'ഇ.ഡി രാജ് അവസാനിപ്പിക്കുക': വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡുമായി വിണ്ടും കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തില്‍

'ഇ.ഡി രാജ് അവസാനിപ്പിക്കുക': വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡുമായി വിണ്ടും കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തില്‍

ന്യൂഡല്‍ഹി: സഭയില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരരുതെന്ന ലോക്‌സഭാ സ്പീക്കറുടെ കര്‍ശന നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടുത്തളത്തില്‍ വീണ്ടും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം.

കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ ഇ.ഡി നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി അവഗണിച്ച് സ്പീക്കര്‍ നടപടികള്‍ തുടര്‍ന്നപ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡ് പുറത്തെടുത്തത്. അതു കണ്ടതും സ്പീക്കര്‍ സഭ രണ്ട് മണി വരെ നിര്‍ത്തി വച്ചു.

ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. അത് അനുവദിക്കാതെ ആദ്യ ചോദ്യം ചോദിക്കാന്‍ എന്‍.കെ. പ്രേമചന്ദ്രനെ സ്പീക്കര്‍ വിളിച്ചു.

പ്രതിപക്ഷത്തെ മുഖ്യകക്ഷി നേതാവിന് സംസാരിക്കാനുള്ളത് കേട്ടതിനു ശേഷം ചോദ്യം ചോദിക്കാമെന്നു പറഞ്ഞ പ്രേമചന്ദ്രന്‍ തനിക്ക് രണ്ട് പ്രധാന വിഷയങ്ങളെക്കുറിച്ച് മന്ത്രി ഗഡ്കരിയോടു ചോദിക്കാനുണ്ടെന്നും സഭ ശാന്തമാകാതെ പറ്റില്ലെന്നും പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ ബിജെപി അംഗം നിഷികാന്ത് ദുബെയെ വിളിക്കുകയായിരുന്നു.

അഞ്ച് ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും നടുത്തളത്തില്‍ യുപിഎ, ഇടത് അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അംഗങ്ങള്‍ സീറ്റിലേക്കു മടങ്ങണമെന്നും അങ്ങനെ ചെയ്താല്‍ 12 മണിക്ക് പ്രസ്താവനയ്ക്ക് അവസരം തരാമെന്നും സ്പീക്കര്‍ പറഞ്ഞു.

ഇ.ഡി രാജ് അവസാനിപ്പിക്കുക, മോഡി-ഇ.ഡി കൂട്ടുകെട്ട് നിര്‍ത്തുക, ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നടുത്തളത്തിലിറങ്ങിയിരുന്നു. അര മണിക്കൂറോളം മുദ്രാവാക്യം വിളി തുടര്‍ന്നിട്ടും സ്പീക്കര്‍ പരിഗണിക്കാതിരുന്നപ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളായ മണിക്കം ടഗോറും ജോതി മണിയും പ്ലക്കാര്‍ഡുകള്‍ കൊണ്ടു വന്നത്.

മണിക്കം ടഗോര്‍, ജോതി മണി, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി അച്ചടക്കം ലംഘിച്ചുവെന്നതിന് രണ്ടാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് പ്ലക്കാര്‍ഡുകളുയര്‍ത്തി സ്പീക്കറെ മറയ്ക്കരുതെന്ന് ഉറപ്പു നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.

അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നും ചെയര്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്ര സര്‍ക്കാരും ഇക്കാര്യം ആവശ്യപ്പെട്ടു. സ്പീക്കറുടെ നിര്‍ദേശം അംഗങ്ങളെ അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നെങ്കിലും പ്ലക്കാര്‍ഡ് ഉയര്‍ത്തില്ലെന്ന് ഉറപ്പു നല്‍കിയിരുന്നില്ല. ഇക്കാര്യം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.