കളക്ടറുടെ കാറിന് കാവല്‍ അഞ്ച് പൊലീസുകാരടങ്ങുന്ന സംഘം; പ്രത്യേക സുരക്ഷ തുടങ്ങിയിട്ട് ഒരു വര്‍ഷം

കളക്ടറുടെ കാറിന് കാവല്‍ അഞ്ച് പൊലീസുകാരടങ്ങുന്ന സംഘം; പ്രത്യേക സുരക്ഷ തുടങ്ങിയിട്ട് ഒരു വര്‍ഷം

കോഴിക്കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഞ്ച് പൊലീസുകാരടങ്ങുന്ന സംഘം ഒരു കാറിന് കാവല്‍ നില്‍ക്കുകയാണ്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിനാണ് എഎസ്‌ഐയും നാല് പൊലീസുകാരും സുരക്ഷ ഒരുക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാള്‍ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷമാണ് മറ്റൊരിടത്തും ഇല്ലാത്ത ഈ സുരക്ഷ ഏര്‍പ്പെടുത്തിയത്.

കളക്ടറുടെ ഔദ്യോഗിക വാഹനം രാവിലെ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് മുതല്‍ തുടങ്ങുതാണ് പൊലീസുകാരുടെ പണി. പണിയെന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്. കാറിന് സമീപത്ത് മേശ വലിച്ചിട്ട് തോക്കും ലാത്തിയും ഒക്കെയായി ഒരേ ഇരുപ്പാണ്. ഇടയ്ക്ക് ഒന്ന് നടക്കും വീണ്ടും ഇരിക്കും. കളക്ടറുടെ കാറിന് ഒന്നും പറ്റാതെ നോക്കണം എന്നതാണ് ചുമതല.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് കളക്ടറുടെ കാര്‍ മാനസിക വെല്ലുവിളി നേരിടുന്നയാള്‍ അടിച്ചു തകര്‍ത്തത്. അന്നു മുതലാണ് ഈ പ്രത്യേക സുരക്ഷാ ക്രമീകരണം. ക്രമസമാധാനത്തിന് മതിയായ പൊലീസുകാരില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പരിതപിക്കുന്നിടത്താണ് ഈ പ്രത്യേക കാവല്‍. കളക്ടര്‍ക്ക് ഗണ്‍മാന്‍മാരും ഓഫീസ് സുരക്ഷയ്ക്കായി പ്രത്യേക ഗാര്‍ഡുകളും വേറെ ഉള്ളപ്പോഴാണ് ഈ അധിക സംവിധാനം.

എ.ആര്‍ ക്യാമ്പില്‍ നിന്നുള്ളവരെയാണ് ഇവിടെ ഡ്യൂട്ടിക്കിടുന്നത്. വലിയ തലവേദനയില്ല, കാറിന് കാവല്‍ ഇരുന്നാല്‍ മതിയല്ലോ, രാത്രിയില്‍ ജോലിയും ഇല്ല. അതുകൊണ്ട് തന്നെ ഈ ഡ്യൂട്ടി കിട്ടാന്‍ പിടിവലിയാണെന്ന് പൊലീസുകാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. എന്നാല്‍ കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് മാത്രമല്ല, കളക്ട്രേറ്റിന് കൂടി ഇവര്‍ സുരക്ഷ നല്‍കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട്ടില്‍ പോലും കളക്ട്രേറ്റിന് ഈ രീതിയില്‍ സുരക്ഷ ഇല്ലല്ലോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.