കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടണം; സില്‍വര്‍ ലൈന് ബദല്‍ വേണം: ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രിയെ കാണും

കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടണം; സില്‍വര്‍ ലൈന് ബദല്‍ വേണം: ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രിയെ കാണും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിന് ബദലായി കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച.

നിലവിലുള്ള കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. സില്‍വര്‍ ലൈനിന് ബദലായി റെയില്‍വേ വികസനമെന്ന കാഴ്ചപ്പാടാണ് ബിജെപി പ്രതിനിധി സംഘം മന്ത്രിയെ അറിയിക്കുക.

നേരത്തെ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ബിജെപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ധര്‍ പദ്ധതിക്കെതിരെ രംഗത്തു വരുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണുന്നത്.

കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ആവശ്യപ്പെടും. മെട്രോമാന്‍ ഇ ശ്രീധരന്‍ അടക്കമുള്ള വിദഗ്ധരുടെ സഹായം പുതിയ നീക്കത്തിനുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് കേരളത്തിലെ വികസനത്തിന് കേന്ദ്രം ഭരിക്കുന്ന ബിജെപി എതിര് നില്‍ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് മറികടക്കുക എന്ന ലക്ഷ്യവും ബിജെപി നേതാക്കള്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.