ചങ്ങനാശേരി: കേരളത്തിലെ ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന സില്‍വര്‍ ലൈന്‍ പോലെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കരുതെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കെതിരെ ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ സ്ഥിരം സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങിയിട്ട് ഇന്ന് 100 ദിവസം തികഞ്ഞു. നൂറാം ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം.
സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശ് ചെന്നിത്തല, ജോസി സെബാസ്റ്റ്യന്‍, വി ജെ ലാലി എന്നിവര്‍ സംസാരിച്ചു.
മുണ്ടുകുഴി ഈയ്യാലില്‍ തെക്കേതില്‍ റോസ്ലിന്‍ ഫിലിപ്പിന്റെ കുടുംബ വീടിനു സമീപത്ത് ഏപ്രില്‍ 20നാണ് സ്ഥിരം സമരപ്പന്തല്‍ കെട്ടിയത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നു പൂര്‍ണമായി പിന്മാറി എന്നു സര്‍ക്കാര്‍ പറയുന്നതു വരെ ഇവിടെ സമരം തുടരാനാണു തീരുമാനം. വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു ദിവസവും സമരപ്പന്തലില്‍ എത്തുന്നുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന, വനിത സംഘടനകള്‍, ജനപ്രതിനിധികള്‍, ചെങ്ങറ ഉള്‍പ്പെടെയുള്ള മറ്റു സമരങ്ങളുടെ നേതാക്കന്മാര്‍, മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ മാടപ്പള്ളി സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഓരോ ദിവസവും ഓരോ സംഘടന സമരപ്പന്തലില്‍ വന്നു സമരം ചെയ്യുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണം. ഓഗസ്റ്റ് 13 വരെയുള്ള സമരത്തിനെത്തുന്ന സംഘടനകളുടെ പട്ടിക തയാറായതായി സമരസമിതി ഭാരവാഹികള്‍ പറയുന്നു.
മാര്‍ച്ച് 17നു സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ എത്തിയപ്പോള്‍ നടന്ന ജനകീയ ചെറുത്തു നില്‍പ്പും അതിനെതിരായ പൊലീസ് നടപടിയുമാണു കോട്ടയം ജില്ലാ അതിര്‍ത്തിയായ മുണ്ടുകുഴിയെ സമരത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്. സമരസമിതി പ്രവര്‍ത്തക റോസ്ലിന്‍ ഫിലിപ്പിനെ പൊലീസ് വലിച്ചിഴച്ചപ്പോള്‍ കരഞ്ഞു കൊണ്ടു പിന്നാലെ ഓടിയ മകള്‍ സോമിയയും കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.