പ്രസന്നപുരത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; കര്‍ദ്ദിനാളിന്റെ ഉത്തരവുണ്ടായിട്ടും ഫാ. സെലസ്റ്റിന് ദിവ്യബലി അര്‍പ്പിക്കാനായില്ല

പ്രസന്നപുരത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; കര്‍ദ്ദിനാളിന്റെ ഉത്തരവുണ്ടായിട്ടും ഫാ. സെലസ്റ്റിന് ദിവ്യബലി അര്‍പ്പിക്കാനായില്ല

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശമനുസരിച്ച് സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിന്റെ തീരുമാന പ്രകാരം ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസന്നപുരം തിരുക്കുടുംബ ദേവാലയത്തില്‍ ഇന്നും ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

സിനഡ് തീരുമാനമനുസരിച്ച് ദിവ്യബലി അര്‍പ്പിച്ച ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കലിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നതിനെ തുടര്‍ന്ന് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ഇടപെടുകയും ഫാ. സെലസ്റ്റിനെ വികാരി സ്ഥാനത്തു നിന്ന് മാറ്റി ഫൊറോനാ വികാരിക്ക് ഇടവകയുടെ അധിക ചുമതല നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വികാരി സ്ഥാനത്തു നിന്നും തന്നെ നീക്കിയ നടപടിയ്‌ക്കെതിരെ ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ മെത്രാപ്പോലീത്തന്‍ വികാരിയ്ക്ക് അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ മേല്‍ അധികാരി എന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫാദര്‍ സെലസ്റ്റിന്‍ അപ്പീല്‍ നല്‍കിയിരുന്നു.

ഇതുപ്രകാരം വിഷയത്തില്‍ ആവശ്യമായ പഠനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം അന്തിമ തീരുമാനം വരുന്നത് വരെ ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കലിനെ പ്രസന്നപുരം പള്ളി വികാരി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ടുള്ള മാര്‍ ആന്റണി കരിയിലിന്റെ ഡിക്രി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സസ്‌പെന്‍ഡു ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് ഇന്ന് ദിവ്യബലി അര്‍പ്പിക്കാന്‍ ദേവാലയത്തിലെത്തിയ ഫാ.സെലസ്റ്റിനെ ഒരു വിഭാഗം തടയുകയായിരുന്നു. ദേവാലയത്തിലെ ഭണ്ഡാരപ്പെട്ടിയോട് ചേര്‍ന്നു കിടന്ന ബേമ അവിടെ നിന്നെടുത്ത് സിമിത്തേരിയില്‍ കൊണ്ടുപോയി ഇടുകയും ചെയ്തു. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാനയ്ക്കായി ഫാ.സെലസ്റ്റിന്‍ ഉപയോഗിച്ചിരുന്നതാണ് ഈ ബേമ.

സിനഡ് കുര്‍ബാനയ്ക്കായുള്ള ക്രമീകരണങ്ങള്‍ ദേവാലയത്തില്‍ നടത്തിയപ്പോള്‍ സ്ഥാപിച്ച ബേമ പല തവണ നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് വീണ്ടും ആരെങ്കിലും കൊണ്ടു പോകാനുള്ള സാധ്യത മുന്‍ നിര്‍ത്തി ഫാ.സെലസ്റ്റിന്‍ ബേമ ഭണ്ഡാരപ്പെട്ടിയുമായി ചേര്‍ത്ത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് തകര്‍ത്താണ് ഇന്നു രാവിലെ ബേമ നീക്കം ചെയ്തത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് ഇടവകയുടെ താല്‍ക്കാലിക ചുമതലയുള്ള ഫോറോന വികാരിയെ ഫാ.സെലസ്റ്റിന്‍ കാണിച്ചിരുന്നെങ്കിലും കത്തില്‍ 'കോപ്പി ടു ഫൊറോന വികാര്‍' എന്നില്ല എന്ന എന്ന കാരണത്താല്‍ അത് തനിക്ക് ബാധകമല്ല എന്ന നിലപാടാണ് ഫോറോന വികാരി സ്വീകരിച്ചത്. അടുത്ത ദിവസം തന്നെ വ്യക്തമായ ഉത്തരവും ഫൊറോന വികാരിക്കുള്ള നിര്‍ദേശവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫാ.സെലസ്റ്റിനും ഇടവകാംഗങ്ങളും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.