അമ്മയുടെ ഓര്‍മ്മയില്‍ വികാരാധീനനായി വെങ്കയ്യ നായിഡു; ആത്മകഥ എഴുതണമെന്ന് തിരുച്ചി ശിവ

അമ്മയുടെ ഓര്‍മ്മയില്‍ വികാരാധീനനായി വെങ്കയ്യ നായിഡു; ആത്മകഥ എഴുതണമെന്ന് തിരുച്ചി ശിവ

ന്യൂഡല്‍ഹി: അമ്മയുടെ ഓര്‍മ്മയില്‍ സഭയില്‍ വിതുമ്പി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ അനുസ്മരിക്കുന്ന വേളയിലായിരുന്നു അദ്ദേഹം വികാരാധീനനായത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഡെരക് ഒബ്രെയ്ന്‍ ആണ് വെങ്കയ്യ നായിഡുവിന്റെ അമ്മയുടെ മരണം പ്രസംഗത്തിനിടെ സൂചിപ്പിച്ചത്. അവിഭക്ത ആന്ധ്രയിലെ കര്‍ഷക കുടുംബത്തില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് വെങ്കയ്യ നായിഡുവെന്ന് സൂചിപ്പിച്ചാണ് ഡെരക് ഒബ്രെയിന്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

വെങ്കയ്യ നായിഡു ജനിച്ച് ഒരു വയസായപ്പോഴാണ് അമ്മ മരിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന കാളയുടെ ആക്രമണത്തില്‍ അമ്മയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വയറ്റില്‍ കുത്തേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കാള ആക്രമിക്കുമ്പോള്‍ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു വയസുളള കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ജീവിതത്തിന്റെ തുടക്കത്തില്‍ നേരിട്ട ആ വലിയ നഷ്ടത്തിലും തളരാതെ താങ്കള്‍ എല്ലാം നേടി. വിക്കിപിഡീയയില്‍ മാത്രമല്ല താങ്കളുടെ കരിയര്‍ മുഴുവന്‍ അത്തരം നേട്ടങ്ങളാണെന്നും ഡെരക് ഒബ്രെയിന്‍ പറഞ്ഞു.

നാല് തവണ രാജ്യസഭാംഗമായ ശേഷം സഭയുടെ അധ്യക്ഷനായ ഏക വ്യക്തിയാണ് താങ്കള്‍. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളും താങ്കള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. സഭാ അധ്യക്ഷനായിരിക്കെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് സര്‍ക്കാരിനോടും ഭരണപക്ഷത്തോടും എപ്പോഴും പറയുന്ന നേതാവ് കൂടിയായിരുന്നു വെങ്കയ്യ നായിഡുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രിയായിരുന്നു ആദ്യം വെങ്കയ്യ നായിഡുവിന്റെ സംഭാവനകളെക്കുറിച്ച് സഭയില്‍ സംസാരിച്ചത്. പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സംസാരിച്ചു. തുടര്‍ന്നാണ് വിവിധ കക്ഷി നേതാക്കള്‍ സംസാരിച്ചത്.

വെങ്കയ്യ നായിഡു ആത്മകഥ എഴുതണമെന്നായിരുന്നു ഡിഎംകെ എംപി തിരുച്ചി ശിവയുടെ അഭ്യര്‍ത്ഥന. അംഗങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച അധ്യക്ഷനായിരുന്നു താങ്കള്‍. അവരുടെ ചെറിയ പ്രശ്നങ്ങള്‍ പോലും കേള്‍ക്കാന്‍ താങ്കള്‍ മനസ് കാണിച്ചിരുന്നുവെന്നും തിരുച്ചി ശിവ പറഞ്ഞു. ഈ സഭയ്ക്ക് താങ്കള്‍ നല്‍കിയ സംഭാവന ഒരിക്കലും മറക്കില്ല.

മൂന്ന് വര്‍ഷമായി മാത്രമേ എനിക്ക് താങ്കളെ അറിയൂ. പക്ഷെ ഒരു ജീവിതകാലം മുഴുവന്‍ നീളുന്ന പരിചയമായിട്ടാണ് തോന്നുന്നത് എന്നായിരുന്നു ബിജെഡി എംപി സസ്മിത് പത്രയുടെ പ്രതികരണം. ഒരു പക്ഷെ താങ്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വഴക്ക് കേട്ടിട്ടുളള അംഗം ഞാന്‍ ആയിരിക്കും. പക്ഷെ ഏറ്റവും കൂടുതല്‍ സ്നേഹവും താങ്കള്‍ എനിക്ക് നല്‍കിയിരുന്നുവെന്നായിരുന്നു എ.എ.പി അംഗം സഞ്ജയ് സിങിന്റെ വാക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.