ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നുയര്‍ന്ന നാസയുടെ ബഹിരാകാശ പേടകം ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചേര്‍ന്നു

ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നുയര്‍ന്ന നാസയുടെ ബഹിരാകാശ പേടകം ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചേര്‍ന്നു

വെല്ലിംഗ്ടണ്‍: യുഎസിന് പുറത്ത് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നും ഏഴ് ദിവസം മുന്‍പ് കുതിച്ചുയര്‍ന്ന നാസയുടെ റോക്കറ്റ് ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചേര്‍ന്നു. ഭൗമശാസ്ത്ര ഗവേഷണത്തിനായി നിര്‍മിച്ച ചെറു ഉപഗ്രഹവുമായാണ് റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിയത്. തുടര്‍ന്ന് റോക്കറ്റിനുള്ളില്‍ നിന്നും ഉപഗ്രഹത്തെ ബഹിരാകാശത്ത് നിക്ഷേപിച്ചു.

ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തില്‍ വീണ്ടും ഇറക്കാനുള്ള നാസയുടെ പദ്ധതിയിലെ ഏറ്റവും പുതിയ ചുവടുവയ്പ്പായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആര്‍ന്‍ഹേം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജൂണ്‍ 27 ന് പുലര്‍ച്ചെയാണ് നാസയുടെ ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇതാദ്യമായാണ് യു.എസിന് പുറത്തുള്ള നാസയുടെ ആദ്യത്തേതും ഓസ്‌ട്രേലിയയുടെ ആദ്യത്തേതുമായ വാണിജ്യ ബഹിരാകാശ വിക്ഷേപണവുമായിരുന്നു ഇത്.

ചന്ദ്രോപരിതലത്തില്‍ നാല് മാസക്കാലം ഉപഗ്രഹം ഉണ്ടാകുമെന്ന് റോക്കറ്റ് ലാബ് സ്ഥാപകന്‍ പീറ്റര്‍ ബെക്ക് പറഞ്ഞു. ചന്ദ്രന് ചുറ്റും ഭ്രമണം നടത്തി സുപ്രധാന ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. രണ്ടര വര്‍ഷമെടുത്ത പ്രോജക്ടാണിത്. മാത്രമല്ല ഇത് നടപ്പിലാക്കാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. 32.7 മില്യണ്‍ ഡോളറാണ് ദൗത്യത്തിനായി നാസ ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍നിന്ന് നാസയുടെ റോക്കറ്റ് കുതിച്ചുയരുന്നത്. ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. നാസയുടെ എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ഓസ്ട്രേലിയയില്‍ താമസിച്ചാണ് വിക്ഷേപണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം ഈ വിക്ഷേപണത്തോടെ വീണ്ടും ഊട്ടിയുറപ്പിച്ചതായി യുഎസ് കോണ്‍സല്‍ ജനറല്‍ കാത് ലീന്‍ ലൈവ്‌ലി വിക്ഷേപണ ദിവസത്തില്‍ പ്രതികരിച്ചിരുന്നു. സൗരയൂഥത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും ബഹിരാകാശ പര്യവേക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് സഹകരണമെന്നും അവര്‍ അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് ഇത് അങ്ങേയറ്റം അഭിമാനകരമായ നിമിഷമാണെന്നാണ് ചടങ്ങില്‍ പങ്കെടുത്ത നോര്‍ത്തേണ്‍ ടെറിട്ടറി ചീഫ് മിനിസ്റ്റര്‍ നതാഷ ഫൈല്‍സ് പറഞ്ഞത്. ഇതിനു മുന്‍പ് 1995-ലാണ് ഓസ്ട്രേലിയയില്‍ നിന്ന് നാസ ആദ്യമായി റോക്കറ്റ് അയയ്ക്കുന്നത്. അന്ന് റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ വൂമേറ റേഞ്ച് കോംപ്ലക്സിലായിരുന്നു വിക്ഷേപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.