കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്ന് നിയമ വിദഗ്ധര്‍. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രവുമല്ല മന്ത്രിയെന്ന നിലയിലുളള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ ഗുരുതരമാക്കുന്നുവെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
'ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടി'ന്റെ പരിധിയില്‍ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയില്‍ വരും. മൂന്നു വര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ.
ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് ഏറ്റുപറഞ്ഞാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേ മന്ത്രി തന്നെ ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് നിയമവിദ്ധര്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. ഇത് മുന്നില്‍ കണ്ടാണ് മന്ത്രി രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ മന്ത്രി സജി ചെറിയാനെതിരെ പരാതികളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മന്ത്രിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രടറി പഴകുളം മധു ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍ പരാതി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.