ഗ്യാനി സെയിൽ സിങ്: ഇന്ത്യയിൽ പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക രാഷ്ട്രപതി രാഷ്ട്രപതി

ഗ്യാനി സെയിൽ സിങ്: ഇന്ത്യയിൽ പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക രാഷ്ട്രപതി രാഷ്ട്രപതി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 7

നീലം സഞ്ജീവ റെഡ്ഡിയ്ക്ക് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായി 1982 ലാണ് ഗ്യാനി സെയിൽ സിങ് പദവിയിലെത്തുന്നത്. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ വന്ന കേസിൽ അന്നത്തെ ചീഫ് ജസ്റ്റീസും ബഞ്ചിലെ മറ്റ് ജഡ്ജിമാരും വഴങ്ങിയിട്ടും (ഹേബിയസ് കോർപസ് കേസുകളിൽ) ഇന്ദിരാ ഗാന്ധിയ്ക്കെതിരേ ഉറച്ചു നിന്ന മുൻ സുപ്രീം കോടതി ജഡ്ജി എച്ച്.ആർ ഖന്നയോടായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുമുട്ടൽ.

ഈ കേസിന്റെ പേരിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വരെ നഷ്ടമായ ഖന്ന അന്താരാഷ്ട്രതലത്തിൽ പോലും പ്രശസ്തനായിരുന്നു. അന്ന് വിവിധ സംസ്ഥാന നിയമസഭകളിലെ മെമ്പർമാരുടെയെല്ലാം വോട്ടുകൾ കൂട്ടിനോക്കുമ്പോൾ കോൺഗ്രസിനാണ് മേൽക്കോയ്മ. എന്നാൽ തോൽക്കുമെന്നറിഞ്ഞിട്ടും അദ്വാനിയുടേയും ചരൺ സിങിന്റേയും നിർബന്ധത്തിനു വഴങ്ങി ഒമ്പത് പ്രതിപക്ഷ പാർട്ടിയുടെ സംയുക്ത സ്ഥാനാർഥിയായി ഖന്ന. സെയിൽ സിങ് വിജയിച്ചപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബസമേതം ഖന്ന പങ്കെടുക്കുകയും ചെയ്തു.

ആ വർഷം ജൂലൈ 12 ന് നടന്ന തിരഞ്ഞെടുപ്പിൽ ലോക്സഭയിലെ 524, രാജ്യസഭയിലെ 232, ഇരുപത്തി രണ്ട് സംസ്ഥാന നിയമസഭകളിലെ 3827 അംഗങ്ങളുമായി 4583 പേർ വോട്ടവകാശം വിനിയോഗിച്ചു. എം.പി വോട്ടിന്റെ മൂല്യം 702 ആയിരുന്നു. സെയിൽ സിങ് 7,54,113, എച്ച് ആർ ഖന്ന 2,82,685 വോട്ടും ലഭിച്ചു. രാജ്യത്ത് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച രാഷ്ട്രപതിയായിരുന്നു സെയിൽ സിങ്.

1986 ൽ ആയിരുന്നു പൗരന്മാർ അയക്കുന്ന കത്തുകൾ തടഞ്ഞ് വെക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന പോസ്റ്റ് ഓഫീസ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. പക്ഷേ ഈ ബില്ലിൽ ഒപ്പ് വയ്ക്കാൻ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് തയ്യാറായില്ല. ബിൽ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് തിരിച്ചയക്കാനും അദ്ദേഹം തയ്യാറായില്ല. തിരിച്ചയാക്കാതെ ഇരിക്കാൻ ഒരു കാരണമുണ്ട്. രാഷ്ട്രപതി പുനപരിശോധന ആവശ്യപ്പെട്ട് തിരിച്ചയച്ച ബിൽ പാർലമെന്റ് വീണ്ടും പാസാക്കിയാൽ ആ ബില്ലിൽ രാഷ്ട്രപതി നിർബന്ധമായും ഒപ്പ് വെക്കണം എന്നാണ് നിയമം. ആ ബില്ലിൽ ഒരു നടപടിയും എടുക്കാതെ സിങ് അത് പോക്കറ്റ് വീറ്റോ ചെയ്തു.

ഇന്ത്യയിൽ പോക്കറ്റ് വീറ്റോ പ്രായോഗികപെട്ട ഏക അവസരവും ഇതാണ്. 1987 വരെ രാഷ്ട്രപതി പദവിയിലിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് 1984 ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ഓപറേഷൻ ബ്ലൂ സ്റ്റാർ എന്ന രാഷ്ട്രീയ നടപടിയും 1984 ലെ സിഖ് കലാപവും നടന്നത്. രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്.

പഞ്ചാബിലെ ഫരീദ് കോട്ടിലെ സന്താപനിൽ 1916 മെയ് അഞ്ചിനാണ് സെയിൽ സിങിന്റെ ജനനം. "ജനറൽ" എന്നർത്ഥം വരുന്ന ജർണൽ എന്നാണ് സെയിൽ സിങിനെ വിളിച്ചിരുന്നത്. കോൺഗ്രസിലൂടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മാറിയ അദ്ദേഹം ഫരീദ് കോട്ട് രാജാവിനെ ധിക്കരിച്ച് രാഷ്ട്രീയത്തിലിറങ്ങിയതിന്റെ പേരിൽ 22ാം വയസിൽ തടവറയിൽ അടയ്ക്കപ്പെട്ടു. അതോടെ ജയിൽ സിങ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇതാണ് പിന്നീട് പരിഷ്കരിച്ച് സെയിൽ സിങ് എന്നാക്കിയത്.

പഞ്ചാബിൽ മന്ത്രി, രാജ്യസഭാംഗം, പഞ്ചാബ് മുഖ്യമന്ത്രി, ലോക്സഭാംഗം, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയായ വ്യക്തി, ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി (പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986), അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതി എന്നിവയാണ് പ്രത്യേകതകൾ.

1982 സെപ്റ്റംബർ 12 ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കാതോലിക്കേറ്റ് പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ കിഴക്കേ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർഡർ ഓഫ് സെന്റ് തോമസ്  ( ഇന്ത്യൻ ഓർത്തഡോക്സ് സഭ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി ) സെയിൽ സിങിന് സമ്മാനിച്ചു. 1994 ൽ 78ാം വയസിൽ സെയിൽ സിങ് ചണ്ഡിഗഢിൽ കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. 1995 ൽ സിങിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ഒരു സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


ഗ്യാനി സെയിൽ സിങിന്റെ തപാൽ സ്റ്റാമ്പ്

തുടരും…..

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.