കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞു പോയിട്ടില്ല. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം പ്രക്ഷോഭകര്‍ തീയിട്ടു.
പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്നായിരുന്നു സര്‍വകക്ഷി യോഗത്തിലെ തീരുമാനം. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്ന സൂചനകള്‍ക്കിടെ സ്പീക്കര്‍, രജപക്‌സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനം രജപക്‌സേ ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി വിട്ടോടുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനു മുകളില്‍ പതാക ഉയര്‍ത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയില്‍ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തില്‍ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദിവസങ്ങളായി ജനങ്ങള്‍ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു.
സമരക്കാര്‍ എത്തുന്നത് തടയാന്‍ പൊതുഗതാഗത സര്‍വീസുകളില്‍ ചിലത് നിര്‍ത്തിവച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. സൈന്യം റബര്‍ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാന്‍ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണി ചേര്‍ന്നു. ഗേറ്റും വാതിലും തകര്‍ത്ത സമരക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിന്റെ മുഖം മാറുകയായിരുന്നു.
സമരക്കാര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ പ്രസിഡന്റ് ഗോതബയ രജപക്‌സെ അംഗരക്ഷകരുടെ കാവലില്‍ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കന്‍ നാവിക സേനയുടെ ഒരു കപ്പല്‍ ചില ബാഗുകള്‍ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങള്‍ പുറത്തു വന്നു. ആരാണ് ഈ കപ്പപ്പലില്‍ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലില്‍ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരവും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.