‍ അവധിയെടുത്ത് ജീവനക്കാരെല്ലാം എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത് ഇന്‍ഡിഗോയ്ക്ക് നാണക്കേടായി.

യാത്രക്കാരുടെ ഭാഗത്ത് നിന്ന് വ്യാപകമായി പരാതികള്‍ എത്തിയതോടെ സംഭവത്തില്‍ ഇന്‍ഡിഗോയോട് ഡിജിസിഎ വിശദീകരണം ചോദിച്ചു. ദിവസേന 1500 ലേറെ ആഭ്യന്തര സര്‍വീസുകള്‍ ആണ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഇന്‍ഡിഗോ നടത്തുന്നത്.

യാത്രക്കാര്‍ ഇന്‍ഡിഗോയ്‌ക്കെതിരെ രൂക്ഷമായി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കഴിയേണ്ടി വന്നിട്ടും എ.സി ഇടാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു.

വിമാനത്തിന്റെ എ.സി എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് എ.സിയും പ്രവര്‍ത്തിക്കുക എന്ന് ഇതിന് മറുപടിയായി ഇന്‍ഡിഗോ ട്വീറ്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.