കേരള പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിന്നും ചാവറയച്ചന്‍ പുറത്ത് !

കേരള പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിന്നും ചാവറയച്ചന്‍ പുറത്ത് !

തൃശൂര്‍: കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തില്‍നിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്‌കരിച്ചതായി 'ദീപിക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന എട്ടാം അധ്യായത്തിലാണ് കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്.

ശ്രീനാരായണ ഗുരുവില്‍നിന്നു തുടങ്ങുന്ന ചരിത്രത്തില്‍ ചട്ടമ്പിസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍, അയ്യന്‍കാളി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, വാഗ്ഭടാനന്ദന്‍, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമര്‍ശമുണ്ട്.

1856 ഓഗസ്റ്റ് 20 നു ജനിച്ച ശ്രീനാരായണ ഗുരുവിനേക്കാള്‍ അഞ്ചു പതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരു വരിപോലും കുരുന്നുകള്‍ പഠിക്കുന്ന പുസ്തകത്തിലില്ല.

1846 ല്‍ മാന്നാനത്ത് സംസ്‌കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചന്‍ ആര്‍പ്പൂക്കര ഗ്രാമത്തില്‍ കീഴാള വര്‍ഗക്കാരുടെ കുട്ടികള്‍ക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവര്‍ണ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ണര്‍ക്കും ഒരേ ബഞ്ചില്‍ സ്ഥാനം നല്‍കിയതും, ഒട്ടിയ വയറുമായി പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്സിഇആര്‍ടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം.

1864-ല്‍ ചാവറയച്ചന്‍ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെയാണ് പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്.

ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാര്‍ഥ്യമാകൂവെന്ന മിഷണറിമാരുടെ ദര്‍ശനമാണ് 1806-16 കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയാക്കിയത്.

1825 ല്‍ ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടതും 1818-ല്‍ മട്ടാഞ്ചേരിയിലും 1856ല്‍ തലശേരിയിലും ഇംഗ്ലീഷ് സ്‌കൂള്‍ വന്നതും 1848 ല്‍ കോഴിക്കോട് കല്ലായിയില്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചതുമൊന്നും വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉള്‍പ്പെടെയുള്ളവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.