കണ്ണൂര്‍: നിയമലംഘനത്തിന് പേരിൽ അടുത്തകാലത്ത് ഏറെ വിവാദത്തിലായ വണ്ടിയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന് എന്ന വാന്‍. ഒന്നര വര്‍ഷമായി കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലാണ് വിവാദം സൃഷ്ടിച്ച വണ്ടിയുള്ളത്.
ആര്‍ടിഒ കസ്റ്റഡിയില്‍ നിന്നും വണ്ടി കിട്ടാതെ വന്നതോടെ ഇപ്പോൾ പുതിയൊരു കാരവാന് വാങ്ങിയിരിക്കുകയാണ് ഈ സഹോദരങ്ങൾ. എന്നാല്‍ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് പദ്ധതിയെങ്കില്‍ ആ വണ്ടിയും പിടികൂടുമെന്നാണ് ആര്‍ടിഒയുടെ നിർദ്ദേശം.
യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നെപ്പോളിയന് എന്ന ഈ വാനില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിരുന്നു. കണ്ണൂര്‍ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനുമാണ് വാനിന്റെ ഉടമകള്‍.
നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയന് എന്ന വാന്‍ ആര്‍ടിഒയുടെ കണ്ണില്‍പ്പെട്ടതോടെയാണ് കളി മാറിയത്. വാഹനത്തിന്റെ നിറവും രൂപവും മാറ്റിയും ടാക്സ് പൂര്‍ണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചും ഇവര്‍ നിയമ ലംഘനം നടത്തിയതായി ആര്‍ടിഒ കണ്ടെത്തി.
രൂപമാറ്റം വരുത്തി വാന്‍ മാസങ്ങളോളം ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റോഡിലൂടെ ഓടിയെങ്കിലും ഒടുവില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. വാന്‍ ആര്‍ടിഒ കസ്റ്റഡിയിലായതിന് പിന്നാലെ ഇ ബുള്‍ ജെറ്റും ആരാധാകരും ലൈവ് വീഡിയോ ഇട്ട് കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധിച്ചു.
എന്നാല്‍ ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പഴയ പടിയാക്കാതേയും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ആര്‍ടിഒ സ്വീകരിച്ചത്. സ്റ്റിക്കര്‍ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദരന്മാര് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം ഒരു സിനിമ താരത്തിന്റെ കാരവാന് വിലക്ക് വാങ്ങി അത് രൂപ മാറ്റം വരുത്തി നെപ്പോളിയന് എന്ന പേരില്‍ വീണ്ടും ഇറക്കാനാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പുതിയ നീക്കം. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാല്‍ ഇവരെ വീണ്ടും പൂട്ടാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.