നാവിന്റെ 'ഭരണഘടന' പിഴച്ചു; പിടിച്ചു നില്‍ക്കാനാവാതെ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു; സംരക്ഷിക്കാനാവാതെ സിപിഎം

നാവിന്റെ 'ഭരണഘടന' പിഴച്ചു; പിടിച്ചു നില്‍ക്കാനാവാതെ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു; സംരക്ഷിക്കാനാവാതെ സിപിഎം

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയ്‌ക്കെതിരെ നിശിത വിമര്‍ശനമുന്നയിച്ച് വെട്ടിലായ സാംസ്‌കാരിക, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഒരു ദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് രാജി.

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജിയ്ക്കായി മുറവിളി കൂട്ടി വരവേയാണ് മന്ത്രിയുടെ രാജി. സിപിഐ അടക്കമുള്ള ഇടത് ഘടകകക്ഷികളും രാജി അനിവാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎം കേന്ദ്ര നേതൃത്വവും മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.  നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന്  പിന്നീട്  അറിയിപ്പ് ലഭിച്ചിരുന്നു.

എന്നാല്‍ വൈകുന്നേരത്തോടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.അഡ്വക്കറ്റ് ജനറലിന്റെ പൂര്‍ണ തോതിലുള്ള നിയപോപദേശം ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിയുടെ അനിവാര്യത സജി ചെറിയാനെ അറിയിക്കുകയും അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയുമായിരുന്നു.

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വയ്ക്കുകയും സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിച്ചു വിടുകയും ചെയ്തിരുന്നു. നാളെയും പ്രതിപക്ഷം രാജിയാവശ്യം ഉന്നയിക്കുമ്പോള്‍ മറുപടി പറയാനാവാതെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല എന്ന കാരണവും അവസാന നിമിഷം മന്ത്രിയുടെ രാജിയിലേക്ക് നയിച്ചു.

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ ഞാന്‍ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാര്‍ എഴുതിവച്ചത്.

ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം' - ഇതായിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പൊതു യോഗത്തില്‍ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം.

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയാണ് സജി ചെറിയാന്‍ മന്ത്രിപദം വരെ എത്തിയത്. സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളര്‍ന്ന സജി ചെറിയാനെ നാലു വര്‍ഷങ്ങള്‍ക്കിടെ പല തവണ നാക്ക് ചതിച്ചു. എല്ലാം വിവാദമായി. സ്വന്തം പ്രതിഛായയില്‍ മാത്രമല്ല, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായയ്ക്ക് അത് മങ്ങലേല്‍പ്പിക്കുകയും ചെയ്തു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയില്‍ എത്തിയ സജിയുടെ വാക്കുകള്‍ ആദ്യം വഴി തെറ്റിയത് 2018 ലെ പ്രളയകാലത്താണ്. അടിയന്തര സഹായം കിട്ടിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമെന്ന സമൂഹ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ വിലാപം ഇടത് സര്‍ക്കാരിന്റെ നെഞ്ചത്താണ് തറച്ചത്. ഹെലികോപ്ടര്‍ സഹായത്തിനായി കാലുപിടിച്ച് എം.എല്‍.എ അപേക്ഷിച്ചതും സര്‍ക്കാരിന് ക്ഷീണമായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2020 ജൂലൈയില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് അടുത്ത വിവാദം. രാഷ്ട്രീയക്കാര്‍ 55 വയസില്‍ വിരമിക്കണമെന്നായിരുന്നു പോസ്റ്റ്. തന്റെ പാര്‍ട്ടി തന്നെ ഇത് ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിച്ചു. 55 വയസില്‍ കൂടുതലുള്ള ജില്ലയിലെ പല നേതാക്കളും സ്ഥാനാര്‍ത്ഥി മോഹവുമായി നില്‍ക്കുമ്പോള്‍ വന്ന സജിയുടെ പോസ്റ്റില്‍ ദുഷ്ട ബുദ്ധിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

2021 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായ ശേഷവും അദ്ദേഹത്തിന്റെ നാക്ക് പിഴവ് തുടര്‍ന്നു. ദത്തു വിവാദത്തില്‍ സ്വന്തം കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തിയ യുവതിയെക്കുറിച്ചുള്ള 'മൊഴി'കള്‍ വിനയായി. സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കാന്‍ പലര്‍ക്കും കിട്ടിയ തീക്കനലായി സജിയുടെ പരാമര്‍ശം.

സില്‍വര്‍ ലൈന്‍ പ്രശ്‌നം തിളച്ചു നില്‍ക്കുമ്പോഴും സജിയുടെ നാക്കിന്റെ താളം തെറ്റി. സില്‍വര്‍ ലൈനിന്റെ ഇരുവശവും ബഫര്‍സോണ്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു ഉടന്‍ കോടിയേരിയുടെ തിരുത്ത് വന്നു. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, മനുഷ്യന് തെറ്റു പറ്റാമല്ലോ എന്നെല്ലാം പറഞ്ഞ് സജിചെറിയാന്‍ തടി ഊരിയെങ്കിലും വിവാദമായി.

അതിന്റെയെല്ലാം ക്ഷീണം ഒന്നു  മാറി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം. നാവില്‍ വിരിഞ്ഞ കുന്തവും കൊടച്ചക്രവുമൊക്കെ എടുത്ത് ഇന്ത്യന്‍ ഭരണഘടനയെ വര്‍ണിച്ചപ്പോള്‍ മന്ത്രി സ്ഥാനവും നഷ്ടമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.