തിരുവനന്തപുരം: ലഹരിക്കടത്ത് കേസില്‍ മന്ത്രി അന്റണി രാജുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്റേയും കോടതി ക്ലര്‍ക്കിന്റെയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുന്‍ ക്ലര്‍ക്ക് ജോസ് വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലര്‍ക്കായിരുന്ന ജോസ്. കേസുള്ളതിനാല്‍ സര്‍വ്വീസ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ജോസ് പ്രതികരിച്ചു.
കേസില്‍ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞുവെന്ന് ജോസിന്റെ മൊഴിയില്‍ പറയുന്നു. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു വെല്ലുവിളിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ആന്റണി രാജുവിന്റെ ഭീഷണി പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നുവെന്നും ജയമോഹന്‍ വ്യക്തമാക്കിയതായി ജോസിന്റെ മൊഴിയില്‍ പറയുന്നു.
തൊണ്ടിമുതല്‍ ആയിരുന്ന അടിവസ്ത്രത്തില്‍ തുന്നല്‍ പുതിയതാണെന്ന് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ഫലത്തിലാണ് ഈ നിര്‍ണായക വിവരം പുറത്തു വന്നത്. അടിവസ്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരേയും കോടതിയിലെ ക്ലര്‍ക്കായിരുന്ന ജോസിനെതിരേയും കേസെടുത്തത്.
നാല് മാസത്തോളം കാലം തൊണ്ടിമുതലായ അടിവസ്ത്രം സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ കൈവശമായിരുന്നു.
അതേസമയം മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിചാരണ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടി മുതലില്‍ ആന്റണി രാജു കൃത്രിമത്വം കാണിച്ചത്. 16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്‍കിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല. കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നുമാണ് ആന്റണി രാജുവിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.