'ചെയ്യാത്ത കുറ്റത്തിന് 120 വര്‍ഷമായി തടവില്‍'; നിരപരാധിയായ ഒരു മരം !

'ചെയ്യാത്ത കുറ്റത്തിന് 120 വര്‍ഷമായി തടവില്‍'; നിരപരാധിയായ ഒരു മരം !

കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം. ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ചിരിക്കും ശിക്ഷയുടെ ദൈര്‍ഘ്യം. എന്നാല്‍ താന്‍ പോലും അറിയാത്ത കുറ്റത്തിന് പലപ്പോഴും നിരപരാധികള്‍ ബലിയാടാകാറുണ്ട്. നിരപരാധിയായിട്ടും വര്‍ഷങ്ങളായി തടവിലാക്കപ്പെട്ട ഒരു മരത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

19ാം നൂറ്റാണ്ട് മുതല്‍ തടവിലാക്കപ്പെട്ട ഒരു വൃക്ഷമാണ് കഥാപാത്രം. പാകിസ്ഥാനിലെ ടോര്‍ഖാന്‍ അതിര്‍ത്തിക്കടുത്തുള്ള ലാന്‍ഡി കോട്ടല്‍ എന്ന പട്ടണത്തിലെ ആര്‍മി കന്റോണ്മെന്റില്‍ സ്ഥിതി ചെയ്യുന്ന ഒരു ആല്‍മരമാണ് കഴിഞ്ഞ 120 വര്‍ഷമായി ചങ്ങലയില്‍ ബന്ധിതനായി കഴിയുന്നത്. ഇത്രയധികം വര്‍ഷം ഈ മരം ഇങ്ങനെ തടവിലാക്കപ്പെട്ടു എന്നറിയേണ്ടെ?

1898ല്‍ മദ്യലഹരിയിലായിരുന്ന ജെയിംസ് സ്‌ക്വിഡ് എന്ന ബ്രിട്ടീഷ് ഓഫീസര്‍ക്ക് തൊട്ടെടുത്ത് നിന്ന ഒരു മരം ആക്രമിക്കാന്‍ വരുന്നതായി അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇയാള്‍ കൂടെ നിന്ന കീഴ് ഉദ്യോഗസ്ഥരോട് ഈ മരം എന്നെ ആക്രമിക്കാന്‍ വരുന്നു അവനെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞു. മേലുദ്യോഗസ്ഥന്‍ പറഞ്ഞതല്ലേ മുന്നും പിന്നും നോക്കാതെ കീഴുദ്യോഗസ്ഥര്‍ ഓടി ചെന്ന് ആ മരത്തെ ചങ്ങലയ്ക്കിട്ടു. ഇന്നും അത് മോചനം കിട്ടാതെ ഒരേനില്‍പ് നില്‍ക്കുന്നു.

മദ്യലഹരിയിലിരുന്ന ഓഫീസര്‍ക്കും ആജ്ഞ അനുസരിക്കേണ്ടി വന്ന ഉദ്യോഗസ്ഥര്‍ക്കും ബോധമില്ലാത്തത് പോട്ടേ. ഇത്രയും വര്‍ഷം മരത്തിനെ അറസ്റ്റ് ചെയ്ത് തടവിലിട്ട നാട്ടുകാരും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്.

ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായ ഈ മരത്തിനെ മോചിപ്പിക്കണമെന്ന അഭിപ്രായക്കാരാണ് ഒരു കൂട്ടര്‍. കാരണം മദ്യലഹരിയിലായിരുന്ന ബ്രീട്ടീഷ് ഉദ്യോഗസ്ഥന്റെ ഒരു മണ്ടന്‍ ആജ്ഞയായിരുന്നില്ല മരത്തിനെ ചങ്ങലയ്ക്കിട്ടതിന് പിറകില്‍. അതിന് മറ്റൊരു കാരണമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ ശബ്ദമുയര്‍ത്തിയ ആ പ്രദേശത്തെ വനവാസികളായ ആളുകളെ ഭയപ്പെടുത്താനാണ് ഇങ്ങനെ മരത്തിനെ ചങ്ങലയ്ക്കിട്ടത്. ഞങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഈ മരത്തിന്റെ അവസ്ഥയാകും നിങ്ങളുടേതും എന്ന് ഓര്‍മ്മപ്പെടുത്താനാണത്രേ ഇങ്ങനെ ചെയ്തത്.

ചിലര്‍ പറയുന്നത് ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ്. അതുകൊണ്ട് മരം എങ്ങനെയാണോ അങ്ങനെ തന്നെ തുടര്‍ന്നോട്ടെ എന്നാണ് മറ്റൊരു കൂട്ടരുടെ പക്ഷം. എന്തായാലും ഈ മരം കാരണം പാക് സര്‍ക്കാരിന് ഗുണം മാത്രമാണുള്ളത്. കാരണം എന്തെന്നല്ലേ? മരത്തെ ചുറ്റിപറ്റിയുള്ള വിചിത്ര കഥകള്‍ അറിഞ്ഞ് വിദേശികളടക്കം നിരവധി പേരാണ് ഇത് കാണാനെത്തുന്നത്. അത് കൊണ്ട് തന്നെ നല്ല വരുമാനം നല്‍കുന്ന ഒരു ടൂറിസ്റ്റ് ഏരിയ ആണിത്.

കുറച്ച് ചില്ലറ തടയുന്ന കാര്യമല്ലേ, അതുകൊണ്ട് മരം അങ്ങനെ തന്നെ നില്‍ക്കട്ടേയെന്ന് പാക് ഭരണകൂടവും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.