സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് പാപ്പ

 സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് പാപ്പ. കാല്‍മുട്ട് വേദനയെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ വീല്‍ചെയറില്‍ ആയിരുന്നു പൊതു വേദികളില്‍ എത്തിയിരുന്നത്. ചില വിദേശ യാത്രകള്‍ അദ്ദേഹം അവസാന നിമിഷങ്ങളില്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

ആദ്യമായാണ് ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയത്. കൂടാതെ താന്‍ അര്‍ബുദ ബാധിതനാണെന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ വത്തിക്കാനിലെ വസതിയായ സാന്താ മാര്‍ത്തയില്‍ നടന്ന അഭിമുഖം 90 മിനിറ്റ് നീണ്ടു നിന്നു. സഹായികളില്ലാതെ സ്വയം നടന്ന് കസേരയില്‍ ഇരുന്നായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പങ്കെടുത്തത്. അഭിമുഖത്തില്‍ ഉടനീളം ജാഗരൂകനും അനായാസമായി വിഷയങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന പാപ്പയെയാണ് കാണാന്‍ കഴിഞ്ഞത് അന്താരാഷ്ട്ര, സഭാ വിഷയങ്ങള്‍ ഒക്കെ ചര്‍ച്ചയുടെ ഭാഗമായാപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടാണ് പലതിനും മറുപടി നല്‍കിയത്.

പുതിയ വത്തിക്കാന്‍ ഭരണഘടന ചര്‍ച്ചക്കായി കര്‍ദിനാള്‍മാരുടെ യോഗം, പുതിയ കര്‍ദിനാള്‍മാരെ വാഴിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ അടുത്ത ഓഗസ്റ്റില്‍ നടക്കാനിരിക്കെയാണ് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പാപ്പ നിലപാട് വ്യക്തമാക്കിയത്. അദ്ദേഹം ഇറ്റലിയിലെ ലാക്വില നഗര സന്ദര്‍ശനവും പ്രഖ്യാപിച്ചിരുന്നു. ബെനഡിക്ട് 16ാമന്‍ മാര്‍പാപ്പ വിരമിക്കുന്നതിന് നാലു വര്‍ഷം മുമ്പ് ലാക്വില സന്ദര്‍ശിച്ചിരുന്നു.

കാനഡ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണെന്നും അതുകഴിഞ്ഞ് മോസ്‌കോയിലേക്കും കീവിലേക്കും പോകണമെന്ന് ആഗ്രഹിക്കുന്നതായും മാര്‍പാപ്പ പങ്കുവെച്ചു.

'സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസില്‍ വന്നിട്ടേയില്ല.' ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാല്‍മുട്ടില്‍ ഉണ്ടായ ചെറിയ പൊട്ടല്‍ സുഖപ്പെട്ടു വരുന്നതായും ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.