ഇതാണ് റെക്കോഡ്; 12 വര്‍ഷത്തെ പഠനത്തില്‍ 100 ശതമാനം ഹാജര്‍ !

ഇതാണ് റെക്കോഡ്; 12 വര്‍ഷത്തെ പഠനത്തില്‍ 100 ശതമാനം ഹാജര്‍ !

ലണ്ടന്‍: പന്ത്രണ്ട് വര്‍ഷത്തെ സ്‌കൂള്‍ പഠന കാലത്തിനിടയില്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ 100 ശതമാനം ഹാജരുമായി ഒരു വിദ്യാര്‍ഥി. യു.കെയിലെ ബെഡ്‌ഫോര്‍ഡ്ഷയറിലുള്ള 16കാരന്‍ ഗയ് ക്രോസ്‌ലാന്‍ഡ് ആണ് ഈ അവിശ്വസനീയ നേട്ടത്തിന് ഉടമ. ഹിച്ചിനിലെ ഔവര്‍ ലേഡി പ്രൈമറി സ്‌കൂള്‍, ജോണ്‍ ഹെന്റി ന്യൂമാന്‍ സ്‌കൂള്‍, ഹിച്ചിന്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്രോസ്‌ലാന്‍ഡ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

ലോക്ഡൗണില്‍ പോലും മകന്‍ അവധിയെടുത്തിട്ടില്ലെന്ന് മാതാവ് ജൂലിയ ക്രോസ്‌ലാന്‍ഡ് പറഞ്ഞു. ഗയ് യഥാര്‍ഥ പോരാളിയാണ്. അവനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. ചില ദിവസങ്ങളില്‍ രാവിലെ സ്‌കൂളില്‍ പോകുന്നത് പ്രയാസമുള്ളതായിരുന്നു. എങ്കിലും എല്ലായ്‌പോഴും അവന്‍ സ്‌കൂളില്‍ എത്തുമായിരുന്നു.

കോവിഡ് കാലത്ത് എല്ലാം മാറി മറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി. അന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവന്‍ കൃത്യമായി പങ്കെടുത്തിരുന്നു. മുഴുവന്‍ ഹാജരും ലക്ഷ്യമിട്ടു തന്നെ അസുഖങ്ങളുടെ തുടക്കത്തില്‍ ഡോക്ടര്‍മാരെ കാണാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ജൂലിയ പറഞ്ഞു.

സാഹചര്യങ്ങള്‍ അനുകൂലമല്ലാത്ത അവസ്ഥയിലും സ്‌കൂളില്‍ പോകുന്നത് മുടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഗയ് ക്രോസ്‌ലാന്‍ഡ് പറഞ്ഞു. ഈ നേട്ടം എത്തിപ്പിടിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒടുവില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗയ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.