ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. സ്മൃതിയുടെ മകള്‍ക്ക് ഗോവയിലെ റെസ്റ്റോറന്റ് ബന്ധം ആരോപിച്ചിട്ട പോസ്റ്റുകളാണ് കോണ്‍ഗ്രസ് നേതാക്കളോട് ഡിലീറ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി.
യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി വിലയിരുത്തി. സ്മൃതി ഇറാനി സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി ഇനി ഓഗസ്റ്റ് 18 ന് പരിഗണിക്കും. ഈ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തണം.
വടക്കന്‍ ഗോവയിലെ ആസ്ഗാവില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയീഷ് ഇറാനിയുടെ പേരിലുള്ള റെസ്റ്റോറന്റിന്റെ ബാര്‍ ലൈസന്‍സ് കഴിഞ്ഞ മാസമാണ് പുതുക്കി നല്‍കിയത്. 2021 മെയ് മാസം മരിച്ചുപോയ ആന്റണി ഡിഗാമയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചാണ് ബാര്‍ലൈന്‍സിന് അപേക്ഷ നല്‍കിയതെന്ന ആരോപണവുമായി അഭിഭാഷകനായ ഐറസ് റോഡറിഗസ് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.