അഗ്നിപഥിലൂടെ ഈ വര്‍ഷം ഏകദേശം 20 ശതമാനം വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് നാവികസേന

അഗ്നിപഥിലൂടെ ഈ വര്‍ഷം ഏകദേശം 20 ശതമാനം വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് നാവികസേന

ന്യൂഡല്‍ഹി: സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥിലൂടെ ഈ വര്‍ഷം ഏകദേശം 20 ശതമാനം വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് നാവികസേന അറിയിച്ചു. ഈ വര്‍ഷം 3000 അഗ്‌നിവീരന്മാരെ നിയമിക്കാനാണ് നാവികസേന പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ ഒന്നിനാണ് അഗ്‌നിവീരന്മാരെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായി രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. പുതിയ പദ്ധതിയിലൂടെയാണ് ആദ്യമായി വനിതകളെ സെയിലര്‍മാരായി നിയമിക്കാനൊരുങ്ങുന്നത്. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വനിതകള്‍ക്കായി 20 ശതമാനം ഒഴിവുകള്‍ നീക്കിവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നാവികസേന വ്യക്തമാക്കി.

ജൂണ്‍ 14നായിരുന്നു അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസിനും 21 വയസിനും ഇടയിലുള്ള യുവതീയുവാക്കള്‍ക്കാണ് അഗ്‌നിവീറുകളാകാന്‍ അവസരമുള്ളത്. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുമെന്നും പദ്ധതിയില്‍ പറയുന്നു. ഈ വര്‍ഷം മൂന്ന് സേനകളിലുമായി 46000 പേരെ നിയമിക്കാനാണ് സേനാവൃത്തങ്ങള്‍ ലക്ഷ്യമിടുന്നത്.

നാവികസേനയില്‍ അഗ്‌നിവീരന്മാരാകാനുള്ള പരീക്ഷയും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ പകുതിയോടെയാകും നടക്കുക. നവംബര്‍ 21ന് പരിശീലനം ആരംഭിക്കുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അഗ്‌നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. നാലു വര്‍ഷത്തിനു ശേഷം പിരിയുമ്പോള്‍ 11.71 ലക്ഷം രൂപയാണ് ലഭിക്കുന്നത്. നിലവില്‍ സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്‌നിപഥിനും ഉണ്ടാകും.

റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടു തവണ റിക്രൂട്ട്‌മെന്റ് നടത്തുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമായിരിക്കും നല്‍കുക. തുടക്കത്തില്‍ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനമാകുമ്പോള്‍ 40,000 രൂപയായി വര്‍ധിക്കും. കൂടാതെ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്താണ് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.