ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ലങ്കന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, എഐഡിഎംകെ, ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ടിആര്‍എസ്, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ലങ്കയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യക്ക് ആശങ്കയുള്ളതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു യോഗം വിളിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് എഐഡിഎംകെ, ഡിഎംകെ നേതാക്കളാണ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.