കെന്റക്കിയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു; മരണം 37; കാണാമറയത്ത് നൂറിലേറെ പേര്‍

കെന്റക്കിയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു; മരണം 37; കാണാമറയത്ത് നൂറിലേറെ പേര്‍

വെള്ളപ്പൊക്കത്തില്‍ നശിച്ച സാധനങ്ങള്‍ വീടിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്നും ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.

കിഴക്കന്‍ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമുണ്ടായത്. കഴിഞ്ഞയാഴ്ച്ച മുതല്‍ തിമിര്‍ത്തു പെയ്യുന്ന മഴയെതുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതു
രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ഇപ്പോഴും എത്തിപ്പെടാനാവാത്ത മേഖലകളുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വീടുകള്‍ കയറി പരിശോധിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

വലിയ ദുരിതത്തിലൂടെയാണ് കിഴക്കന്‍ കെന്റക്കിയിലെ വിവിധ പ്രദേശങ്ങള്‍ കടന്നുപോകുന്നത്. 12,000ലധികം വീടുകളില്‍ വൈദ്യുതിയില്ല. മുന്നൂറോളം പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.


കനത്ത മഴയെത്തുടര്‍ന്ന് ജാക്സണ്‍ നഗരത്തിന് സമീപം സ്‌കൂള്‍ ബസ് തോട്ടിലേക്കു വീണ നിലയില്‍

കിഴക്കന്‍ കെന്റക്കിയുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 48 മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. വെള്ളപ്പൊക്കമുണ്ടായ എല്ലാ കൗണ്ടികളിലും ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

മരിച്ചവരില്‍ നാലു കുട്ടികള്‍ സഹോദരങ്ങളാണെന്നതാണ് പ്രളയക്കെടുതികളിലെ ഏറ്റവും ഹൃദയഭേദമായ സംഭവം. ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ഈ ആഴ്ച അവസാനം നിശ്ചയിച്ചിരുന്ന തന്റെ ഇസ്രയേല്‍ യാത്ര റദ്ദാക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

അതിനിടെ മഴക്കെടുതി നേരിടുന്ന ബ്രെത്തിറ്റ് കൗണ്ടിയിലും നോട്ട് കൗണ്ടിയിലെ സമീപ നഗരമായ ഹിന്‍ഡ്മാനിലും വീടുകളില്‍ കവര്‍ച്ചാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രളയത്തെ വന്‍ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കാന്‍ ഉത്തരവിട്ടിരുന്നു.

വെള്ളപ്പൊക്കം വെസ്റ്റ് വിര്‍ജീനിയയെയും ബാധിച്ചതിനെതുടര്‍ന്ന് അവിടത്തെ ഗവര്‍ണര്‍ ജിം ജസ്റ്റിസ് ആറ് തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.