ഭരണഘടനാ വിമര്‍ശനം: സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍

 ഭരണഘടനാ വിമര്‍ശനം: സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ച് വിവാദ പ്രസംഗം നടത്തി മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാക്കാന്‍ പ്രതിപക്ഷം. മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

അതേസമയം, സജി ചെറിയാന്‍ എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സി പി എം.

മന്ത്രിയുടെയും എല്‍എല്‍എയുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നും അതിനാല്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും വാദമുണ്ട്. മന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുമ്പോള്‍ ജനങ്ങളാണ് എംഎല്‍എയെ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. സജി ചെറിയാന്റെ രാജിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി പകരം മന്ത്രി വേണ്ടെന്ന നിലപാടിലാണ് സിപിഎം നിലവിലുള്ളത്.

എന്തിന് രാജിവെക്കണമെന്നാണ് സിപിഎമ്മിന്റെ അവെയ്‌ലബിള്‍ സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ സജി ചെറിയാന്‍ മാധ്യമപ്രവേത്തകരോട് ചോദിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. സിപിഎം സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സജി ചെറിയാന്റെ രാജി ഉണ്ടായത്. ഭരണഘടനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് സ്വീകരിച്ചത് നിര്‍ണായകമായി.

മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ എംഎല്‍എ പദവിയും സജി ചെറിയാന്‍ രാജിവെക്കുമോ എന്ന ചോദ്യം ശക്തമാണ്. മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ സജി ചെറിയാന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

പ്രസംഗം വിവാദമായപ്പോഴും മുതിര്‍ന്ന നേതാവ് എം എ ബേബിയടക്കമുള്ളര്‍ സജി ചെറിയാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സജി ചെറിയാന് നാവ് പിഴ സംഭവിച്ചതാകാമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം എ ബേബി വ്യക്തമാക്കിയത്. നിയമസഭയില്‍ ഖേദപ്രകടനം നടത്തുകയും പ്രസ്താവന വാര്‍ത്താക്കുറിപ്പായി പുറത്തിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാജി വേണ്ടെന്ന നിലപാട് ആദ്യഘത്തില്‍ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍, വിവാദങ്ങള്‍ അവസാനിക്കാത്ത അവസ്ഥ ഉണ്ടാകുകയും കേന്ദ്ര നേതൃത്വം തള്ളിപ്പറയുകയും ചെയ്തതോടെയാണ് മന്ത്രിസ്ഥാനം ഒഴിയാന്‍ നിന്നും സജി ചെറിയാന്‍ പ്രേരിതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.