ദുബായ്: എമിറേറ്റില്‍ ടാക്സി നിരക്ക് കൂട്ടി. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ കുറഞ്ഞ നിരക്ക് 12 ദിർഹമായി തുടരും. ഓരോ കിലോമീറ്റർ യാത്രയിലെയും ഇന്ധന ഉപഭോഗം കണക്കിലെടുത്താണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നതെന്ന് ആർടിഎ വ്യക്തമാക്കുന്നു.
ഓരോ കിലോമീറ്ററിലും നിരക്കില്‍ 20 ഫില്‍സിന്‍റെ വർദ്ധനവായിരിക്കും ഉണ്ടാകുക. അതിനിടെ ഹാലാ ടാക്സി നിരക്ക് കിലോമീറ്ററിന് 2 ദിർഹം 19 ഫില്‍സായതായി കരീം ടാക്സി ഒരു ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഇത് 1 ദിർഹം 98 ഫില്‍സായിരുന്നു. ഊബറും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജൂലൈയിലെ ഇന്ധനവില യുഎഇ പ്രഖ്യാപിച്ചത്. ലിറ്ററില്‍ 50 ഫില്‍സിന്‍റെ വർദ്ധനവാണ് വിവിധതരത്തിലുളള പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസവും യുഎഇയില്‍ ഇന്ധന വില വർദ്ധിച്ചിരുന്നു.
ഇന്ധന വില വർദ്ധിപ്പിച്ചതിന് പിന്നാലെ ഷാർജയിലെ ടാക്സി നിരക്കിലും മാറ്റമുണ്ടാകുമെന്ന് ഷാർജ ട്രാന്‍സ്പോർട്ട് അതോറിറ്റിയും വ്യക്തമാക്കിയുന്നു.
ഓരോ മാസത്തേയും ഇന്ധന വിലയിലുണ്ടാകുന്ന വ്യത്യാസത്തിന് അനുസരിച്ചായിരിക്കും ടാക്സി നിരക്കെന്നും ഷാർജ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഷാർജയില്‍ 13 ദിർഹം 50 ഫില്‍സില്‍ നിന്ന് 17 ദിർഹം 50 ഫില്‍സായാണ് ടാക്സിനിരക്ക് ഉയർത്തിയത്. ടാക്സി നിരക്ക് 7 ദിർഹത്തില്‍ നിന്നായിരിക്കും ആരംഭിക്കുക.
ഓരോ കിലോമീറ്ററിനും 1 ദിർഹം 62 ഫില്‍സ് ഈടാക്കും. ചുരുക്കത്തില്‍ ഉപഭോക്താവ് നല്‍കേണ്ടിവരുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 17 ദിർഹം 50 ഫില്‍സായിരിക്കും.
അതിനിടെ ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങളായ ബസുകളിലും മെട്രോയിലും നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.