ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽ നിന്നു തമസ്കരിച്ച സംഭവം: പ്രതിഷേധം ശക്തം

ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽ നിന്നു തമസ്കരിച്ച സംഭവം: പ്രതിഷേധം ശക്തം

കല്ലോടി: കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയിൽ നിന്നും ചാവറയച്ചനെ പുറത്താക്കിയതിനെതിരെ കെസിവൈഎം കല്ലോടി മേഖലാ സമിതി രംഗത്ത്. സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ടും, നടപടി തിരുത്തണം എന്നാവശ്യപ്പെട്ടു കൊണ്ടും കെസിവൈഎം കല്ലോടി മേഖലാ സമിതി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചു. മേഖലാ പ്രസിഡന്റ്‌ ശ്രീ. ടിനു തോമസ് മങ്കൊമ്പിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കത്തയച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണർത്തെഴുന്നേൽപ്പിനു കരുത്തുറ്റ നേതൃത്വം നൽകിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽനിന്നു തമസ്കരിച്ചത് അത്യന്തം വേദനാജനകമാണെന്ന് മേഖലാ സമിതി കത്തിൽ പരാമർശിച്ചു.
ചാവറയച്ചൻ ആരംഭിച്ച വിദ്യാലയങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗത്തെ ചുവടു വയ്പുമാണ് കേരളത്തിന്റെ നവോത്ഥാനത്തിനു തിരി കൊളുത്തിയത് എന്ന കാര്യം വിസ്മരിക്കുന്നത് ശരിയല്ല എന്ന് സമിതി കത്തിൽ ചൂണ്ടിക്കാണിച്ചു.
മാധ്യമ പ്രവർത്തനങ്ങളും, പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും സമൂഹത്തിൽ ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസത്തിനുള്ള അവസരവും ഒരുക്കിയതും ചാവറയച്ചൻ തന്നെയാണ്.
ഇത്തരത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി കേരള സംസ്കാരത്തിന് പുത്തൻ ഉണർവ് നൽകിയ ചാവറയച്ചനെ പഠനത്തിന്റെ ഭാഗമാക്കി തിരികെ ഉത്തരവ് ഇറക്കണമെന്നും, പൊതു വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകണമെന്നും കെസിവൈഎം കല്ലോടി മേഖലാ സമിതി കത്തിൽ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.