പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് കേസ്; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ കോടതി

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് കേസ്; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും ശിക്ഷ വിധിച്ച്‌  കോടതി

തിരുവനന്തപുരം : പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയുമാണ് വിജിലന്‍സ് കോടതി വിധിച്ചത്.

മുന്‍ എസ്.സി ഡയറക്ടര്‍ എ.ജെ രാജന്‍ എസ്.സി. വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി സുരേന്ദ്രന്‍, വര്‍ക്കലയിലുള്ള കംപ്യൂട്ടർ സ്ഥാപന ഉടമ സുകുമാരന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

തിരുവനന്തപുരത്ത് പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി പട്ടികജാതി വികസന ഡയറക്ടറേറ്റ് മുഖാന്തിരം ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതിയില്‍ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് പി. ഗോപകുമാര്‍ കണ്ടെത്തി.

2002-2003 കാലയളവില്‍ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടർ പഠനത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. തൊഴില്‍ പരിശീലനം നല്‍കാന്‍ രജിസ്ട്രേഷനില്ലാത്ത വര്‍ക്കലയിലുള്ള കംപ്യൂട്ടർ സ്ഥാപനത്തിന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള തുക നല്‍കി. ഈ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സര്‍ക്കാര്‍ പണം വകമാറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് വര്‍ക്കലയിലുള്ള പൂര്‍ണ സ്കൂള്‍ ഓഫ് ഐ.ടി എന്ന സ്ഥാപനത്തെ തെറ്റായി കംപ്യൂട്ടർ പരിശീലനതിനുള്ള സ്ഥാപനമായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.